തിരുവനന്തപുരം: വിദ്യാർഥി യുവജന സംഘടനകളിൽ പ്രവർത്തിക്കുന്നവരിൽ നല്ലൊരു വിഭാഗവും മദ്യപാനികളെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനാചരണ പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രസ്‌താവന.
സാമാന്യം നല്ല രീതിയിൽ മദ്യപിക്കുന്നവരാണ് ഏറിയ പങ്കും. ബോധവത്‌കരണ പരിപാടികളിൽ പങ്കെടുക്കാൻ ഇവർ മടി കാണിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
കേരളം മയക്കുമരുന്നിന്‍റെ ഹബ്ബായി മാറുന്നു. കടൽ മാർഗമാണ് സംസ്ഥാനത്ത് മയക്കുമരുന്ന് എത്തുന്നത്. കേരളത്തിന് പുറമെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കും, മഹാരാഷ്‌ട്രയിലേക്കും കടൽ മാർഗം മയക്കുമരുന്ന് എത്തുന്നു. കഴിഞ്ഞ ദിവസം, ഒരു ബോട്ടിൽ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു.
ലഹരിക്ക് എതിരെ ഹയര്‍സെക്കന്‍ഡറി തലം മുതല്‍ ബോധവത്‌കരണം നടത്തണം. ആത്മാർഥതയോടെ ബോധവത്‌കരണം നടത്താൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.