തിരുവനന്തപുരം:വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്ന നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ് പ്രോസിക്യൂഷന്‍ മുഹമ്മദ് ഷാഫി പൊലീസിന് നിയമോപദേശം നൽകി (DDP's legal advice against the accused being granted bail in the fake voter identity card case). ഫെനി നൈനാൻ (25), ഏഴംകുളം സ്വദേശികളായ അഭിനന്ദ് വിക്രമൻ (29), ബിനിൽ ബിനു, പന്തളം സ്വദേശി വികാസ് കൃഷ്‌ണ (42) എന്നീ പ്രതികളെയാണ് നേരത്തെ അറസ്റ്റ് ചെയ്‌തത്.
തുടർന്ന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേല്‍ നവംബര്‍ 23ന് ജാമ്യം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിഡിപി ജാമ്യം റദ്ദാക്കാൻ നിയമോപദേശം നൽകിയത്. പ്രതികൾക്ക് ജാമ്യം അനുവദിച്ച സാഹചര്യം പുനഃപരിശോധിക്കണം പ്രതികളുടെ ജാമ്യം റദ്ദാക്കണം കൂടാതെ, സിജെഎം കോടതിയുടെ ഉത്തരവ് റദ്ദാക്കണം എന്നാണ് റിപ്പോർട്ടിൽ ഉള്ളത്.
ആസന്നമാകുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രതികള്‍ ഉണ്ടാക്കിയ 2,000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത ഉണ്ടെന്ന് പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയ അവസരത്തില്‍ തന്നെ ഡിഡിപി മുഹമ്മദ് ഷാഫി വാദം ഉന്നയിച്ചിരുന്നു. എന്നാല്‍, പ്രതികളെ കേസുമായി ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവ് പൊലീസിന് നല്‍കാന്‍ കഴിയാതെ വന്നതും പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട ആവശ്യകത കോടതിയെ ബോധ്യപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് കഴിയാതെ വന്നതുമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയായത്.