തിരുവനന്തപുരം : കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ വ്യാജ ബി.കോം സർട്ടിഫിക്കറ്റ് തയാറാക്കിയെന്ന പരാതി മാധ്യമ സൃഷ്‌ടിയും കഴമ്പില്ലാത്തതെന്നും പൊലീസ് (KSU leader Ansil Jaleel acquitted). അൻസിൻ പഠിച്ച സ്‌കൂൾ യൂണിവേഴ്സ്റ്റി, പിഎസ്‌സി ഓഫിസ്, എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് എന്നിവിടങ്ങളിൽ അന്വേഷിച്ചു (Fake certificate case).
ഇതിലൊന്നും അസ്വാഭാവികത ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ല. അൻസിലിന്‍റെ പേരിൽ അത്തരം ഒരു വ്യാജ സർട്ടിഫിക്കറ്റ് ഇല്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. അൻസിലിനെ കുറ്റവിമുക്തനാക്കി സമർപ്പിച്ച റിപ്പോർട്ടിൽ തർക്കം ഉണ്ടെങ്കിൽ ഇത് സമർപ്പിക്കാൻ കേസിലെ വാദി ഡോ. അനിൽ കുമാറിന് നോട്ടിസ് അയച്ചിട്ടുണ്ട്.
2013-16 അധ്യയന വർഷത്തിൽ കേരള സർവകലാശാലയിൽ നിന്നും ബി.കോം പാസായെന്ന സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ച് അതിൽ വൈസ് ചാൻസലറുടെ ഒപ്പ് വ്യാജമായി നിർമിച്ചു എന്നതാണ് കേസ്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 465, 466, 468, 471, 420 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ഇതിൽ ശിക്ഷ ലഭിച്ചാൽ ഏഴ് വർഷം വരെ തടവ് ലഭിക്കാം. കേരള സർവകലശാല റജിസ്ട്രാറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കന്‍റോൺമെന്‍റ് പൊലീസ് എഫ്ഐആർ എടുത്തിരുന്നത്.
കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിനിടെയാണ് കെഎസ്‍യു നേതാവിന്‍റെ വ്യാജ സർട്ടിഫിക്കറ്റിലും കേരള സർവകലാശാല പൊലീസിനെ സമീപിച്ചത്. 2016 ൽ കേരള സർവകലാശാലയിൽ നിന്ന് അൻസിൽ ജലീൽ ബി.കോം ബിരുദം നേടിയെന്ന സർട്ടിഫിക്കറ്റാണ് പരാതിക്കൊപ്പം ഉണ്ടായിരുന്നത്.