തിരുവനന്തപുരം:സോളാർ ലൈംഗിക ആരോപണം (Solar Sexual Assault) സംബന്ധിച്ച് പത്തനംതിട്ട ജയിലിൽ വച്ച് പരാതിക്കാരി തയ്യാറാക്കിയ കത്തിൽ കെ ബി ഗണേഷ് കുമാറിന്‍റെ (K B Ganesh Kumar) പേരും ഉണ്ടായിരുന്നതായി അഡ്വക്കേറ്റ് ഫെനി ബാലകൃഷ്‌ണൻ (Feni Balakrishnan). ഗണേഷ് കുമാർ പീഡിപ്പിച്ചു എന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത് ഒഴിവാക്കി ഉമ്മൻചാണ്ടിയുടെയും (Oommen chandy) ജോസ് കെ മാണിയുടെയും (Jose k mani) പേര് കത്തിൽ കൂട്ടിച്ചേർക്കുകയായിരുന്നു.
ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഈ ഗൂഢാലോചന നടത്തിയത് ഗണേഷ് കുമാറും ശരണ്യ മനോജും ഗണേഷ് കുമാറിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രദീപും ചേർന്നാണ്. 21 പേജുകളുള്ള കത്താണ് സരിത കൈമാറിയത്. ഇത് സരിതയുടെ തന്നെ നിർദേശപ്രകാരം ഗണേഷ് കുമാറിന്‍റെ പ്രൈവറ്റ് സെക്രട്ടറി പ്രദീപിന്‍റെ കയ്യിൽ നൽകുകയായിരുന്നു.
ബാലകൃഷ്‌ണപിള്ളയുടെ തിരുവനന്തപുരത്തെ ഓഫിസിൽ എത്തിച്ചാണ് കൈമാറിയത്. ജയിലിൽ നിന്ന് ഇറങ്ങിയശേഷം ഗണേശിന്‍റെ നിർദേശത്തെ തുടർന്ന് ആറുമാസം ശരണ്യ മനോജിന്‍റെ വീട്ടിലായിരുന്നു പരാതിക്കാരി താമസിച്ചത്. വീണ്ടും മന്ത്രിയാക്കാനുള്ള സാധ്യത മങ്ങിയതിനെ തുടർന്നാണ് ഉമ്മൻചാണ്ടിയെ കുറിച്ചുള്ള ലൈംഗികാരോപണമുള്ള കത്ത് ശരണ്യ മനോജ് നൽകിയത്.
ഗണേഷ് കുമാർ മന്ത്രി ആകാത്തതുകൊണ്ട് മുഖ്യമന്ത്രിയെ താഴെയിറക്കണമെന്ന് പറഞ്ഞാണ് കത്ത് നൽകിയത്. അതനുസരിച്ചാണ് സരിതയുടെ കൈപ്പടയിൽ കത്താക്കി വാർത്താസമ്മേളനം നടത്തിയത്. എല്ലാത്തിന്‍റേയും സൂത്രധാരൻ ഗണേഷ് കുമാറും ശരണ്യ മനോജും ഗണേശിന്‍റെ സ്‌റ്റാഫായ പ്രദീപുമാണ്.
ഇവരുടെ ഗൂഢാലോചന മറ്റ് രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുകയായിരുന്നു. ദല്ലാൾ നന്ദകുമാർ രംഗത്ത് വന്നത് ഗണേശിന്‍റെ നിർദേശപ്രകാരം ശരണ്യ മനോജിന്‍റെ ഇടപെടലിലൂടെയാണ്. സരിതയ്ക്ക് വേണ്ടി ഹാജരായതിന് ഫീസ് തന്നത് ഗണേശ് കുമാറാണ്.