തിരുവനന്തപുരം : ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ പങ്കെടുക്കില്ല. കോഴിക്കോട് ട്രേഡ് സെന്‍ററിലാണ് ഇന്ന് സെമിനാർ നടക്കുന്നത്. എന്നാൽ ഇ പി ജയരാജൻ ഇപ്പോൾ തിരുവനന്തപുരത്താണുള്ളത്.
ഡിവൈഎഫ്ഐ നിർമിച്ച് നൽകിയ സ്നേഹ വീടിന്‍റെ താക്കോൽ ദാന ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ഇ പി തിരുവനന്തപുരത്ത് എത്തിയത്. എംവി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായ ശേഷം ഇ പി ജയരാജൻ പാർട്ടി നേതൃത്വവുമായി അത്ര സ്വരചേർച്ചയിലല്ല. ചികിത്സ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി യോഗങ്ങളിൽ നിന്നടക്കം ജയരാജൻ വിട്ടുനിൽക്കുകയാണ്.
ഇതിനിടെയാണ് ഇപി ഇന്ന് ഏക സിവിൽ കോഡിനെതിരെ കോഴിക്കോട് നടക്കുന്ന സെമിനാറിൽ നിന്നും വിട്ടുനിൽക്കുന്നത്. ഇടതു മുന്നണി കണ്‍വീനറാണെങ്കിലും ഘടകകക്ഷികളുമായുള്ള ഏകോപനം വേണ്ടവിധം നടക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
പ്രതികരിക്കാതെ ഇ പി ; അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ ഇ പി ജയരാജൻ തയാറായില്ല. എകെജി സെന്‍ററിന് മുന്നിൽ മാധ്യമ പ്രവർത്തകർ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും ഇ പി ജയരാജൻ പ്രതികരിക്കാൻ തയാറായില്ല. വൈകിട്ട് 5 മണിക്ക് മംഗലപുരം ആശുപത്രി നട ജങ്ഷനിലാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന സ്നേഹവീട് താക്കോൽ ദാന ചടങ്ങ്. പരിപാടിക്ക് ശേഷം ഇ പി മാധ്യമങ്ങളോട് പ്രതികരിച്ചേക്കും.
വിഷയത്തിൽ ഇ പി ജയരാജനെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ രംഗത്തെത്തി. ഇപിക്ക് ഇല്ലാത്ത വേവലാതി മാധ്യമങ്ങൾക്ക് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. സിപിഎമ്മോ ഇടതുമുന്നണിയോ സർക്കാരോ എന്തെങ്കിലും നല്ല കാര്യം രൂപപ്പെടുത്തുമ്പോൾ അതിനെ മാന്തിപ്പുണ്ണാക്കുന്ന പരിപാടി മാധ്യമങ്ങൾക്ക് ഉണ്ടെന്നും എ കെ ബാലന്‍ വിമർശനം ഉന്നയിച്ചു.
ഇ പിക്ക് ഒരു തരത്തിലുള്ള അസംതൃപ്‌തിയുമില്ല. സെമിനാറിന്‍റെ മഹിമ കെടുത്തുക എന്നതാണ് മാധ്യമങ്ങളുടെ താത്‌പര്യം. ഫാസിസത്തെ എതിർക്കാനാണ് ഇങ്ങനെയൊരു സെമിനാർ നടത്തുന്നത്. അതിൽ എല്ലാ അഭിപ്രായ വ്യത്യാസവും ചേരിതിരിവും മറന്നാണ് സംഘടനകൾ പങ്കെടുക്കുന്നത്.
എം വി ഗോവിന്ദൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആരെയൊക്കെ പങ്കെടുപ്പിക്കണം എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. എല്ലാവരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും എ കെ ബാലൻ പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ പോകാത്തവർ പലരും ഉണ്ട്. പാർട്ടി തീരുമാനിക്കുന്ന കാര്യങ്ങളിൽ തങ്ങൾ ആരെയും പ്രത്യേകമായി ക്ഷണിക്കേണ്ട ആവശ്യമില്ല.
പാർട്ടിയുടെ എല്ലാ നേതാക്കൾക്കും ഇതിൽ പങ്കെടുക്കാം. ആരാണ് പങ്കെടുക്കേണ്ടത് എന്നത് സംബന്ധിച്ചു നല്ല ധാരണ സിപിഎമ്മിന് ഉണ്ട്. മുൻനിശ്ചയിച്ച പരിപാടിക്കാണ് തിരുവനന്തപുരത്ത് ഇപി വന്നത്. സെമിനാറിൽ മുസ്‌ലിം ലീഗിനെ കൂടെ കൂട്ടാൻ ഞങ്ങൾക്ക് ഒരു അജണ്ടയുമില്ല. സെമിനാറിൽ കോൺഗ്രസിനും പങ്കെടുക്കാം. പക്ഷെ കോൺഗ്രസ് ഞങ്ങളെ വിളിക്കില്ലെന്നും എ കെ ബാലൻ പറഞ്ഞു.