തിരുവനന്തപുരം:വിഴിഞ്ഞം പുളിങ്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ചു. അച്ഛനും മകളും ഉൾപ്പെടെ രണ്ട് പേർ മരിച്ചു. അമ്മയും മകനും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പുളിങ്കുടിയിലെ അഭിരാമി ജ്വല്ലറി ഉടമയായ ശിവരാജൻ (56), മകൾ അഭിരാമി (22) എന്നിവരാണ് മരിച്ചത്.
ശിവരാജൻ്റെ ഭാര്യ ബിന്ദു, മകൻ അർജുൻ എന്നിവരെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് സംഭവം. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിഴിഞ്ഞം പുളിങ്കുടി ജങ്‌ഷനിൽ ജ്വല്ലറി നടത്തിവരികയായിരുന്നു മരിച്ച ശിവരാജൻ.
ഭോപ്പാലിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ:മധ്യപ്രദേശിലെ ഭോപ്പാലിൽ ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയിരുന്നു. ഭോപ്പാലിലെ റാത്തിബാദ് സ്വദേശികളായ നാല് പേരാണ് മരിച്ചത്. മാതാപിതാക്കളും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ ജൂലൈ 13ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തി.
More read :ഭോപ്പാലില്‍ ഒരു കുടുംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്‌ത നിലയില്‍
മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ ആത്മഹത്യ: തെലങ്കാനയിൽ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്‌തിരുന്നു. സ്‌ത്രീധനത്തെ ചൊല്ലി ഭര്‍ത്താവ് പീഡിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു കുട്ടികളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്‌തത്. തെലങ്കാന സിര്‍സില്ല ജില്ലയില്‍ ബൊയ്‌നപ്പള്ളിയില്‍ ജൂണ്‍ 30നായിരുന്നു സംഭവം.
രുദ്രവാര സ്വദേശിയായ രജിത എന്ന നേശയാണ് (30) തന്‍റെ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി.
കരിംനഗറില്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിക്കുന്ന സമയത്താണ് രജിത, മുഹമ്മദ് അലി എന്ന യുവാവിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. വ്യത്യസ്‌ത മതത്തില്‍ നിന്നുള്ളവരായതിനാല്‍ ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ വിസമ്മതിച്ചു.
എന്നാല്‍ എതിര്‍പ്പ് അവഗണിച്ച് ഇരുവരും വിവാഹിതരായി. പത്ത് വര്‍ഷം മുന്‍പ് രജിതയും മുഹമ്മദ് അലിയും വിവാഹം കഴിച്ചു. വിവാഹ ശേഷം രജിത എന്ന പേര മാറ്റി നേശ എന്നാക്കി. ഇവര്‍ക്ക് മുഹമ്മദ് അയാൻഷ് (ഏഴ്), ഉസ്‌മാൻ മുഹമ്മദ് (14 മാസം) എന്നീ രണ്ട് ആൺമക്കളും അഷ്‌റസാബിൻ (അഞ്ച്) എന്ന ഒരു മകളുമുണ്ട്.
വിവാഹം കഴിഞ്ഞ് കുറച്ച് നാളിനുള്ളിൽ മുഹമ്മദ് അലി സ്‌ത്രീധനത്തിന്‍റെ പേരില്‍ രജിതയെ പീഡിപ്പിക്കാന്‍ ആരംഭിച്ചുവെന്നും പീഡനം സഹിക്കവയ്യാതെ വന്നതോടെ യുവതി വെമുലവാഡ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തിരുന്നതായി കുടുംബം ആരോപിക്കുന്നു. തുടർന്ന് ലോക് അദാലത്തില്‍ വച്ച് രജിതയെ ഉപദ്രവിക്കില്ലെന്ന് മുഹമ്മദ് അലി ഉറപ്പു കൊടുത്തതോടെ പ്രശ്‌നം ഒത്തുതീര്‍പ്പാകുകയായിരുന്നു.
എന്നാല്‍, ജൂണ്‍ 27ന് രജിതയെയും മക്കളെയും ഇയാള്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. തുടർന്ന് രുദ്രവാരത്തുള്ള മാതാപിതാക്കളുടെ അടുത്തെത്തിയ രജിതയോട് ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് മടങ്ങി പോകാന്‍ കുടുംബം ആവശ്യപ്പെടുകയായിരുന്നു. ജൂണ്‍ 28ന് രജിതയേയും മക്കളെയും ഇവർ തിരിച്ച് ഭർത്താവിന്‍റെ വീട്ടിലേക്ക് അയച്ചു.
പിന്നാലെ രജിതയുടെ അച്ഛന്‍ രാജ നര്‍സു വെമുലവാഡ പൊലീസ് സ്റ്റേഷനിലെത്തി മകളെ ഭര്‍ത്താവ് സ്‌ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ടു. എന്നാൽ, ബക്രീദിന് ശേഷം പ്രശ്‌നം ഒത്തുതീര്‍പ്പാക്കാം എന്ന് പറഞ്ഞ് പൊലീസ് ഇയാളെ തിരിച്ചയച്ചു. ജൂണ്‍ 30 കൊടുരുപാക ദേശീയപാതയോട് ചേര്‍ന്നുള്ള ജലാശയത്തിനരികിൽ നിന്ന് രജിതയുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.