തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ നഗരസഭ ചെയർപേഴ്സൺ പി കെ ശ്യാമള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. അന്വേഷണം പൂർത്തിയാകുമ്പോൾ പ്രതിപക്ഷത്തിന് പറഞ്ഞതോർത്ത് ദുഃഖിക്കേണ്ടി വരുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ആന്തൂരിലെ ആത്മഹത്യ : പികെ ശ്യാമള തെറ്റ് ചെയ്തിട്ടില്ലെന്ന് മന്ത്രി ഇപി ജയരാജൻ
അന്വേഷണം പൂർത്തിയാകുമ്പോൾ പ്രതിപക്ഷത്തിന് പറഞ്ഞതോർത്ത് ദുഃഖിക്കേണ്ടി വരുമെന്ന് ഇ പി ജയരാജൻ. മന്ത്രിയുടെ പരാമർശം പ്രതിയെ രക്ഷിക്കും എന്നതിന്‍റെ സൂചനയാണെന്ന് കെസി ജോസഫ്
ആന്തൂരിൽ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ എന്തുകൊണ്ട് രാഷ്ട്രീയ നേതൃത്വത്തിനെതിരെ നടപടിയില്ലെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ ചോദ്യത്തിനുള്ള മറുപടിയായാണ് പികെ ശ്യാമളയെ പിന്തുണച്ച് മന്ത്രി ഇപി ജയരാജൻ രംഗത്തെത്തിയത്. രാഷ്ട്രീയ വിദ്വേഷത്തിന്‍റെ പേരിൽ ഒരാളെ കുറ്റവാളിയായി പ്രഖ്യാപിച്ച് അത് പ്രചരിപ്പിച്ചാൽ അയാൾ കുറ്റവാളിയാവില്ലെന്നും വിശദമായ അന്വേഷണത്തിലൂടെ മാത്രമെ ഇക്കാര്യം വ്യക്തമാകുവെന്നും ഇപി ജയരാജൻ പറഞ്ഞു. അതേ സമയം അന്വേഷണ റിപ്പോർട്ട് വരുമ്പോൾ ദുഃഖിക്കേണ്ടി വരുമെന്ന മന്ത്രിയുടെ പരാമർശം പ്രതിയെ രക്ഷിക്കും എന്നതിന്‍റെ സൂചനയാണെന്ന് കെസി ജോസഫ് പറഞ്ഞു. പി കെ ശ്യാമളയെ പിന്തുണച്ചുള്ള മന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു.