തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവടക്കം (R Bindhu) വ്യാജരേഖ ചമച്ചാണ് നിയമനം നേടിയതെന്നും എസ്എഫ്ഐ (SFI) നേതാവിന്‍റെ വ്യാജ രേഖ കേസിൽ അന്വേഷണം വേണമെന്നും ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). ഉന്നത വിദ്യാഭ്യാസ സംരക്ഷണത്തിനായി ജൂൺ 27-ന് സെക്രട്ടേറിയറ്റിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കും. വിദ്യാഭ്യാസ പ്രവർത്തകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും.
നിയമപരമായിട്ട് ഇതിനെ നേരിടും. ദീർഘനാളത്തെ പ്രതിഷേധമാണ് ഉയർത്താൻ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ ഭരണവർഗം കേരളത്തെ ലോകത്തിന് മുൻപിൽ നാണം കെടുത്തുന്നു.
കേരളത്തിലെ ഏത് കോളജിലും വ്യാജരേഖ ചമച്ച് ആളുകൾക്ക് അഡ്‌മിഷൻ നേടാം എന്നാണ് നിലവിലെ അവസ്ഥ. രാഷ്ട്രീയ നേതാക്കളുടെ സമ്മർദം കൊണ്ട് അഡ്‌മിഷൻ നൽകിയെന്ന് കോളജ് പ്രിൻസിപ്പൽ തന്നെ പറയുന്നു. ഒരു തട്ടിപ്പിലും കോളജിന് നടപടി എടുക്കാൻ ആകുന്നില്ല.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ തന്നെ വ്യാജരേഖകള്‍ ചമയ്‌ക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ തന്നെ ഇത് നടക്കുമ്പോൾ പാർട്ടി നേതാക്കളെ എങ്ങനെ കുറ്റം പറയും. വ്യാജ രേഖ കേസിൽ പ്രതിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി തന്നെ സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്നു.
എസ്എഫ്ഐയെ താറടിക്കാനുള്ള നീക്കമാണ് എന്നാണ് പറയുന്നത്. സിപിഎം (CPM) നേതൃത്വമാണ് ഇതിൽ മറുപടി പറയേണ്ടത്. വസ്‌തുത എന്താണെന്ന് അറിയുന്നതിന് മുൻപ് അല്ലെങ്കിൽ എല്ലാം അറിഞ്ഞുകൊണ്ട് പാർട്ടി സെക്രട്ടറി നടപടിയെടുക്കുകയാണ്.
മുൻ എസ്എഫ്ഐ നേതാക്കളായ സിപിഎം നേതാക്കൾ എല്ലാം ഇതിനെ ന്യായീകരിച്ചു. ചത്തു കിടക്കുന്ന എസ്എഫ്ഐക്കെതിരെ ആരും ഗൂഢാലോചന നടത്തില്ല. പെട്ടിക്കട കുത്തി തുറന്ന് ജയിലിൽ പോകുന്ന പോലെയാണ് ഇതും.