തിരുവനന്തപുരം: വൈദ്യുതി ചെലവും ഉപഭോഗവും കുറയ്ക്കാൻ ലക്ഷ്യമിട്ട് ഫിലമെന്‍റ് രഹിത പദ്ധതിയുമായി കേരളം. വീടുകളിലെ ഫിലമെന്‍റ് ബൾബുകൾ മാറ്റി എൽഇഡി ബൾബുകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. പദ്ധതി വഴി വൈദ്യുതി ഉപഭോഗവും ചെലവും ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി പൂർണമായാൽ 100 മുതൽ 150 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കാൻ കഴിയും. ഇതിലൂടെ കെഎസ്ഇബിയുടെ വൈദ്യുതി വാങ്ങൽ ചെലവ് കുറയുമെന്നാണ് വിലയിരുത്തൽ.
'ഫിലമെന്‍റ് രഹിത കേരളം' പദ്ധതിക്ക് തുടക്കം - trivandrum
ഫിലമെന്‍റ് ബൾബുകള്‍ക്ക് പകരം എൽഇഡി ബൾബുകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു.
3 വർഷം ഗ്യാരണ്ടിയുള്ള എൽഇഡി ബൾബുകളാണ് നൽകുന്നത്. 100 രൂപയിലധികം വിലയുള്ള ബൾബുകൾ 65 രൂപയ്ക്കാണ് നൽകുക. ഈ കാലയളവിനിടയിൽ കേടായാൽ മാറ്റി നൽകും. ബൾബിന്റെ വില വൈദ്യുതിബില്ലിനൊപ്പം ഒന്നിച്ചോ തവണകളായോ അടക്കാവുന്നതാണ്. കെഎസ്ഇബി പോർട്ടലിൽ രജിസ്റ്റർ ചെയ്‌തവർക്കാണ് ബൾബ് നൽകുന്നത്. നിലവിൽ 17 ലക്ഷം പേർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇവർക്ക് നൽകാൻ ഒരു കോടി ബൾബുകൾ ഈ ഘട്ടത്തിൽ വേണം.
രജിസ്റ്റർ ചെയ്യാത്തവർക്ക് രജിസ്റ്റർ ചെയ്യാൻ അവസരം നൽകും. പരമാവധി പേർ പദ്ധതി പ്രയോജനപ്പെടുത്തണമെന്നും ആഗോളതാപനം തടയാൻ കേരളം മുന്നോട്ടുവയ്ക്കുന്ന ബദൽ നടപടിയാണ് ഫിലമെൻറ് രഹിത കേരളം പദ്ധതി എന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സൗഹൃദ പദ്ധതി എന്ന നിലയിലാണ് കെഎസ്ഇബിയും എനർജി മാനേജ്മെൻറ് സെന്‍ററും ചേർന്ന് പദ്ധതി നടപ്പാക്കുന്നത്. കെഎസ്ഇബി തിരിച്ചെടുക്കുന്ന ഫിലമെൻറ് ബൾബുകൾ ക്ലീൻ കേരള കമ്പനിക്ക് നൽകും. ഇവ ശാസ്‌ത്രീയമായി സംസ്കരിക്കും.