തിരുവനന്തപുരം:അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണവുമായി ഇപി ജയരാജന്‍. കണ്ണൂരിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ടില്‍ ഭാര്യയുടെയും മകൻ്റെയും പേരിലാണ് നിക്ഷേപം. ഭാര്യ ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ചതാണ് നിക്ഷേപം നടത്തിയ പണമെന്നും അദ്ദേഹം ആരോപണത്തില്‍ മറുപടി നല്‍കി.
'വൈദേകത്തിലെ നിക്ഷേപം'; ആരോപണത്തില്‍ സിപിഎം സെക്രട്ടേറിയറ്റില്‍ ഇപിയുടെ മറുപടി - സിപിഎം
കണ്ണൂരിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധമുണ്ടെന്നും ഇതുവഴി അനധികൃത സ്വത്ത് സമ്പാദനം നടത്തി എന്നുമാണ് ഇപി ജയരാജനെതിരായി സിപിഎമ്മിനകത്ത് ഉയര്‍ന്ന ആരോപണം
വിവാദം സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെയാണ് ഇപി സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയത്. ഇന്നലെ (ഡിസംബര്‍ 29) കണ്ണൂരില്‍ നിന്ന് തിരിക്കുമ്പോൾ മാധ്യമങ്ങളെ കണ്ടെങ്കിലും വിവാദങ്ങളോട് പ്രതികരണം ഉണ്ടായിരുന്നില്ല. ഇന്നലെ മാധ്യമങ്ങളോട് ആഗോള താപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ സംസാരിച്ച ഇപി ഇന്ന് സൗഹ്യദ സംഭാഷണത്തിൽ മാത്രം മറുപടി ഒതുക്കി. വിവാദം സംസ്ഥാന കമ്മിറ്റിയില്‍ ചർച്ച ചെയ്യാൻ പോളിറ്റ് ബ്യൂറോയുടെ നിർദേശം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സെക്രട്ടേറിയറ്റ് വിഷയം പരിഗണിച്ചത്. ആരോപണം സംബന്ധിച്ച് ജയരാജൻ്റെ വിശദീകരണം പരിശോധിച്ച ശേഷമാകും തുടർനടപടികളിലേക്ക് സിപിഎം കടക്കുക.
ആരോപണം പരാതിയായി നല്‍കാതെ പി ജയരാജന്‍:സംസ്ഥാന സമിതി യോഗത്തിൽ ആരോപണം ഉന്നയിച്ചുവെങ്കിലും പി ജയരാജൻ ഇതുസംബന്ധിച്ച് പരാതിയായി എഴുതി നൽകിയിരുന്നില്ല. ഇപിയുടെ വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ പരിശോധിക്കാൻ സമിതിയെ നിയോഗിക്കും. ഇപി കേന്ദ്ര കമ്മറ്റിയംഗമായതിനാൽ മുതിർന്ന നേതാക്കളെയാകും സമിതിയിൽ നിയോഗിക്കുക. തെറ്റുകാരനാണെന്ന് സമിതി കണ്ടെത്തിയാൽ കേന്ദ്ര കമ്മറ്റിയാകും ഇപിയ്‌ക്കെതിരായ നടപടി സ്വീകരിക്കുക. സമിതിയുടെ പരിശോധന റിപ്പോർട്ട് സെക്രട്ടേറിയറ്റ് ചർച്ചചെയ്‌ത ശേഷം കേന്ദ്ര കമ്മിറ്റിക്ക് നൽകും. ജനുവരി അവസാനം കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നുണ്ട്. അതിനുമുന്‍പ് തന്നെ പരിശോധനയടക്കമുള്ള കാര്യങ്ങൾ പൂർത്തിയാക്കാനാണ് സിപിഎം ശ്രമം.