തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് വീണ്ടും ഒരു മരണം കൂടി. തിരുവനന്തപുരം കല്ലറ സ്വദേശിയായ ആര്‍.ബി വില്ലയില്‍ കിരണ്‍ ബാബുവാണ് (26) മരിച്ചത്. പനി ബാധിച്ച് ഒരാഴ്‌ചയായി കിരണ്‍ ചികിത്സയിലായിരുന്നു. എന്നാല്‍ പനി മൂര്‍ച്ഛിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി ചികിത്സയില്‍ തുടരുന്നതിനിടെ ഇന്നലെ (ജൂണ്‍ 30) രാത്രിയോടെയായിരുന്നു മരണം.
സംസ്ഥാനത്ത് 36 പേരാണ് ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 71 പനി മരണങ്ങളാണ് സര്‍ക്കാറിന്‍റെ ഔദ്യോഗിക രേഖയിലുള്ളത്. എന്നാല്‍ ഈ കണക്ക് ശരിയല്ലെന്ന് വിമര്‍ശനമുയര്‍ന്നതിനെ ആരോഗ്യ മന്ത്രി തള്ളുകയും ചെയ്‌തു. ഔദ്യോഗികമായി പനി കണക്കുകള്‍ പുറത്ത് വിടുന്നത് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം മാത്രമാണ്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ വിവരം സര്‍ക്കാറിന്‍റെ പക്കലില്ലെന്നും വിമര്‍ശനം.
ജൂണ്‍ മാസത്തില്‍ ചികിത്സ തേടിയവര്‍ 3 ലക്ഷത്തിന് അടുത്ത്:സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്താണ്. 2,93,424 പേരാണ് കഴിഞ്ഞ 30 ദിവസത്തിനിടെ ചികിത്സ തേടിയത്. കഴിഞ്ഞ 15 ദിവസത്തിലധികമായി പതിനായിരത്തിന് മുകളിലാണ് പനി ബാധിതരുടെ എണ്ണം.
അവധി ദിവസമായ ഞായറാഴ്‌ച മാത്രമാണ് ആശുപത്രികളിലെ ഒപിയില്‍ എത്തുന്നവരുടെ എണ്ണം കുറയുന്നത്. ഇന്നലെ 1965 പേരാണ് പനിക്ക് ചികിത്സ തേടിയത്. മഴക്കാല പൂര്‍വ്വ ശുചീകരണത്തിലടക്കമുള്ള പോരായ്‌മയാണ് പനി വ്യാപനം രൂക്ഷമാകാന്‍ കാരണമെന്ന് വിമര്‍ശനമുണ്ട്.
ജൂലൈ മാസത്തില്‍ പനി ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി എന്നിവയും വര്‍ധിക്കുകയാണ്. 96 ഡെങ്കിപ്പനി കേസുകളും 6 എലിപ്പനി കേസുകളുമാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ മാത്രം 1876 ഡെങ്കിപ്പനി കേസുകളും 166 എലിപ്പനി കേസുകളുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇന്ന് സര്‍ക്കാറിന്‍റെ ഔദ്യോഗിക രേഖകളില്‍ ഒരു പനി മരണം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.