നെയ്യാറ്റിൻകരയിൽ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അച്ഛൻ പിടിയിൽ - പോക്സോ കേസ് നെയ്യാറ്റിൻകര വാര്‍ത്ത
പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്‌ത പ്രതിയെ നാളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ അച്ഛൻ പിടിയിൽ. ശിശുക്ഷേമ വകുപ്പ് നെയ്യാറ്റിൻകര പൊലീസിന് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ക്ലാസിലെ കുട്ടിയുടെ മാനസിക പിരിമുറുക്കം അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ശിശുക്ഷേമ വകുപ്പിന് വിവരം കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയോട് പിതാവ് മോശമായി പെരുമാറിയതായി കണ്ടെത്തിയത്. കുട്ടി നാലാം ക്ലാസിൽ പഠിക്കുന്ന സമയത്തുള്ള അവധിക്കാലത്ത് ആയിരുന്നു സംഭവം. പിതാവ് സ്ഥിര മദ്യപാനിയും വീട്ടിൽ ആക്രമണ സ്വഭാവം കാണിക്കുന്ന ആളുമാണെന്ന് പൊലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്‌ത പ്രതിയെ നാളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.