തിരുവനന്തപുരം:തിരക്കേറിയ അവസരങ്ങളില്‍ വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എയര്‍ലൈന്‍ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരള സര്‍ക്കാരിനെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് തുടങ്ങാന്‍ അനുവദിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്കില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നിരട്ടിയിലധികം വര്‍ധനയാണുണ്ടായിരിക്കുന്നത്.
ഫെസ്‌റ്റിവല്‍ സീസണുകള്‍, സ്‌കൂള്‍ അവധികള്‍ തുടങ്ങിയ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് സാധാരണ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുകയാണ്. മാസങ്ങളോളം വിദേശത്ത് ജോലി ചെയ്‌തുണ്ടാക്കുന്ന ചെറിയ സമ്പാദ്യം വിമാന ടിക്കറ്റിനായി നല്‍കേണ്ട അവസ്ഥയാണ് പ്രവാസി തൊഴിലാളികള്‍ക്കുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ നിരക്കുകള്‍ പുനഃപരിശോധിക്കണമെന്ന കേരള സര്‍ക്കാരിന്‍റെയും കുടിയേറ്റ സംഘടനകളുടെയും അഭ്യര്‍ത്ഥനകളോട് എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.