കേരളം

kerala

ETV Bharat / state

'കേരളത്തെ നശിപ്പിക്കുന്നയാള്‍, ക്രൂര മനസിന്‍റെ ഉടമ'; വിഡി സതീശനെ വിമര്‍ശിച്ച് ഇപി ജയരാജന്‍ - ഇപി ജയരാജന്‍

EP Jayarajan: പ്രതിപക്ഷ നേതാവ് വിഡി സതീശനെ രൂക്ഷമായി വിമര്‍ശിച്ച് ഇപി ജയരാജന്‍. കേരളത്തിലെ വികസന കാര്യങ്ങളില്‍ സഹായങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കുറ്റപ്പെടുത്തല്‍. കരുവന്നൂര്‍ വിഷയം സംസ്ഥാന വ്യാപക പ്രശ്‌നമാണോയെന്നും ചോദ്യം.

EP Jayarajan Against VD Satheesan  EP Jayarajan  ഇപി ജയരാജന്‍  പ്രതിപക്ഷ നേതാവ്
EP Jayarajan Criticized VD Satheesan

By ETV Bharat Kerala Team

Published : Jan 15, 2024, 8:14 PM IST

Updated : Jan 15, 2024, 10:50 PM IST

വിഡി സതീശനെ വിമര്‍ശിച്ച് ഇപി ജയരാജന്‍

തിരുവനന്തപുരം: കേരളത്തെ നശിപ്പിക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടുള്ള പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ക്രൂരമായ മനസിന്‍റെ ഉടമയാണെന്നും നശീകരണ വാസനയുടെ ഉടമയായിട്ടാണ് പ്രതിപക്ഷ നേതാവ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇപി ജയരാജന്‍ (EP Jayarajan).

കെ ഫോണ്‍ വിഷയത്തില്‍ അഴിമതി ആരോപണം ചൂണ്ടിക്കാട്ടി വിഡി സതീശന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതു താത്‌പര്യ ഹര്‍ജി പരിഗണിച്ചതിന് പിന്നാലെയാണ് ഇപി ജയരാജന്‍റെ പ്രതികരണം. വിഡി സതീശൻ പ്രതിപക്ഷ നേതാവായി വന്നത് മുതൽ കേരളത്തിന്‍റെ എല്ലാ വികസന പ്രവർത്തനങ്ങളെയും തകർക്കാനും തുരങ്കം വയ്ക്കാനും നിരന്തരമായി പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്.

കേരളം നേടിയിട്ടുള്ള ഒരു വികസന കാര്യങ്ങളിലും പ്രതിപക്ഷ നേതാവിന്‍റെ സഹായങ്ങളോ പിന്തുണയോ ഉണ്ടായിട്ടില്ല. മാത്രമല്ല എല്ലാ വികസന പ്രവർത്തനങ്ങളെയും തകർക്കലാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. പ്രളയം, കൊവിഡ് കാലഘട്ടങ്ങളിൽ പോലും സാമ്പത്തികമായി പ്രയാസം അനുഭവിക്കുമ്പോൾ വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസികളും ചില സർക്കാരുകളും ജനങ്ങളും സഹായിക്കാൻ മുന്നോട്ട് വന്നപ്പോൾ സാമ്പത്തിക സഹായം ലഭ്യമാക്കാതിരിക്കാൻ ഇന്ത്യയ്ക്ക് അകത്തും പുറത്തും പ്രചാരവേല നടത്തിയ പ്രതിപക്ഷമാണ് ഇവിടെയുള്ളതെന്നും അതിന്‍റെ നേതാവാണ് വിഡി സതീശനെന്നും ഇപി കുറ്റപ്പെടുത്തി (VD Satheesan).

വളരെ സാമ്പത്തിക പ്രയാസം നേരിട്ട ഘട്ടത്തിലാണ് സാലറി ചലഞ്ച് വന്നത്. കോൺഗ്രസിന്‍റെ എൻജിഒ അധ്യാപക സംഘടനകൾ ആ സർക്കുലറുമായി വീടുകളിൽ പോയി സർക്കുലർ കത്തിച്ച് കേരളത്തെ സഹായിക്കരുത്, കേരളം അനുഭവിക്കുന്ന ദുരിതത്തിൽ നിന്നും കരകയറരുത് എന്ന ലക്ഷ്യം വച്ചുകൊണ്ട് നീചമായ പ്രവർത്തി നടത്തിയിട്ടുള്ള പ്രതിപക്ഷമാണ്. അതിന്‍റെ നേതാവാണ് വിഡി സതീശൻ.

കെ ഫോൺ പദ്ധതിയുടെ തുടക്കം മുതൽ തന്നെ അതിനെ തടസപ്പെടുത്താനും അതിനെതിരെ പ്രചാരവേലകൾ നടത്താനും ശ്രമിച്ചു. കേരളത്തിലെ ജനങ്ങൾക്ക് ഇന്‍റര്‍നെറ്റ് കണക്ഷൻ ലഭ്യമാക്കാനുള്ളതാണ് കെ ഫോൺ. അതിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കോടതി അഴിമതി എന്താണ് എന്നാണ് ചോദിച്ചു. സിഎജി റിപ്പോർട്ട് കിട്ടിയിട്ട് മറുപടി പറയാമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.

ഇത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് കോടതി പറഞ്ഞു. കോടതിയുടെ സമയമാണ് സതീശൻ കളഞ്ഞത്. അദ്ദേഹത്തിന് ക്രിയാത്മകമായ ഒരു കാര്യങ്ങളും നിർദ്ദേശിക്കാനില്ല. കഴിഞ്ഞ ഏഴര വർഷകാലമായി കേരളത്തിന്‍റെ വികസന കാര്യങ്ങളിൽ ഏതെങ്കിലും ഒരു കാര്യത്തിൽ പോലും നല്ല വാക്ക് പറയാത്ത ഒരു മനസിന്‍റെയും ചിന്തയുടെയും ഉടമയാണ്.

കോൺഗ്രസ് പാർട്ടിക്ക് അകത്ത് തന്നെ സതീശൻ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹം കണ്ടെത്തിയ മാർഗം കേരളത്തിലെ ഇടതുപക്ഷത്തിനെതിരെയും കേരള താൽപര്യങ്ങൾക്കെതിരെയും പ്രഖ്യാപനങ്ങൾ നടത്തുക എന്നുള്ളതാണ്. ആ നടപടി തിരുത്തി കേരളത്തിന്‍റെ താത്‌പര്യം സംരക്ഷിക്കാൻ, കേരളത്തിൽ ഒപ്പം നിൽക്കാൻ പ്രതിപക്ഷം നേതാവിന് കഴിയണമെന്നും ഇപി ജയരാജൻ പറഞ്ഞു. കെ ഫോണിൽ വിഡി സതീശൻ ആവശ്യപ്പെട്ട സിബിഐ അന്വേഷണം കോടതി അംഗീകരിച്ചില്ല.

എഐ ക്യാമറയിലുള്ള അഴിമതി എന്താണ്? അപകടം ധാരാളം കുറഞ്ഞു. അഴിമതി ഉന്നയിക്കുന്നവർക്ക് അത് തെളിയിക്കാൻ കഴിയുന്നില്ല. അതേസമയം മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പ്രതിപക്ഷം അനുകൂലമായ നിലപാട് സ്വീകരിച്ചാൽ നല്ലതെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂര്‍ ബാങ്കില്‍ നിയമ വിരുദ്ധ വായ്‌പകള്‍ അനുവദിക്കാന്‍ മന്ത്രി പി.രാജീവിന്‍റെ സമ്മര്‍ദ്ദമുണ്ടായെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകിയതുമായി ബന്ധപ്പെട്ട ചോദ്യത്തോട്, തനിക്ക് അറിയാത്ത കാര്യങ്ങളോട് പ്രതികരിക്കാൻ ആകില്ലെന്നായിരുന്നു ഇപിയുടെ മറുപടി. കരുവന്നൂർ കാര്യം ചോദിക്കാൻ തുടങ്ങിയിട്ട് കാലം എത്രയായി. ഇതെല്ലാം രാഷ്ട്രീയ കാര്യമാണോ? സംസ്ഥാന വ്യാപകമായ പ്രശ്‌നമാണോ? സംസ്ഥാനത്തിന്‍റെ പൊതു രാഷ്ട്രീയമാണോ? അതൊരു പ്രദേശത്തിന്‍റെ പ്രശ്‌നമല്ലേ. അത് അവിടെ പരിഹരിച്ച് പരിഹാരം കണ്ട് പോകേണ്ട വിഷയമല്ലേ. ചെറിയ സംഭവങ്ങളെ പെരുപ്പിച്ച് സഹകരണ പ്രസ്ഥാനത്തിന്‍റെയും കേരളത്തിന്‍റെയും സവിശേഷതയെ തകർക്കരുതെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.

അയോധ്യ വിഷയത്തില്‍ ഇപിയുടെ പ്രതികരണം:അയോധ്യ വിഷയത്തിൽ രാഷ്ട്രീയവും മതവും തമ്മിൽ കൂട്ടിക്കുഴക്കരുതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. രാഷ്ട്രീയം രാഷ്ട്രീയ നേതാക്കളും മതപരമായ കാര്യങ്ങൾ മത പുരോഹിതന്മാരും മതവിശ്വാസികളും കൈകാര്യം ചെയ്യേണ്ട വിഷയമാണ്. മതവിശ്വാസത്തെയും ദൈവവിശ്വാസത്തെയും വോട്ട് ബാങ്ക് ആക്കി തീർക്കാൻ മതവിശ്വാസത്തെ വർഗീയ ഭ്രാന്താക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ചെയ്യുന്ന ഹീന നടപടികൾ രാജ്യത്തിന്‍റെ മതസാഹോദര്യം തകർക്കും. അയോധ്യയിൽ പള്ളി പൊളിച്ച സ്ഥാനത്ത് അമ്പലം പണിതു. ഈ വിഷയത്തെ ഇപ്പോൾ രാജവ്യാപകമായി വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. ഇത് ഇന്ത്യയുടെ മതനിരപേക്ഷത മൂല്യത്തിന്‍റെ അടിത്തറ ഇളക്കും. ജനാധിപത്യത്തെ ദുർബലപ്പെടുത്തും. അതുകൊണ്ടാണ് എല്ലാ മതേതരവാദികളും ജനാധിപത്യശക്തികളും മതവിശ്വാസികളും മതത്തെയും ദൈവവിശ്വാസത്തെയും വർഗീയ വൽക്കരിക്കുന്ന ബിജെപി ആർഎസ്എസ് സംഘപരിവാർ നീക്കത്തിനെതിരെ അണിനിരക്കാൻ അഭ്യർത്ഥിക്കുന്നതെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.

Last Updated : Jan 15, 2024, 10:50 PM IST

ABOUT THE AUTHOR

...view details