തിരുവനന്തപുരം :എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. ഇന്നലെ വൈകിട്ടായിരുന്നു കൂടിക്കാഴ്‌ച. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതായാണ് വിവരം.
ഇന്നലെ ഏക സിവിൽ കോഡിനെതിരെ കോഴിക്കോട് സിപിഎം സംഘടിപ്പിച്ച സെമിനാറിൽ ഇ പി പങ്കെടുത്തിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്നതിനിടെയാണ് പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇ പിക്ക് നിർദേശം നൽകിയതായി സൂചന പുറത്തുവരുന്നത്.
അതേസമയം, വിവാദങ്ങൾക്കിടെ ഈ മാസം 22ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കുമെന്ന് സൂചനയുണ്ട്. ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാർ ബഹിഷ്‌കരിച്ചതോടെയാണ് പാർട്ടി പ്രവർത്തനങ്ങളിലെ ഇ പിയുടെ നിസ്സഹരണം വീണ്ടും ചർച്ചാവിഷയമായത്. സെമിനാറിൽ പങ്കെടുക്കാതെ ഇന്നലെ വൈകിട്ട് 5 ന് മംഗലപുരം ആശുപത്രി നട ജങ്ഷനിൽ ഡിവൈഎഫ്ഐ നിർമിച്ച് നൽകുന്ന സ്നേഹവീടിന്‍റെ താക്കോൽ ദാന ചടങ്ങിലാണ് ഇ പി പങ്കെടുത്തത്.
വിവാദത്തിൽ ഇ പി ജയരാജന്‍റെ പ്രതികരണം : സെമിനാർ ദിവസങ്ങൾക്ക് മുൻപേ പ്രഖ്യാപിച്ചതാണ്. സംസാരിക്കുന്നവരുടെ പേരും പ്രഖ്യാപിച്ചു. അതിലെവിടെയും തന്‍റെ പേരില്ല. എന്നാൽ ഇപ്പോഴുണ്ടായ വിവാദം സെമിനാറിനെ കളങ്കപ്പെടുത്താനാണ്. അതൊരു അനാവശ്യ വിവാദമാണ്. സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി നടത്തുന്ന പ്രചാരണങ്ങൾ മാത്രമാണ് ഈ വിവാദമെന്നും ഏക സിവിൽ കോഡിനെ എല്ലാവരും ഒറ്റക്കെട്ടായി എതിർക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.