തിരുവനന്തപുരം: വൈദേകം റിസോര്‍ട്ട് വിവാദം പി ജയരാജന്‍ സിപിഎമ്മിനുള്ളില്‍ ഉന്നയിച്ചുവെന്ന് സമ്മതിച്ച് ഇപി ജയരാജന്‍. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാദം പാര്‍ട്ടിയുടെ പരിഗണനയ്ക്ക് വന്നതായി ഇപി ജയരാജന്‍ സമ്മതിച്ചിരിക്കുന്നത്. ഇത്തരമൊരു വിഷയം പാര്‍ട്ടി വേദികളില്‍ ചര്‍ച്ചയായിട്ടില്ലെന്നായിരുന്നു ഇ.പി ജയരാജനും പാര്‍ട്ടി നേതാക്കളും ഇതുവരേയും വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതിനെയെല്ലാം തള്ളികളയുന്നതാണ് ജയരാജന്‍റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.
അഭിമുഖത്തിന്‍റെ പ്രസക്‌ത ഭാഗങ്ങൾ റിസോര്‍ട്ട് വിവാദത്തില്‍ വിശദമായാണ് അഭിമുഖത്തില്‍ ഇപി ജയരാജന്‍ വാരികയില്‍ സംസാരിച്ചിരിക്കുന്നത്. സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന്‍ വിഷയം ഉന്നയിച്ചിരുന്നു. എന്നാല്‍ അഴിമതി നടന്നുവെന്നായിരുന്നില്ല പി ജയരാജന്‍ സംശയം ഉന്നയിച്ചത്. സഹകരണ സ്ഥാപനത്തെ പോലെ സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ പാടുണ്ടോ, അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നത് ശരിയാണോ തുടങ്ങിയ കാര്യങ്ങളാണ് ഉന്നയിച്ചത്.
അഭിമുഖത്തിന്‍റെ പ്രസക്‌ത ഭാഗങ്ങൾ അതിനെ മാധ്യമങ്ങള്‍ ഇത്തരത്തില്‍ വളച്ചൊടിച്ചതാണെന്നും ഇപി ജയരാജന്‍ പറയുന്നു. വൈദേകം റിസോര്‍ട്ടിന്‍റെ കാര്യത്തില്‍ മന്ത്രിയായിരുന്നപ്പോഴൊ അല്ലാത്തപ്പോഴോ ഒരു അധികാര ദുര്‍വിനിയോഗവും നടത്തിയിട്ടില്ല. ഇത് മാത്രമല്ല നിരവധി സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ കൊണ്ടു വന്നിട്ടുണ്ട്.
ആരോപണങ്ങൾക്ക് പിന്നിൽ: റിസോര്‍ട്ടില്‍ നേരത്തെ എം.ഡിയായിരുന്ന തലശേരി സ്വദേശി രമേശന്‍ ആ റിസോര്‍ട്ട് കമ്പനിയെ സ്വന്തമാക്കാന്‍ അനധികൃതമായ ഒരു ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ എം.ഡി സ്ഥാനത്ത് നിന്ന് മാറ്റി ഡയറക്‌ടര്‍ മാത്രമായി നിയമിച്ചിരുന്നു. ഇതിനെതിരെ രമേശന്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും നിയമപരമായി ഒന്നും നിലനിന്നില്ല.
അഭിമുഖത്തിന്‍റെ പ്രസക്‌ത ഭാഗങ്ങൾ ഇതേ തുടര്‍ന്നാണ് തന്‍റെ പേര് കൂടി ലിങ്ക് ചെയ്‌ത് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയതെന്നും ഇ.പി ആരോപിക്കുന്നു. ഈ രമേശന്‍ പി ജയരാജനുമായും കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. ഇതെല്ലാം നിയമപരമല്ലാതെ കമ്പനി സ്വന്തമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. അഴിമതി നടന്നതായൊന്നും പറഞ്ഞിട്ടില്ലെന്ന് പി. ജയരാജന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അനാവശ്യമായ വിവാദങ്ങൾക്കായുള്ള ശ്രമമാണ്.
നാട്ടില്‍ ഒരു സ്ഥാപനം വരാന്‍ സഹായിച്ചു എന്നത് മാത്രമാണ് താന്‍ ചെയ്‌തതെന്നും പാര്‍ട്ടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ ഒരു തെറ്റുമില്ലെന്നാണ് കരുതുന്നത്. നാട്ടില്‍ ഒരു സ്ഥാപനം അത് ടാറ്റയോ ബിര്‍ളയോ അണെങ്കിലും സഹായിക്കുന്നതില്‍ തെറ്റില്ലെന്നും ഇപി വ്യക്തമാക്കുന്നു.
അഭിമുഖത്തിന്‍റെ പ്രസക്‌ത ഭാഗങ്ങൾ തന്‍റെ ഭാര്യയും മകനും റിസോര്‍ട്ട് നടത്തിപ്പ് കമ്പനിയില്‍ ഭാഗമായതിനെ സംബന്ധിച്ചും വിശദമായി ഇപി അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി പോലെ വലിയൊരു സ്ഥാപനം കണ്ണൂരിലും വരണമെന്നത് തന്‍റെ ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് ഇത്തരം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്നില്‍ ഈ ആശയം വെച്ചത്.
അഭിമുഖത്തിന്‍റെ പ്രസക്‌ത ഭാഗങ്ങൾ ചെയര്‍പേഴ്‌സണായി പി കെ ഇന്ദിര: ആദ്യം കോപറേറ്റീവ് സൊസൈറ്റിയായി തുടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തനം എന്നതു കൊണ്ടാണ് കമ്പനിയായി രൂപീകരിക്കാന്‍ തീരുമാനിച്ചത്. തന്നോട് ചെയര്‍മാനാകാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞു മാറുകയാണ് ചെയ്‌തത്.
അന്ന് പങ്കാളികളായവരില്‍ പലരും ഇതിന് തയാറാകാതെ വന്നതോടെയാണ് മകന്‍ ജയ്‌സനെ കമ്പനിയുടെ ചെയര്‍മാനാക്കാന്‍ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി ജയ്‌സണ്‍ 25 ലക്ഷം എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് നിക്ഷേപിക്കുകയും ചെയ്‌തു. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി 2021 ആയപ്പോഴേക്കും കമ്പനിയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായി.
അഭിമുഖത്തിന്‍റെ പ്രസക്‌ത ഭാഗങ്ങൾ ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ തന്‍റെ അടുത്തു വന്നപ്പോൾ ഭാര്യ പി.കെ ഇന്ദിരയ്ക്ക് വിരമിക്കല്‍ ആനുകൂല്യമായി ലഭിച്ച 51 ലക്ഷം രൂപ വായ്‌പയായി നല്‍കുകയാണ് ചെയ്‌തത്. അത് കഴിഞ്ഞ് 2021 ഡിസംബറിലാണ് ഭാര്യ ഇന്ദിര കമ്പനിയില്‍ ഓഹരിയെടുക്കുന്നതും ഡയറക്‌ടര്‍ ബോര്‍ഡില്‍ വരുന്നതും.
പിന്നാലെയാണ് രമേശന്‍ എന്നയാള്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തുന്നത്. ഇതിനു പിന്നാലെയാണ് ഭാര്യ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് എത്തുന്നതെന്നും ഇപി വ്യക്തമാക്കുന്നു. ഇത്തരത്തില്‍ കമ്പനിയെ അനധികൃതമായി സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടത് കൊണ്ട് രമേശന്‍ എന്നയാള്‍ നടത്തുന്ന പ്രചരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ഇ.പി പറഞ്ഞ് വയ്ക്കുന്നത്.
വൈദേകം നേരത്തെയും ചർച്ച വിഷയം: സിപിഎമ്മിന്‍റെ മുന്നില്‍ ഈ റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നേരത്തേയും വന്നിട്ടുണ്ട്. റിസോര്‍ട്ട് നിര്‍മ്മാണത്തിന് മണ്ണെടുക്കുന്നെതിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് സമരം ചെയ്‌തിട്ടുണ്ട്. സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയായിട്ടുണ്ട്. ഇത് ഒരു നല്ല സ്ഥാപനമാണെന്നും ഇതിനെ സഹായിക്കാമെന്ന തന്‍റെ നിലപാട് അംഗീകരിക്കുകയാണ് അപ്പോള്‍ ചെയ്‌തതെന്നും ഇപി വ്യക്തമാക്കുന്നുണ്ട്.
സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന്‍ റിസോര്‍ട്ടുമായുള്ള ഇപി ജയരാജന്‍റെ ബന്ധം സംബന്ധിച്ച് ആരോപണം നേരത്തെ ഉന്നയിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനമെന്ന ആരോപണമാണ് പി ജയരാജന്‍ ഉന്നയിച്ചത്. വിവാദങ്ങള്‍ തുടരുന്നതിനിടെ തന്നെ വൈദേകം റിസോര്‍ട്ടുമായുള്ള ബന്ധം ഒഴിയാന്‍ ഇ.പി ജയരാജന്‍റെ കുടുംബം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
ഓഹരികൾ വിൽക്കുന്നു: ഭാര്യ ഇന്ദിരയുടേയും മകന്‍ ജയ്ണ്‍ന്‍റെയും പേരിലുള്ള റിസോര്‍ട്ടിലെ ഓഹരികൾ വില്‍ക്കാന്‍ തയാറാണെന്ന് ഡയറക്‌ടര്‍ ബോര്‍ഡിനെ അറിയിക്കുകയായിരുന്നു. ഇരുവര്‍ക്കും കൂടി 1 കോടി രൂപയ്ക്കടുത്തുള്ള നിക്ഷേപമാണ് വൈദേകത്തിലുള്ളത്. പി കെ ഇന്ദിരയ്ക്ക് 8199000 രൂപയുടെ ഓഹരിയാണുള്ളത്.
മകന്‍ ജയ്‌സണ് 10 ലക്ഷത്തിന്‍റെ നിക്ഷേപവുമുണ്ട്. ഇരുവര്‍ക്കുമായുള്ള ഓഹരി മൂല്യം 12.33 ശതമാനമാണ്. റിസോട്ടിലെ പങ്കാളിത്വം മൂലമുള്ള വിവാദങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇപി ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നതെന്നാണ് സൂചന. ഇതിനിടെ റിസോര്‍ട്ടില്‍ ഇഡി പരിശോധനയും നടന്നിരുന്നു.