കേരളം

kerala

ETV Bharat / state

'വിമാനക്കമ്പനി രേഖാമൂലം ആവശ്യപ്പെട്ടാല്‍ നിലപാട് വ്യക്തമാക്കും' ; ഇന്‍ഡിഗോ നിസ്സഹകരണ വിഷയത്തില്‍ ഇ.പി ജയരാജന്‍ - ഇൻഡിഗോ

മുഖ്യമന്ത്രിക്ക് നേരെ വിമാനത്തില്‍ പ്രതിഷേധമുണ്ടായപ്പോള്‍ പ്രതിരോധിക്കുന്നതിനായി ഇ.പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉന്തി നിലത്തിട്ടിരുന്നു. തുടര്‍ന്ന് ഇന്‍ഡിഗോ വിമാന കമ്പനി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇ പി ജയരാജനും വിലക്ക് ഏര്‍പ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ച് ഇ പി ജയരാജന്‍ നിസ്സഹകരണം പ്രഖ്യാപിക്കുകയായിരുന്നു

EP Jayarajan  Jayarajan non corporation with Indigo airlines  Indigo airlines  Indigo  ഇന്‍ഡിഗോയോടുള്ള നിസഹകരണം  ഇ പി ജയരാജന്‍  ഇന്‍ഡിഗോ വിമാന കമ്പനി  ഇൻഡിഗോ  വിമാനത്തിലെ പ്രതിഷേധം
ഇന്‍ഡിഗോയോടുള്ള നിസഹകരണം

By

Published : Mar 4, 2023, 9:53 AM IST

തിരുവനന്തപുരം : ഇൻഡിഗോയോടുള്ള നിസ്സഹകരണം അവസാനിപ്പിക്കണം എന്ന് വിമാന കമ്പനി രേഖാമൂലം ആവശ്യപ്പെട്ടാൽ അപ്പോൾ നിലപാട് വ്യക്തമാക്കാമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇൻഡിഗോ വിമാന കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കമ്പനിയുടെ ചീഫ് മാനേജർ വിളിച്ചിരുന്നു. ഇൻഡിഗോ ഖേദം പ്രകടിപ്പിച്ചു. കമ്പനി അത്തരത്തിൽ ഒരു നിലപാട് എടുക്കാൻ പാടില്ലായിരുന്നു. നിസ്സഹകരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് രേഖാമൂലം കത്ത് വരട്ടെ അപ്പോൾ നിലപാട് വ്യക്തമാക്കാമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

കഴിഞ്ഞ ജൂൺ 13നാണ് ഇ പി ജയരാജന്‍ ഇൻഡിഗോ വിമാന കമ്പനിയുമായി നിസ്സഹകരണം പ്രഖ്യാപിക്കാനിടയായ സംഭവം. പിണറായി വിജയന്‍ സഞ്ചരിച്ചിരുന്ന വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്‌തപ്പോൾ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുയര്‍ത്തി.ഇതോടെ പ്രവർത്തകരെ ഇ പി ജയരാജന്‍ ഉന്തിയിട്ടു. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജയരാജന്‍ തള്ളി മാറ്റുമ്പോള്‍ ഇവർ താഴേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഈ സംഭവത്തിന് പിന്നാലെയാണ് ഇന്‍ഡിഗോ ഇപി ജയരാജന് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാൽ മുഖ്യമന്ത്രിക്ക് നേരയുള്ള ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്നുവെന്നാണ് ജയരാജൻ ഉന്നയിച്ച വാദം. വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ജയരാജൻ നിസ്സഹകരണം പ്രഖ്യാപിച്ചത്. താൻ ഇനി നടന്ന് പോയാലും ഇന്‍ഡിഗോയില്‍ കയറില്ലെന്ന് ജയരാജൻ തുറന്നടിച്ചിരുന്നു.

വിമാനത്തിനുള്ളില്‍ വച്ച് മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിരുന്നെങ്കില്‍ അത് കമ്പനിക്ക് കളങ്കമായേനെയെന്നും താന്‍ പ്രതിരോധിച്ച് ഇന്‍ഡിഗോയെ രക്ഷിക്കുകയായിരുന്നുവെന്നുമാണ് ജയരാജൻ അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത്ര നിലവാരമില്ലാത്ത ഇന്‍ഡിഗോയിൽ ഇനി യാത്ര ചെയ്യില്ല. നിലവാരമില്ലാത്ത കമ്പനിയുമായി ഇനി ഒരു ബന്ധവും ഇല്ല. മാന്യൻമാരുടേതായ വിമാനക്കമ്പനി വേറെയും ഉണ്ട്. നടന്ന് പോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ലെന്നുമായിരുന്നു ഇ പി ജയരാജന്‍റെ പ്രതികരണം.

ജനകീയ പ്രതിരോധ ജാഥയില്‍ ഇന്ന് ചേരും : അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ നിന്ന് വിട്ടുനിൽക്കുന്നതിലും അദ്ദേഹം പ്രതികരിച്ചു. താൻ യാത്ര ചെയ്യാറുണ്ട്. ഇപ്പോഴും യാത്രയിലാണ്. കേരളത്തിന്‍റെ പല ഭാഗങ്ങളിൽ പോവുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഉന്നയിക്കുന്ന പ്രശ്നം പ്രസക്തിയുള്ളതല്ല. വിവാദങ്ങൾ വർത്തയുണ്ടാക്കാൻ വേണ്ടിയാണ്. വ്യക്തിഹത്യ ഉപേക്ഷിക്കണം.

ജനകീയ പ്രതിരോധ യാത്രയില്‍ ഇന്ന് പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈകിട്ട് അഞ്ച് മണിക്ക് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിലാണ് ഇ പി ജയരാജൻ പങ്കെടുക്കുന്നത്. ഇതിനായി അദ്ദേഹം രാവിലെ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് തിരിച്ചു. കഴിഞ്ഞ മാസം 20ന് കാസർകോട് നിന്ന് തുടങ്ങിയ ജാഥയുടെ ഉദ്ഘാടനത്തില്‍ പോലും ഇ പി ജയരാജന്‍ പങ്കെടുക്കാതിരുന്നത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഇ പി ജയരാജന്‍ ജാഥയില്‍ ഇതുവരെ ഒരിടത്തും പങ്കെടുത്തിരുന്നില്ല.

ABOUT THE AUTHOR

...view details