തിരുവനന്തപുരം : രാജി അഭ്യൂഹങ്ങൾ തള്ളി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് (Ranjith denies rumors of resignation). ഇപ്പോൾ അത്തരം കാര്യങ്ങൾ പരിഗണനയിലില്ലെന്നും അക്കാദമിയെ കുറിച്ച് പ്രചരിക്കുന്നത് തെറ്റിദ്ധാരണകളെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. ചലച്ചിത്ര അക്കാദമി എക്‌സിക്യുട്ടീവ് കൗൺസിൽ (Film Academy Executive Council) വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി കുക്കു പരമേശ്വരനെ (Kukku Parameshwaran) കൗൺസിലിലേക്ക് പരിഗണിക്കും.
നിലവിലെ ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡ അടുത്ത വർഷവും തുടരും. ഈ പ്രൊപ്പോസലുകൾ സർക്കാരിന് മുൻപിൽ സമർപ്പിക്കുമെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. രഞ്ജിത്ത് തന്നെ അപമാനിച്ചുവെന്ന് ആരോപണം ഉയർത്തിയ കുക്കു പരമേശ്വരനെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് എക്‌സിക്യുട്ടീവ് കൗൺസിലിലേക്ക് പരിഗണിക്കുന്നത്.
അക്കാദമിയിലെ 9 അംഗങ്ങൾ കഴിഞ്ഞദിവസം രഞ്ജിത്തിന്‍റെ ഓഫീസിന് സമീപം സമാന്തര യോഗം ചേരുകയും ചെയർമാൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇതിന് തൊട്ടുപിന്നാലെ രഞ്ജിത്ത് രാജി സന്നദ്ധത അറിയിക്കുകയും ചെയ്‌തിരുന്നു.
എന്നാൽ സർക്കാർ തലത്തില്‍ ഇടപെടലുകളുണ്ടായി. മേള അവസാനിക്കും മുൻപ് അക്കാദമിയിലെ അംഗങ്ങൾക്കിടയിലെ തമ്മിലടി നാണക്കേട് ആവുമെന്ന് തിരിച്ചറിഞ്ഞ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇടപെടുകയായിരുന്നു. ഫെസ്റ്റിവൽ ഓഫീസിൽ സാധാരണ നടക്കുന്ന യോഗമാണ് നടന്നതെന്നും സമാന്തര യോഗം നടന്നുവെന്നത് തെറ്റായ വാർത്തയാണെന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് വ്യക്തമാക്കി.