കേരളം

kerala

ETV Bharat / state

'പട്ടികവർഗ വിഭാഗത്തിൽ നിന്നായതിനാൽ രാഷ്ട്രപതിയെ ഒഴിവാക്കി' ; പാര്‍ലമെന്‍റ് ഉദ്ഘാടനം ഫാസിസ്റ്റ് രീതിയിലെന്ന് ഇ പി ജയരാജൻ

രാഷ്ട്രപതിക്കാണ് പാർലമെന്‍റ് ഉദ്ഘാടനം ചെയ്യാന്‍ യോഗ്യതയുള്ളതെന്ന് ഇ പി ജയരാജന്‍

E P Jayarajan  ഇപി ജയരാജൻ  എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍  എല്‍ഡിഎഫ്  പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനം  ep jayarajan on parliament inauguration  ദ്രൗപതി മുര്‍മു
ഇ പി ജയരാജൻ

By

Published : May 28, 2023, 1:09 PM IST

Updated : May 28, 2023, 4:41 PM IST

പാര്‍ലമെന്‍റ് ഉദ്ഘാടനം ഫാസിസ്റ്റ് രീതിയിലെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം :പുതിയ പാര്‍ലമെന്‍റിന്‍റെ ഉദ്ഘാടനം കേന്ദ്രത്തിന്‍റെ ഫാസിസ്റ്റ് രീതിയുടെ ഉദാഹരണമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. രാഷ്ട്രപതിക്കാണ് ഉദ്ഘാടനം ചെയ്യാന്‍ യോഗ്യതയുള്ളത്. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആളായതുകൊണ്ടാണ് ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കിയതെന്നും പ്രതിപക്ഷം വിട്ടുനിൽക്കുന്നത് തന്നെ ഇക്കാരണം കൊണ്ടാണെന്നും ജയരാജൻ പറഞ്ഞു.

സംസ്ഥാനത്തിന് വായ്‌പയെടുക്കാനുള്ള പരിധി കേന്ദ്രം വെട്ടിച്ചുരുക്കിയ നടപടി കേരളത്തെ ദുര്‍ബലപ്പെടുത്താനുള്ള കേന്ദ്രത്തിന്‍റെ ശ്രമമാണ്. അധികാരം കേന്ദ്രീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളുടെ ഭാഗമാണിത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേർത്തു.

അഹങ്കാരവും ധിക്കാരവും ജനാധിപത്യ നിഷേധവും ഫാസിസ്‌റ്റ് നിലപാടും സ്വീകരിച്ചതിന്‍റെ ഫലമാണ് യഥാർഥത്തിൽ ഇന്ത്യൻ പാർലമെന്‍റിൽ പ്രാതിനിധ്യമുള്ള പത്തൊൻപതോളം പാർട്ടികൾ ഉദ്‌ഘാടന ചടങ്ങിൽ നിന്ന് ദുഃഖത്തോടെ പിന്തിരിയാൻ കാരണം. ഉദ്‌ഘാടന ചടങ്ങിന് രാഷ്‌ട്രപതിയെ ക്ഷണിക്കാത്തത് ആർഎസ്എസ് സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ജയരാജൻ പറഞ്ഞു.

സംസ്ഥാനത്തിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങളെയും വികസന പ്രവർത്തനങ്ങളെയും കേന്ദ്രം അട്ടിമറിക്കുകയാണ്. ഒരിക്കലും ഒരു കേന്ദ്ര സർക്കാർ സ്വീകരിക്കാൻ പാടില്ലാത്ത നടപടിയാണിത്. സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തി അധികാരം കേന്ദ്രീകരിക്കുക എന്നത് ഫാസിസ്റ്റ് രീതിയാണെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി.

ഭരണഘടനയ്ക്ക് പകരം രാജവാഴ്‌ച: അതേസമയം പാർലമെന്‍റ് മന്ദിരം മാത്രമല്ല, നിർമിത ചരിത്രം കൂടിയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്ന് മന്ത്രി എം ബി രാജേഷും ഫേസ്‌ബുക്കിലൂടെ വിമർശനം ഉന്നയിച്ചിരുന്നു. രാഷ്‌ട്രം എന്നാൽ മോദി, മോദി എന്നാൽ രാഷ്‌ട്രം എന്ന പഴയ അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന അടിമവാക്യം പ്രതീകങ്ങളിലൂടെ അടിച്ചേൽപ്പിക്കുകയാണ്.

രാജാധികാരത്തിന്‍റെ പ്രതീകമായിരുന്ന ചെങ്കോൽ 2014 ന് ശേഷമുള്ള പുതിയ ഇന്ത്യയിലേക്ക് ഇറങ്ങിവരുന്നത് ഒരു മ്യൂസിയം പീസായിട്ടല്ല, ജനാധിപത്യത്തിനുമേൽ പതിക്കുന്ന ഫാസിസത്തിന്‍റെ അധികാര ദണ്ഡായാണ്. സംഘപരിവാറിന് സ്വാതന്ത്ര്യം എന്നാൽ അധികാര കൈമാറ്റത്തിന്‍റെ കേവലമൊരു ചടങ്ങ് മാത്രമാകുന്നതിൽ അതിശയിക്കാനില്ല.

ഭരണഘടനയ്ക്ക് പകരം രാജവാഴ്‌ചയുടെ അധികാരദണ്ഡായ ചെങ്കോൽ സ്ഥാപിക്കപ്പെടുന്ന ദിവസം ലോകത്തിന് മുന്നിൽ ദേശീയ അഭിമാനവും യശസുമുയർത്തിയ ഗുസ്‌തി താരങ്ങൾക്ക് തെരുവിൽ ഇറങ്ങേണ്ടിവരുന്നത് പുതിയ ഇന്ത്യയുടെ പരിണാമത്തെ കുറിക്കുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.

ചെങ്കോലായി, ഇനി കിരീട ധാരണം കൂടിയായാൽ എല്ലാമാകുമെന്ന് പരിഹസിച്ച മന്ത്രി ബലപ്രയോഗത്തിന്‍റെയും ഹിംസയുടെയും ഫാസിസ്റ്റ് യുക്തികൾക്കിണങ്ങുന്ന പ്രതീകങ്ങളുടെ തെരഞ്ഞെടുപ്പ് ബോധപൂർവം ആണെന്നും കുറ്റപ്പെടുത്തി. യജ്ഞവും യാഗവും ഹോമവുമായി നടക്കുന്ന പാർലമെൻ്റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങും ശാസ്ത്രബോധം വളർത്തുകയെന്ന ഭരണഘടനയുടെ മൗലിക കടമയും തമ്മിൽ എന്ത് ബന്ധമാണെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

മന്ദിരം ഉദ്‌ഘാടനം ചെയ്‌ത് പ്രധാനമന്ത്രി: അതേസമയം പുതിയ പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അറുപതോളം മതപുരോഹിതന്മാരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്‌ഘാടന ചടങ്ങുകൾ നടന്നത്. പാർലമെൻ്റ് മന്ദിരത്തിലെ സ്‌പീക്കറുടെ ചേംബറിനടുത്ത് ചെങ്കോൽ സ്ഥാപിക്കുകയും ചെയ്‌തു. ശൈവമഠത്തിലെ ഉന്നത പുരോഹിതന്മാരാണ് പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറിയത്.

1200 കോടി രൂപ ചെലവിട്ടാണ് പുതിയ പാർലമെന്‍റ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ത്രികോണാകൃതിയില്‍ നാല് നിലകളിലായുള്ള പാർലമെന്‍റ് മന്ദിരത്തിന്‍റെ വിസ്‌തീർണം 64,500 ചതുരശ്ര അടിയാണ്. ഗ്യാന്‍ ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ ദ്വാര്‍ എന്നിങ്ങനെ മൂന്ന് വലിയ പ്രധാന കവാടങ്ങളാണ് പാർലമെന്‍റ് മന്ദിരത്തിൽ ഒരുക്കിയിട്ടുള്ളത്.

Last Updated : May 28, 2023, 4:41 PM IST

ABOUT THE AUTHOR

...view details