തിരുവനന്തപുരം : സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പഞ്ഞമില്ലാത്ത നാടാണ് കേരളം. സംസ്ഥാനത്ത് ഭരണ-പാര്‍ട്ടി തലങ്ങളിലേക്കുള്ള നേതാക്കളുടെ വളര്‍ച്ചയില്‍ മുഖ്യപങ്കാണ് പ്രക്ഷോഭങ്ങള്‍ക്കുള്ളത്. സമര തീക്ഷ്‌ണമായ വിദ്യാര്‍ഥി, യുവജന സമരങ്ങള്‍ നയിച്ചും പില്‍ക്കാലത്ത് അതിശക്തമായ പ്രക്ഷോഭങ്ങളുടെ നേതൃനിരയില്‍ നിലകൊണ്ടും പലരും രാഷ്‌ട്രീയത്തില്‍ ഉയരങ്ങളിലെത്തി, മുഖ്യമന്ത്രിയും മന്ത്രിമാരും ആയിട്ടുണ്ട്. ഏഴ് വര്‍ഷമായി കേരളം ഭരിക്കുന്ന പിണറായി വിജയനാകട്ടെ നിരവധി വിദ്യാര്‍ഥി - യുവജന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടെന്ന് മാത്രമല്ല, എംഎല്‍എ ആയിട്ട് പോലും അടിയന്തരാവസ്ഥക്കാലത്ത് കൊടിയ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയ നേതാവാണ് (Fee For Taking Out Marches In Kerala).
തൊഴിലാളി - വിപ്ലവ മുന്നണിയായ ഇടതുമുന്നണി (CPM) ഭരിക്കുന്ന കേരളത്തില്‍ പൊലീസ് സ്റ്റേഷനുകളിലേക്കുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്കും മാര്‍ച്ചുകള്‍ക്കും ഫീസ് (Fee For Protests And Marches) ഏര്‍പ്പെടുത്തി കൊണ്ടുള്ള പുതിയ സര്‍ക്കാര്‍ ഉത്തരവ് വന്‍ വിവാദമാണ് ഉയര്‍ത്തിയിരിക്കുന്നത്. പൊലീസിന്‍റെ നിലവിലെ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ പുതുക്കി നിശ്ചയിച്ചുകൊണ്ട് ആഭ്യന്തര(ഇ) വകുപ്പ് 2023 സെപ്‌റ്റംബര്‍ 10ന് ഇറക്കിയ ഉത്തരവില്‍ ആറാം ഇനമായാണ് പൊലീസ് സ്റ്റേഷനുകളിലേക്കുള്ള പ്രകടനങ്ങള്‍ക്കും മാര്‍ച്ചുകള്‍ക്കും ഫീസ് ഏര്‍പ്പെടുത്തിയതായി വ്യക്തമാക്കുന്നത്.
ഫീസ് നിരക്ക് :പൊലീസ് സ്റ്റേഷന്‍ പരിധികളിലേക്കാണ് പ്രകടനമെങ്കില്‍ അതിന് സംഘാടകര്‍ 2000 രൂപ ഒടുക്കണം. പ്രകടനങ്ങളും പ്രതിധേഷങ്ങളും സബ് ഡിവിഷന്‍ പരിധിയിലേക്കാണെങ്കില്‍ (ഡിവൈഎസ്‌പി, എസി ഓഫിസുകള്‍) 4000 രൂപയും എസ്‌പി ഓഫിസ് പരിധിയിലേക്കാണെങ്കില്‍ 10,000 രൂപയും അടയ്‌ക്കണമെന്നാണ് പുതിയ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതോടൊപ്പം ഇവന്‍റുകൾക്ക് 1000 രൂപയും വാഹനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നതിന് 1000 രൂപയും കായിക പരിശീലന കേന്ദ്രങ്ങളുടെ പെര്‍മിറ്റ് പുതുക്കുന്നതിനും പുതുതായി എടുക്കുന്നതിനും 3000 രൂപയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.