കേരളം

kerala

By

Published : Jun 19, 2023, 5:50 PM IST

Updated : Jun 19, 2023, 7:20 PM IST

ETV Bharat / state

Fake certificate controversy | നിഖിൽ ആറ് സെമസ്റ്ററുകളിലും പഠിച്ചിരുന്നെന്ന് കേരള വിസി; രേഖകളില്‍ ഈ പേരില്ലെന്ന് കലിംഗ രജിസ്‌ട്രാര്‍

കലിംഗ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റിന്‍റെ ആധികാരികതയിലും സംശയമുണ്ടെന്ന് കേരള സര്‍വകലാശാല വിസി

Etv Bharat
Etv Bharat

കേരള സര്‍വകലാശാല വിസി മാധ്യമങ്ങളോട്

തിരുവനന്തപുരം :വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തില്‍ അകപ്പെട്ട എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് കേരള യൂണിവേഴ്‌സിറ്റിയിൽ ആറ് സെമസ്റ്ററുകളും പഠിച്ചിരുന്നുവെന്ന് വിസി മോഹൻ കുന്നുമ്മൽ. വിവാദം ഉയർന്നതിന് പിന്നാലെ നിഖിൽ തോമസിന്‍റെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ രജിസ്ട്രാർക്ക് വൈസ് ചാൻസലർ ഇന്ന് രാവിലെ നിർദേശം നൽകിയിരുന്നു. പിന്നാലെയാണ് കേരള സർവകലാശാല വൈസ് ചാൻസലറുടെ വിശദീകരണം.

കലിംഗ യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റിന്‍റെ ആധികാരികതയില്‍ സംശയമുണ്ട്. കലിംഗ സർവകലാശാലയിൽ ഇപ്പോൾ സെമസ്റ്റർ സിസ്റ്റം ആണ്. ഡിഗ്രിയുടെ സർട്ടിഫിക്കറ്റിൽ ഇയർലി പ്രോഗ്രാമായാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും കേരള വിസി പറഞ്ഞു. എംഎസ്‌എം കോളജിന്‍റെ ഭാഗത്തുനിന്നും ഗുരുതര വീഴ്‌ച സംഭവിച്ചിട്ടുണ്ട്. കേരള സർവകലാശാലയുടെ പരീക്ഷകൾ നിഖിൽ എഴുതിയിരുന്നു.

എഴുതിയ പരീക്ഷകളിൽ പലതിലും തോറ്റിട്ടുമുണ്ട്. കലിംഗ യൂണിവേഴ്‌സിറ്റിയുടേതെന്ന് കാണിച്ച് സമർപ്പിച്ചത് വ്യാജ സർട്ടിഫിക്കറ്റ് ആവാനാണ് സാധ്യത. പക്ഷേ, ഈ സര്‍ട്ടിഫിക്കറ്റിന്‍റെ കാര്യം കലിംഗ യൂണിവേഴ്‌സിറ്റിയാണ് പരിശോധിക്കേണ്ടത്. ഒരേസമയം, രണ്ട് ഡിഗ്രി ചെയ്യാൻ പറ്റില്ല. അല്ലെങ്കിൽ 25% ഹാജർ മതിയെന്ന രീതിയിലുള്ള കോഴ്‌സുകൾ ആയിരിക്കണം. ഇതുസംബന്ധിച്ച് വിശദീകരണം നൽകേണ്ടത് കലിംഗ സർവകലാശാലയാണെന്നും മോഹൻ കുന്നുമ്മൽ പറഞ്ഞു.

നടപടി സൂചനയും പരിഹാസവുമായി വിസി:എംഎസ്‌എം കോളജിനെതിരെ നടപടി ഉണ്ടാകുമെന്നും ആ കലാലയമാണ് വിശദീകരണം നൽകേണ്ടതെന്നും കേരള സര്‍വകലാശാല വിസി കൂട്ടിച്ചേർത്തു. 2017 - 20 കാലയളവിലാണ് കേരള സർവകലാശാലയിലും കലിംഗ സർവകലാശാലയിലും നിഖിൽ പഠിച്ചത്. കായംകുളത്ത് നിന്ന് റായ്‌പൂരിയിലെ സർവകലാശാലയിലേക്ക് വിമാന സർവീസില്ലെന്നും അതിനാൽ തന്നെ ഒരേസമയത്ത് രണ്ട് റെഗുലർ കോഴ്‌സ് പഠിക്കാൻ കഴിയില്ലെന്നും വിസി പരിഹസിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളിലൂടെ കേരള സർവകലാശാലയെ തകർക്കാനാവില്ല. കലിംഗ സർവകലാശാലയോട് ഇതുമായി ബന്ധപ്പെട്ട് അന്വേഷിക്കുമെന്നും നിഖിലിന്‍റെ എംകോം അഡ്‌മിഷൻ റദ്ദാക്കുമെന്നും കേരള സര്‍വകലാശാല വിസി പറഞ്ഞു.

നിഖിലിനെ അറിയില്ലെന്ന് കലിംഗ രജിസ്ട്രാർ:അതേസമയം, വിവാദത്തില്‍ ഇടംപിടിച്ചനിഖില്‍ തോമസിനെ അറിയില്ലെന്ന് വ്യക്തമാക്കി കലിംഗ രജിസ്ട്രാർ രംഗത്തെത്തി. നിഖിൽ തോമസ് എന്ന വിദ്യാർഥി സർവകലാശാലയിൽ പഠിച്ചിട്ടില്ല. വാര്‍ത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും കലിംഗ സർവകലാശാല രജിസ്‌ട്രാര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. നിഖിൽ തോമസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രജിസ്ട്രാർ സന്ദീപ് ഗാന്ധി കൂട്ടിച്ചേർത്തു. ആലപ്പുഴ കായംകുളം എംഎസ്‌എം കോളജിൽ 2017 - 20 ബി കോം വിദ്യാർഥിയും എസ്‌എഫ്‌ഐ നേതാവുമായ നിഖിൽ തോമസ് ഡിഗ്രി തോൽക്കുകയും ശേഷം 2021ൽ അതേ കോളജിൽ എം കോമിന് അഡ്‌മിഷൻ നേടുകയുമായിരുന്നു.

ALSO READ |Fake certificate controversy| 'നിഖിലിന്‍റെ മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണം'; സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നിര്‍ദേശം

2019ൽ കലിംഗയില്‍ പഠിച്ചെന്നായിരുന്നു നിഖിലിന്‍റെ വാദം. ഈ സർട്ടിഫിക്കറ്റുകൾ കൊണ്ടാണ് പിജിക്ക് അഡ്‌മിഷൻ നേടിയത്. നിഖിലിന്‍റെ സർട്ടിഫിക്കറ്റുകൾ വ്യാജമല്ലെന്ന് ഇന്ന് രാവിലെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, ഈ വാദത്തെ വെട്ടിലാക്കുന്നതാണ് പുതുതായി പുറത്തേക്കുവരുന്ന വിവരങ്ങള്‍.

Last Updated : Jun 19, 2023, 7:20 PM IST

ABOUT THE AUTHOR

...view details