തിരുവനന്തപുരം :സംസ്ഥാനത്ത് പകര്‍ച്ച പനി വ്യാപനത്തില്‍ കുറവില്ല. ഇന്ന് സംസ്ഥാനത്ത് 12,965 പേരാണ് പനിക്ക് ചികിത്സ തേടിയത്. വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കാണിത്. ജൂണ്‍ മുതല്‍ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. മഴക്കാല പൂര്‍വ ശുചീകരണം അടക്കം പാളിയതാണ് പനി വ്യാപനം രൂക്ഷമാകാന്‍ കാരണമെന്ന് വിമര്‍ശനമുണ്ട്.
208 പേരാണ് ഇന്ന് സംസ്ഥാനത്ത് ആശുപത്രികളില്‍ കിടത്തി ചികിത്സയ്‌ക്കായി പ്രവേശിപ്പിക്കപ്പെട്ടത്. ഡെങ്കി, എലിപ്പനി കേസുകളും വര്‍ധിക്കുകയാണ്. 96 ഡെങ്കി കേസുകളും ആറ് എലിപ്പനി കേസുകളും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ 2,93,424 പേര്‍ക്കാണ് പനി ബാധിച്ചത്.
പനി ബാധിതർ കൂടുതല്‍ മലപ്പുറത്തും കുറവ് പത്തനംതിട്ടയിലും :ഇന്നത്തെ കണക്കുകളില്‍ പനി ബാധിതരുടെ എണ്ണം കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. 2089 പേരാണ് മലപ്പുറത്ത് പനി ബാധിച്ച് ചികിത്സ തേടിയത്. 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. തിരുവനന്തപുരം (1234), കൊല്ലം (918), പത്തനംതിട്ട (400), ഇടുക്കി (501), കോട്ടയം (639), ആലപ്പുഴ (774), എറണാകുളം (1255), തൃശ്ശൂര്‍ (522), പാലക്കാട് (989), മലപ്പുറം (2089), കോഴിക്കോട് (1386), വയനാട് (617), കണ്ണൂര്‍ (968), കാസര്‍കോട് (673) എന്നിങ്ങനെയാണ് പനി ബാധിതരുടെ കണക്ക്.
ഡെങ്കിപ്പനി കൂടുതല്‍ പാലക്കാട് :ഇന്ന് സംസ്ഥാനത്ത് 96 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 239 പേര്‍ ഡെങ്കിപ്പനി സംശയിച്ച് ചികിത്സ തേടിയിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതല്‍. പാലക്കാട് 27 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.