കുടുംബശ്രീയ്‌ക്ക് 6ാം തവണയും പുരസ്‌കാരമെന്ന് എം ബി രാജേഷ് തിരുവനന്തപുരം : മെയ് 17 ഇനി മുതൽ കുടുംബശ്രീ ദിനം. കുടുംബശ്രീയുടെ സ്ഥാപക ദിനമായ മെയ് 17 ഇനി മുതൽ കുടുംബശ്രീ ദിനമായി സംസ്ഥാനത്ത് ആചരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ദീൻ ദയാൽ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനത്തിനുള്ള സ്‌പാർക്ക് അവാർഡിന് തുടർച്ചയായി ആറാം തവണയും കേരളം അർഹമായെന്ന് മന്ത്രി അറിയിച്ചു.
10 ലക്ഷം വനിതകളെ ആയിരുന്നു പദ്ധതി ലക്ഷ്യം ഇട്ടത്. ജീവൻ ദീപം ഒരുമ ഇൻഷുറൻസ് പദ്ധതിയിൽ 11,28,381 വനിതകൾ അംഗങ്ങളായി. 18 - 74 വയസ് വരെയുള്ള വനിതകൾക്ക് പദ്ധതിയിൽ അംഗങ്ങളാകാം. വാർഷിക പ്രീമിയം 174 രൂപയാണ്. അതിനുള്ള നിർദേശം മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. അതാത് ഓഫിസ് മേധാവികൾ അത് പരിശോധിക്കണം.
സമ്പൂര്‍ണ മാലിന്യ മുക്ത കേരള പദ്ധതി : മൂന്ന് ഘട്ടങ്ങളായി 'സമ്പൂർണ മാലിന്യ മുക്ത കേരള പദ്ധതി' യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കും. 10 ശതമാനം മാലിന്യം ഉറവിടത്തിൽ നിന്ന് വേർതിരിച്ച് കഴിയുന്ന അത്രയും സംസ്‌കരിക്കുക എന്നതാണ് ലക്ഷ്യം. പരിസ്ഥിതി ദിനത്തിൽ (ജൂണ്‍ അഞ്ച്) എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഹരിത ഓഫിസുകളാക്കി മാറ്റണം.
ഹരിത സഭകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മെയ് 15ന് എല്ലാ സർക്കാർ ഓഫിസുകളും അതിന്‍റെ തയ്യാറെടുപ്പുകൾ തുടങ്ങണം. മൂന്ന് ഘട്ടങ്ങളിലായി കേരളത്തെ സമ്പൂർണ മാലിന്യ മുക്ത സംസ്ഥാനമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും. വകുപ്പുകളുടെ ഏകോപനം ഇതിനായി ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ജൂൺ അഞ്ചിന് 100 ശതമാനം മാലിന്യം ഉറവിടത്തിൽ തരം തിരിക്കുക, കഴിയുന്നത്ര ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുക, എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹരിത സഭകൾ രൂപീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇതിനായുള്ള പ്രവർത്തനങ്ങൾ മെയ് 15 മുതൽ ആരംഭിക്കും.
ഇതിനായി യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങള്‍ നടത്തും. എൻഫോഴ്‌സ്മെന്‍റിന് വേണ്ടി പൊലീസിന്‍റെ പ്രത്യേക യൂണിറ്റ് ഇതിനായി ഉപയോഗിക്കും. ഇതിനായി മുഖ്യമന്ത്രി വകുപ്പ് മേധാവികൾക്ക് നിർദേശം നൽകുന്നുണ്ട്. അതേസമയംകൊച്ചിയിലെ മാലിന്യ പ്രശ്‌നത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് ഉച്ചയോടെ വ്യവസായ മന്ത്രി ഉൾപ്പെടുന്ന സംഘം പ്രത്യേക യോഗം ചേര്‍ന്നു.
വസ്‌തുനികുതി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് :വസ്‌തു നികുതി പരിഷ്‌കരണത്തിന്‍റെ കാര്യത്തിൽ വലിയ വർധന ഉണ്ടായി എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ തെറ്റിദ്ധാരണാജനകമായ പ്രചരണം ഉണ്ടാക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.അഞ്ച് ശതമാനം മാത്രമാണ് വസ്‌തു നികുതി പരിഷ്‌കരണത്തിന്‍റെ കാര്യത്തിൽ വര്‍ധന ഉണ്ടായിട്ടുള്ളത്.
2018 ലെ ധനകാര്യ കമ്മിഷന്‍റെ ശുപാർശയാണ് പ്രളയം ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ കാരണം അഞ്ച് വർഷങ്ങൾക്ക് ശേഷം നടപ്പിലാക്കുന്നത്. വസ്‌തു നികുതി മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കാണ്. ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത നഗരസഭകൾ കേരളത്തിലുണ്ട്.
ഇവിടെയൊക്കെ തനത് വരുമാനം വർധിപ്പിക്കണം. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നികുതി വർധന വേണ്ടെന്ന് വയ്ക്കാൻ പ്രമേയം പാസാക്കുന്നുണ്ട്. അധിക വരുമാനം വേണ്ടെന്ന് വയ്ക്കുന്നതിന് നിയമസാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു.