തിരുവനന്തപുരം :നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ കോളജ് പ്രിൻസിപ്പാള്‍ നൽകിയ വിശദീകരണത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ. കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പാള്‍ ഇന്നലെ സംഭവത്തിൽ വിശദീകരണം നൽകിയിരുന്നു. വിശദീകരണം പരിശോധിക്കാൻ രജിസ്ട്രാർക്ക് നിർദേശം നൽകി. 27ന് ചേരുന്ന സിൻഡിക്കേറ്റ് യോഗം, വിഷയം ചർച്ച ചെയ്യുമെന്നും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ മോഹനൻ കുന്നുമ്മൽ പറഞ്ഞു.
കേരള യൂണിവേഴ്‌സിറ്റിയിലും അലിഗഡ് സർവകലാശാലയിലും ഒരേ കാലയളവിൽ താൻ പഠിച്ചുവെന്ന ആരോപണവും വിസി നിഷേധിച്ചു. താൻ പഠിച്ചത് പ്രൊഫഷണൽ കോഴ്‌സുകളാണ്. ഒരു സമയത്ത് ഒരു കോഴ്‌സ് മാത്രമേ പഠിച്ചിട്ടുള്ളൂ. ഡോക്യുമെന്‍റുകൾ ഹൈക്കോടതിയും മെഡിക്കൽ കൗൺസിലും പരിശോധിച്ച് തീർപ്പ് കല്‍പ്പിച്ചതാണ്. ഇക്കാര്യത്തിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിൻഡിക്കേറ്റിനെ വെട്ടി വിസി എന്നില്ല. സർവകലാശാലയിൽ എടുക്കുന്നത് കൃത്യമായ തീരുമാനമാണ്. കേരള യൂണിവേഴ്‌സിറ്റി മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും മോഹൻ കുന്നുമ്മൽ പറഞ്ഞു.
'കോളജിൽ പരിശോധിക്കാൻ പരിമിതിയുണ്ട്' :നിഖിൽ തോമസ് പഠിച്ച കാലത്തെ അധ്യാപകർ വിരമിച്ചെന്ന കായംകുളം എംഎസ്എം കോളജിന്‍റെ വാദവും വിസി തള്ളി. അധ്യാപകർ വിരമിച്ചെന്ന വാദം ശരിയല്ലെന്നും ആ കോളജിൽ വേറെയും ഉദ്യോഗസ്ഥർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സർട്ടിഫിക്കറ്റുകൾ ഒറിജിനലാണോ എന്ന് പരിശോധിക്കണ്ടത് കോളജാണ്, യൂണിവേഴ്‌സിറ്റി അല്ല. എന്നാൽ കോളജിൽ പരിശോധിക്കാൻ പരിമിതിയുണ്ട്. കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്, പട്ടിക നൽകിയവരെ വച്ച് നടത്തും. തെരഞ്ഞെടുപ്പ് അനന്തമായി നീട്ടാനാകില്ല. നിഖിൽ തോമസിന് വേണ്ടി അഡ്‌മിഷന്‍റെ കാലാവധി നീട്ടി നൽകി എന്ന ആക്ഷേപത്തിലും മോഹൻ കുന്നുമ്മൽ പ്രതികരിച്ചു.