ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു - ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം
സെക്രട്ടേറിയറ്റിലെ 37 വകുപ്പുകളിൽ 1,21,665 ഫയലുകളും 52 വകുപ്പ് മേധാവികളുടെ ഓഫീസിൽ 3,15,008 ഫയലുകളും തീർപ്പാക്കാനുണ്ട്. ചില വകുപ്പുകളുടെ കണക്കുകൾ കൂടി ലഭിക്കേണ്ടതുണ്ട്.

തിരുവനന്തപുരം: ആഗസ്റ്റ് ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്‍റെ ഭാഗമായി ഐഎഎസ് ഉദ്യോഗസ്ഥരുടെയും സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കി പരിഹാരം കാണാന്‍ ഈ കാലയളവ് വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഒന്നോ അതില്‍ കൂടുതലോ അവധി ദിവസങ്ങള്‍ ഫയല്‍ തീര്‍പ്പാക്കുന്നതിനായി മാത്രം മാറ്റിവച്ച് ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാനാവുമോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതു നയപരമായ തീരുമാനവും ജനങ്ങൾക്ക് എന്തുനേട്ടമുണ്ടാക്കും എന്ന് കണക്കിലെടുത്താകണം ഫയലുകള്‍ കൈകാര്യം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഓരോ വകുപ്പും ഏറ്റെടുത്ത പദ്ധതികള്‍, നടപ്പിലാക്കുന്ന ക്ഷേമപദ്ധതികള്‍ എന്നിവ അവലോകനം ചെയ്യുന്നതിന് സെക്രട്ടേറിയറ്റില്‍ വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനമുണ്ടാകണം. ജീവനക്കാര്‍ക്ക് അവകാശപ്പെട്ട പ്രമോഷനുകള്‍ കൃത്യസമയത്ത് നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കണം. ഡെപ്യുട്ടേഷന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനാണെന്ന ധാരണയോടെ ഇടപെടലുണ്ടാവണം. വകുപ്പിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനും മടിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫലപ്രദമായ ഇടപെടല്‍ നടത്തി വകുപ്പുകളെ ക്രിയാത്മകമായി ചലിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്‍റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പ് നല്‍കി. ചീഫ് സെക്രട്ടറി ടോം ജോസ്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.