തിരുവനന്തപുരം :തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ ഗവര്‍ണറെ മറികടന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇടപെട്ടതിന്‍റെ തെളിവുകള്‍ പുറത്ത്. ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് അവഗണിച്ച് മന്ത്രി ഇടപെട്ടതിനുള്ള തെളിവുകളാണ് പുറത്തുവന്നത്. അംഗീകാരമില്ലാത്ത ബില്‍ പ്രകാരമാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉത്തരവിട്ടത്.
കമ്മിറ്റിയിലേക്കുള്ള സര്‍ക്കാര്‍ നോമിനിയെ നല്‍കണം എന്ന ഗവര്‍ണറുടെ നിര്‍ദേശമാണ് മന്ത്രി തെറ്റിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് നിയമസഭ പാസാക്കുകയും ഗവര്‍ണര്‍ ഇതുവരെ ഒപ്പുവയ്‌ക്കാത്തതുമായ സര്‍വകലാശാല നിയമഭേദഗതി ബില്ലില്‍ വ്യവസ്ഥ ചെയ്യുന്ന രീതിയിലുള്ള സെര്‍ച്ച് കമ്മിറ്റിക്കായാണ് ചട്ടം ലംഘിച്ചത്. മലയാളം സര്‍വകലാശാല വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത് ചാന്‍സലറായ ഗവര്‍ണറുടെ നിര്‍ദേശം തള്ളിയാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ഫയലുകള്‍.
സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ പ്രതിനിധിയെ ചോദിച്ച് 2022 ഒക്ടോബര്‍ 14ന് രാജ്ഭവന്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ കത്തും പുറത്ത് വന്ന ഫയലില്‍ ഉണ്ട്. സര്‍വകലാശാല നിയമ പ്രകാരം വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ പ്രതിനിധിയും യുജിസി പ്രതിനിധിയും ചാന്‍സലറുടെ പ്രതിനിധിയും ആവശ്യമാണെന്നും എത്രയും വേഗം സര്‍ക്കാര്‍ പ്രതിനിധിയുടെ പേര് നല്‍കണമെന്നും കത്തില്‍ പറയുന്നുണ്ട്. സെര്‍ച്ച് കമ്മിറ്റി അംഗമാകുന്നവര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരും സര്‍വകലാശാലയുമായോ അതിന് കീഴിലുള്ള കോളജുകളുമായോ ഒരുതരത്തിലും ബന്ധമുള്ളയാള്‍ ആയിരിക്കരുതെന്ന യുജിസി റഗുലേഷന്‍ 2018 വ്യവസ്ഥയും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഗവര്‍ണറുടെ കത്ത് ലഭിച്ചിട്ടും സര്‍ക്കാര്‍ പ്രതിനിധിയെ നല്‍കിയില്ല. പകരം സര്‍ക്കാര്‍ തലത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാന്‍ ഒക്ടോബര്‍ 29ന് ഫയല്‍ ആരംഭിച്ചു. സര്‍ക്കാര്‍ പ്രതിനിധിയെ ആവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്ത് നല്‍കിയ വിവരം പ്രത്യേകം സൂചിപ്പിച്ച ഫയല്‍, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനത്തിനായി സമര്‍പ്പിച്ചു.