കേരളം

kerala

By

Published : Jun 20, 2023, 12:16 PM IST

Updated : Jun 20, 2023, 2:23 PM IST

ETV Bharat / state

Fever| പകര്‍ച്ചപ്പനിയില്‍ പകച്ച് കേരളം ; ഇന്നലെ ചികിത്സ തേടിയത് 13,000ത്തിലധികം പേര്‍...

സംസ്ഥാനത്ത് പകര്‍ച്ച പനിക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ വ്യാപനവും വര്‍ധിച്ചിട്ടുണ്ട്.

കേരളത്തിൽ പനി  കേരളത്തില്‍ പകര്‍ച്ച പനി  പകര്‍ച്ചപ്പനിയില്‍ പകച്ച് കേരളം  fever spreading across kerala  fever in kerala  fever daily infected people crossed 13000  ഡെങ്കിപ്പനി  എലിപ്പനി  Rat fever  Dengue fever
പകര്‍ച്ചപ്പനിയില്‍ പകച്ച് കേരളം

പകര്‍ച്ചപ്പനിയില്‍ പകച്ച് കേരളം

തിരുവനന്തപുരം : കേരളത്തില്‍ പകര്‍ച്ച പനി വ്യാപനം ദിനം പ്രതി വര്‍ധിക്കുന്നതായി കണക്കുകൾ. പ്രതിദിനം പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. കഴിഞ്ഞ 10 ദിവസമായി പതിനായിരത്തിലധികം പേര്‍ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടുന്നുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കൂടി പരിശോധിച്ചാൽ കണക്കുകള്‍ ഇതിലും ഇരട്ടിയാകും.

ഇന്നലെ (19.06.23) 13,000ത്തോളം പേരാണ് പനിക്ക് ചികിത്സ തേടിയെത്തിയത്. 12,984 പേര്‍ വിവിധ ഒപികളില്‍ ചികിത്സ തേടിയപ്പോള്‍ 180 പേര്‍ ആശുപത്രികളില്‍ അഡ്‌മിറ്റ് ചെയ്യപ്പെട്ടു. ജൂണ്‍ മാസം ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ പകര്‍ച്ചപ്പനിയുടെ വ്യാപനവും വര്‍ധിച്ചിരുന്നു. ജൂണ്‍ മാസത്തില്‍ ഇന്നലെ (19.06.23) വരെയുള്ള കണക്ക് പരിശോധിച്ചാല്‍ 1,61,346 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്.

ഡെങ്കിപ്പനിയും എലിപ്പനിയും വര്‍ധിക്കുന്നു : സംസ്ഥാനത്ത് പകര്‍ച്ച പനിക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ വ്യാപനവും വര്‍ധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 110 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 218 പേര്‍ ഡെങ്കിപ്പനി സംശയിച്ച് ചികിത്സ തേടി. ഇതില്‍ ഭൂരിഭാഗവും എറണാകുളം ജില്ലയിലാണ്. ഇവിടെ 43 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചപ്പോള്‍ 55 പേര്‍ ഡെങ്കി സംശയിച്ച് ചികിത്സയും തേടി.

ജൂണ്‍ മാസത്തില്‍ ഇതുവരെ 1011 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. എലിപ്പനി ബാധിതരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഇന്നലെ മാത്രം എട്ട് പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 14 പേര്‍ എലിപ്പനി സംശയിച്ച് ചികിത്സയിലുമുണ്ട്. ജൂണ്‍ മാസത്തില്‍ ഇതുവരെ 76 പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. 116 പേര്‍ രോഗം സംശയിച്ച് ചികിത്സയിലുമുണ്ട്.

എലിപ്പനി കൂടുതല്‍ അപകടകാരിയായതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കാല പൂര്‍വ്വ ശുചീകരണത്തിലെ വീഴ്‌ചയും കൊച്ചിയിലടക്കം മാലിന്യ നീക്കത്തിലെ അപാകതകളുമാണ് പകര്‍ച്ച പനിയടക്കം വ്യാപിക്കുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍.

ഡെങ്കി വാര്‍ഡുകള്‍ സജ്ജം : സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം വര്‍ധിച്ചതോടെ ആശുപത്രികളില്‍ ഡെങ്കിപ്പനി ബാധിതരെ ചികിത്സിക്കാന്‍ പ്രത്യേക വാര്‍ഡുകള്‍ തുടങ്ങി. കൊതുക് പരത്തുന്ന രോഗമായതിനാല്‍ അധിക പകര്‍ച്ച ഒഴിവാക്കാനാണിത്. ആശുപത്രികളില്‍ പ്രത്യേക പനി വാര്‍ഡുകളും ആരംഭിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളജുകളില്‍ ആവശ്യകത മുന്നില്‍ കണ്ട് പ്രത്യേക വാര്‍ഡും ഐസിയുവും സജ്ജമാക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ മതിയായ ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഉറപ്പാക്കണം. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും മരുന്നിന്‍റെയും സുരക്ഷ ഉപകരണങ്ങളുടെയും ടെസ്റ്റ് കിറ്റുകളുടെയും ലഭ്യത ഉറപ്പാക്കണം.

ഡോക്‌സിസൈക്ലിന്‍, ഒആര്‍എസ് എന്നിവ അധികമായി കരുതണം. മരുന്ന് സ്റ്റോക്ക് ഇടയ്ക്കിടയ്ക്ക് വിലയിരുത്തി മുന്‍കൂട്ടി ബന്ധപ്പെട്ടവരെ അറിയിച്ച് മരുന്ന് ലഭ്യത ഉറപ്പാക്കണമെന്നും ഡിഎംഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീട്ടിനകത്തെ ചെടിച്ചട്ടികള്‍, മണിപ്ലാന്‍റ്, ഫ്രിഡ്‌ജിന്‍റെ ട്രേ എന്നിവ കൊതുകുകള്‍ വളരുവാന്‍ കാരണമാകുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.

അതിനാല്‍ ഓരോ വീട്ടുകാരും ശ്രദ്ധിക്കണം. കൊതുക് വളരുന്ന സാഹചര്യമുണ്ടാക്കുന്ന ഒരു തുള്ളി വെള്ളം പോലും വീട്ടിനകത്തും പുറത്തും കെട്ടി നിര്‍ത്താന്‍ അനുവദിക്കരുത്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഉറവിട നശീകരണമുള്‍പ്പെടെയുള്ള ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്‌ത് നടപ്പിലാക്കണം.

രോഗം പൊട്ടിപ്പുറപ്പെടുന്ന സ്ഥലങ്ങളില്‍ എത്രയും വേഗം ഉറവിട നശീകരണം ഉറപ്പാക്കണം. ജല ദൗര്‍ലഭ്യമുള്ള സ്ഥലങ്ങളില്‍ പാത്രങ്ങളില്‍ സൂക്ഷിക്കുന്ന വെള്ളം മൂടിവയ്ക്കണം. ചില ആക്രിക്കടകളും നിര്‍മാണ സ്ഥലങ്ങളും കൊതുകിന്‍റെ ഉറവിടമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ആക്രി സാധനങ്ങള്‍ നനയാതെ സൂക്ഷിക്കണം.

നിര്‍മാണ സ്ഥലങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യമുണ്ടാകരുത്. ഇവയുടെ ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഇത് നിരീക്ഷിച്ച് നടപടി സ്വീകരിക്കണം. ചെളിയിലോ വെള്ളത്തിലോ ഇറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നും നിര്‍ദേശമുണ്ട്.

ഏകോപനത്തിന് മോണിറ്ററിങ് സെൽ :സംസ്ഥാനത്തെ പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ആരോഗ്യ വകുപ്പിന്‍റെ മോണിറ്ററിങ് സെൽ പ്രവർത്തനം ആരംഭിക്കുന്നു. ഡിഎച്ച്എസിൻ്റെ മേൽ നോട്ടത്തിലാകും സെൽ പ്രവർത്തിക്കുക.

സമഗ്രമായി പനി സാഹചര്യം വിലയിരുത്താനാണ് ശ്രമമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ഡോക്‌ടർമാർ അടക്കം എല്ലാ ജീവനക്കാർക്കും പ്രത്യേകം പരിശീലനം നൽകും. എല്ലാവർക്കും ചികിത്സ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എലിപ്പനി പരിശോധനയ്ക്ക് ആർടിപിസിആർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഒരു മണിക്കൂർ കൊണ്ട് തന്നെ ഫലം ലഭിക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ രീതിയിൽ പനി വ്യാപനവും മരണവും ഉണ്ടായെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ പറയാൻ കഴിയില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പനിമൂലം ഉണ്ടായ മരണങ്ങൾ ഓരോ കേസുകളും വിശദമായി പരിശോധിക്കുന്നുണ്ട്. ചികിത്സയ്ക്കായി പ്രത്യേക പ്രോട്ടോക്കോൾ പുറത്തിറക്കിയതായും ആരോഗ്യ മന്ത്രി അറിയിച്ചു.

Last Updated : Jun 20, 2023, 2:23 PM IST

ABOUT THE AUTHOR

...view details