തിരുവനന്തപുരം:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പട്ടികവർഗക്കാരുടെ പേരിൽ തൊഴില്‍ ദിനങ്ങളിൽ തട്ടിപ്പ് നടത്തിയത് പരിശോധിക്കാന്‍ തൊഴിലുറപ്പ് മിഷൻ. വിവിധ ജില്ലകളിൽ അനർഹരായവർക്ക് അധിക തൊഴിൽ ദിനങ്ങളും വേതനവും നൽകിയതിന്‍റെ വിശദാംശങ്ങൾ തേടി മിഷൻ ഡയറക്ടർ ജില്ലാ ജോയിന്‍റ് പ്രോഗ്രാം കോഡിനേറ്റർമാർക്ക് കത്തയച്ചു. അനർഹരെ ജോബ് കാർഡിൽ നിയമവിരുദ്ധമായി പട്ടികവർഗമാക്കി രേഖപ്പെടുത്തിയ അക്കൗണ്ടന്‍റ് കം ഐടി അസിസ്റ്റന്‍റുമാരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികളും ആരംഭിച്ചു.
മറ്റ് വിഭാഗങ്ങളേക്കാൾ 100 തൊഴിൽ ദിനങ്ങൾ പട്ടിക വർഗത്തിന് അധികമായി നൽകണമെന്ന ട്രൈബൽ പ്ലസ് പദ്ധതി അട്ടിമറിച്ചെന്ന വാർത്ത ഇടിവി ഭാരതാണ് പുറത്തുകൊണ്ടുവന്നത്. ഇതിനുപിന്നാലെയാണ് തൊഴിലുറപ്പ് മിഷൻ ഡയറക്ടർ ദിവ്യ എസ് അയ്യർ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയത്. ഏറ്റവും കൂടുതൽ തിരിമറി നടന്ന ഗ്രാമപഞ്ചായത്തുകളിലെ അക്കൗണ്ടന്‍റ് കം ഐടി അസിസ്റ്റന്‍റുമാരോട് ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ട് ഹാജരാകാനാണ് സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്നത്.