തിരുവനന്തപുരം: ഫിജിയിലെ നാദി എയർപോർട്ടിൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ച നാല് മലയാളികൾ ഇന്ന് തിരികെയെത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം നോർക്ക റൂട്ട്സിന്‍റെ ഇടപെടലിനെ തുടർന്നാണ് ഇവരെ തിരികെ എത്തിക്കുന്നത്. രാത്രി പത്ത് മണിക്ക് എത്തുന്ന സിംഗപ്പൂർ എയർലൈന്‍സില്‍ ഇവര്‍ കൊച്ചിയില്‍ എത്തുമെന്ന് നോര്‍ക്ക റൂട്ട്സ് അധികൃതര്‍ അറിയിച്ചു.
ഫിജിയിലെ നാദി എയർപോർട്ടിൽ കുടുങ്ങിയ മലയാളികൾ ഇന്ന് തിരികെയെത്തും - നോർക്ക റൂട്ട്സ്
ഇരുപത്തിയൊമ്പതിന് രാത്രി നാദി എയർപോർട്ടിൽ ഇറങ്ങിയ നാല് മലയാളികളെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവയ്ക്കുകയായിരുന്നു.
ജൂൺ ഇരുപത്തിയേഴിനാണ് തൃശൂര്‍, നിലമ്പൂർ സ്വദേശികളായ മാക്സ്, സുജീഷ്, അജ്മൽ, സാം എന്നിവർ കൊച്ചിയിൽ നിന്നും ഫിജിയിലേക്ക് വിനോദയാത്ര പോയത്. ഇരുപത്തിയൊമ്പതിന് രാത്രി നാദി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഇവരെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവയ്ക്കുകയായിരുന്നു. മൊബൈൽ ഫോൺ, പേഴ്സ് എന്നിവയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. എംബസിയുമായോ വീടുമായോ ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ല. ഇവരെക്കുറിച്ച് വിവരം ലഭിക്കാതായതോടെ സുഹൃത്തായ ആസിഫ് ആണ് നോർക്കയെ സമീപിച്ചത്. എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ബുദ്ധിമുട്ടുകൾ നേരിട്ടതിന് പുറമേ കയ്യിലുണ്ടായിരുന്ന പണം നഷ്ടമായെന്നും ആസിഫ് പറഞ്ഞു.