തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ശമ്പള വിതരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെയും സിഎംഡി ബിജു പ്രഭാകറിന്‍റെയും പരസ്യ വിമർശനത്തിൽ ധനവകുപ്പിന് കടുത്ത അതൃപ്‌തി. ഉയർന്നത് അനാവശ്യ വിമർശനമാണെന്നാണ് ധനവകുപ്പിന്‍റെ നിലപാട്. ധനവകുപ്പ് പണം അനുവദിക്കാത്തതാണ് ശമ്പളം വൈകാൻ കാരണമെന്ന് മന്ത്രി ആന്‍റണി രാജുവും ബിജു പ്രഭാകറും ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു. ഇതാണ് ധനവകുപ്പിനെ ചൊടിപ്പിച്ചത്.
ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശ പ്രകാരം കെഎസ്ആർടിസിക്ക് 50 കോടി രൂപ ധനസഹായം നൽകുന്നത്. എന്നാൽ, ധനവകുപ്പ് എല്ലാ മാസവും വൈകിയാണ് സഹായധനമായ 50 കോടി അനുവദിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി 30 കോടി രൂപ മാത്രമാണ് അനുവദിക്കുന്നത്.
ജൂൺ മാസത്തെ ശമ്പള വിതരണത്തിനും 30 കോടിയാണ് ധനവകുപ്പ് നൽകിയത്. 80 കോടി രൂപ ധനവകുപ്പ് ഇനി നൽകാനുമുണ്ട്. ഈ സാഹചര്യത്തിലാണ് ഗതാഗത മന്ത്രിയും സിഎംഡിയും ധനവകുപ്പിനെതിരെ പരസ്യവിമർശനം ഉന്നയിച്ചത്. ജൂൺ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു ജൂലൈ 14ന് രാത്രിയാണ് നൽകിയത്.
അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകാമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടതിനെ തുടർന്ന് തൊഴിലാളി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ടിഡിഎഫിന്‍റെ നേതൃത്വത്തിൽ ബിജു പ്രഭാകറിന്‍റെ തിരുമലയിലുള്ള വസതിയിലേക്ക് മാർച്ച് നടത്തുകയും ചെയ്‌തിരുന്നു. ബിഎംഎസ് ചീഫ് ഓഫിസിലെ ബിജു പ്രഭാകറിന്‍റെ ഓഫിസ് ഉപരോധിക്കുകയും ചെയ്‌തു.