കേരളം

kerala

ETV Bharat / state

EP Jayarajan | നിസഹകരണം തുടര്‍ന്ന് ഇപി ജയരാജന്‍; പ്രതിസന്ധിയിലായി സിപിഎം, ഉത്തരമില്ലാതെ നേതൃത്വം - EP Jayarajan continues non cooperation with CPM

നേതൃയോഗങ്ങളില്‍ പങ്കെടുക്കാത്തതിന് കാരണമായി യാത്ര ചെയ്യാനുളള ബുദ്ധിമുട്ടാണ് ഇപി ജയരാജൻ മുന്നോട്ടുവയ്‌ക്കാറുള്ളത്. എന്നാൽ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച ഏക സിവില്‍ കോഡിനെതിരായ സെമിനാറില്‍ പങ്കെടുക്കാതെ ഇന്ന് യാത്ര ചെയ്‌ത് ഇപി തിരുവനന്തപുരത്ത് എത്തിയത് പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്

ഇപി ജയരാജൻ  EP Jayarajan  നിസഹകരണം തുടര്‍ന്ന് ഇ പി ജയരാജന്‍  ഇപി  എം വി ഗോവിന്ദൻ  സിപിഎം  CPM  ഇടതു മുന്നണിയിൽ പ്രതിസന്ധി  കോടിയേരി ബാലകൃഷ്‌ണൻ  EP Jayarajan continues non cooperation with CPM  EP Jayarajan CPM
ഇ പി ജയരാജന്‍

By

Published : Jul 15, 2023, 10:48 PM IST

തിരുവനന്തപുരം: പ്രത്യക്ഷത്തില്‍ വലിയ വിഭാഗീയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകുന്ന സിപിഎമ്മില്‍ ഇപി ജയരാജന്‍ ഉയര്‍ത്തുന്ന വിമത സ്വരം ചെറുതല്ലാത്ത പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്. പാര്‍ട്ടിയുടെ പ്രധാന പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ജയരാജന്‍ പതിവാക്കിയിട്ടുണ്ട്. പാര്‍ട്ടി നേതൃയോഗങ്ങളില്‍ പോലും ജയരാജന്‍ പങ്കെടുക്കുന്നില്ല. ഈ യോഗങ്ങളില്‍ പങ്കെടുക്കാത്തതിന് കാരണമായി യാത്ര ചെയ്യാനുളള ബുദ്ധിമുട്ട് പറയുന്ന ജയരാജന്‍, ഇന്ന് സിപിഎം കോഴിക്കോട് സംഘടിപ്പിച്ച ഏക സിവില്‍ കോഡിനെതിരായ സെമിനാറില്‍ പങ്കെടുക്കാതെ തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

സിപിഎം ജനറല്‍ സെക്രട്ടറിയടക്കമുള്ള പ്രമുഖരെല്ലാം പങ്കെടുത്ത പരിപാടിയില്‍ നിന്ന് മുതിര്‍ന്ന നേതാവ് തന്നെ വിട്ടു നില്‍ക്കുമ്പോള്‍ അഭിപ്രായ വ്യത്യാസത്തിന്‍റെ ആഴം വ്യക്തമാകുകയാണ്. പരസ്യമായി ഒരു അഭിപ്രായ വ്യത്യാസമില്ലെന്ന് പറയുമ്പോഴും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും നിലപാട് കടുപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

തുടരുന്ന ബഹിഷ്‌കരണം:സിപിഎം ഔദ്യോഗിക നേതൃത്വവുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും ഏറെ അടുത്തു നിന്ന നേതാവായിരുന്നു ഇപി ജയരാജന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് ടേം നിബന്ധന കര്‍ശനമാക്കിയതോടെ മത്സര രംഗത്ത് നിന്ന് മാറി നിന്നെങ്കിലും ആ അടുപ്പത്തിന് കുറവ് വന്നില്ല. എന്നാല്‍, സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍റെ മരണത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഇപി ജയരാജന്‍ പ്രതീക്ഷിച്ചിട്ടുണ്ടാകും. പക്ഷേ എംവി ഗോവിന്ദനായിരുന്നു സെക്രട്ടറി സ്ഥാനത്ത് എത്തിയത്. ഇതോടെ ഔദ്യോഗിക നേതൃത്വവുമായി ഇപി അകന്ന് തുടങ്ങി.

ഇതിന് പിന്നാലെ ഒഴിവുവന്ന പോളിറ്റ് ബ്യൂറോയിലേക്ക് തന്നെക്കാള്‍ ജൂനിയറായ എംവി ഗോവിന്ദന്‍ തന്നെ എത്തിയതോടെ ഈ അകല്‍ച്ച വര്‍ധിച്ചു. ഇതിന് പിന്നാലെയാണ് പി ജയരാജന്‍, ഇപി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദനം എന്ന ആരോപണം സിപിഎം സംസ്ഥാന കമ്മറ്റിയില്‍ അവതരിപ്പിച്ചത്. ഇപി പങ്കെടുക്കാതിരുന്ന നേതൃയോഗത്തിലായിരുന്നു ഈ ആരോപണം.

ഇപിയുടെ ഭാര്യയ്ക്കും മകനും നിക്ഷേപമുള്ള വൈദേകം ആയുര്‍വേദ റിസോര്‍ട്ടിന്‍റെ പേരിലായിരുന്നു ഈ ആരോപണം. എന്നാല്‍ പരസ്യമായി ഇത്തരമൊരു ആരോപണം ആരും ഉയര്‍ത്തിയില്ലെന്ന പ്രതികരണത്തില്‍ സിപിഎം വിവാദം ഒതുക്കിയെങ്കിലും അതുണ്ടാക്കിയ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.

ഭാര്യയുടേയും മകന്‍റെയും പേരിലുളള റിസോര്‍ട്ടിലെ നിക്ഷേപം തന്നെ ഇതിന് പിന്നാലെ ഇപി ഒഴിവാക്കിയിരുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ അറിവോടെയാണ് ഇത്തരമൊരു ചര്‍ച്ചയുയര്‍ന്നതെന്ന വിശ്വാസത്തിലാണ് ഇപി. ഇതോടെയാണ് പൂര്‍ണമായും നിസഹകരണം എന്ന നിലപാടിലേക്ക് എത്തിയത്.

ഇതിനിടയില്‍ ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനം നല്‍കി ഇപിയെ അനുനയിപ്പിക്കാനുള്ള ശ്രമം നടന്നെങ്കിലും അതും ഏറ്റില്ല. സിപിഎമ്മിന്‍റെ പ്രധാന പരിപാടികളിലെ ഇപി ജയരാജന്‍റെ അസാന്നിധ്യം ചര്‍ച്ചയായി. അതില്‍ പ്രധാനം സിപിഎം സംസ്ഥാന സെക്രട്ടറിയായ ശേഷം ആദ്യാമായി എംവി ഗോവിന്ദന്‍ നയിച്ച് ജനകീയ പ്രതിരോധ ജാഥയില്‍ നിന്നു വിട്ടുനിന്നതാണ്.

കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടന്ന ജാഥയില്‍ ആദ്യം ഇപിയുടെ പങ്കാളിത്തമുണ്ടായില്ല. സ്വന്തം തട്ടകമായ കണ്ണൂരില്‍ ജാഥ കടന്നുപോയപ്പോൾ പോലും ഇപി അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. ഇത് വലിയ വിവാദമായപ്പോള്‍ നേതൃത്വം ഇടപെട്ടാണ് ഇപിയെ ജാഥയുടെ വേദിയിലെത്തിച്ചത്. അതും ജാഥ തൃശൂരില്‍ എത്തിയ ശേഷം മാത്രം.

ജാഥയില്‍ പങ്കെടുത്തെങ്കിലും ഇപി നിസഹകരണം തുടരുക തന്നെ ചെയ്‌തു. വെള്ളിയാഴ്‌ചകളിലെ പതിവ് സെക്രട്ടറിയേറ്റ് യോഗങ്ങളിലും കഴിഞ്ഞ രണ്ട് സംസ്ഥാന സമിതി യോഗങ്ങളിലും ഇപി പങ്കെടുത്തില്ല. ഇതില്‍ അവസാനത്തേതാണ് കോഴിക്കോട് ഏകീകൃത സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍.

അനാരോഗ്യം പറഞ്ഞ് നേതൃയോഗങ്ങള്‍ക്ക് പോലും തിരുവനന്തപുരത്ത് എത്താത്ത ഇപിയാണ് ഡിവൈഎഫ്‌ഐയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സെമിനാറിന്‍റെ ദിവസം തിരുവനന്തപുരത്തേക്ക് വണ്ടി കയറി സിപിഎമ്മിനെ വീണ്ടും പ്രതിസന്ധിയിലാക്കിയത്.

ഇടതുമുന്നണിയിലും പ്രതിസന്ധി:ഇപി ജയരാജന്‍റെ നിസഹകരണം ഇടതുമുന്നണിയിലും പ്രതിസന്ധിയാവുകയാണ്. മുന്നണി യോഗം പോലും ചേരാതെയാണ് ഇപ്പോഴുള്ള മുന്നണിയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ പ്രധാന വിഷയങ്ങളിലൊന്നും കൂടിയാലോചനകള്‍ നടക്കുന്നില്ല.

ഏപ്രില്‍ 5നാണ് അവസാനമായി മുന്നണി യോഗം ചേര്‍ന്നത്. അതിനു ശേഷം നിര്‍ണായകമായ പല വിഷയങ്ങളുണ്ടായെങ്കിലും മുന്നണിയില്‍ കൂട്ടായ ഒരു ചര്‍ച്ചയും നടന്നില്ല. ഏക സിവില്‍ കോഡില്‍ പോലും സിപിഎം ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്ന വിമര്‍ശനവും ഘടക കക്ഷികള്‍ക്കുണ്ട്.

മുന്നണി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കേണ്ട ഇപിയുടെ വിട്ടുനില്‍ക്കല്‍ തന്നെയാണ് ഇവിടേയും പ്രതിസന്ധിയാകുന്നത്. മുന്നണി കണ്‍വീനറെ മാറ്റണം എന്ന ആവശ്യം സിപിഎമ്മിന് മുന്നിലേക്ക് വന്നിട്ടില്ലെങ്കിലും ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന നിര്‍ദേശം വരാം. ഇടതുമുന്നണി കണ്‍വീനര്‍ എന്ന നിലയില്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനങ്ങള്‍ വിളിക്കുന്നതൊഴിച്ചാല്‍ ഇപി ഒരു പ്രവര്‍ത്തനവും നടത്തുന്നില്ല.

മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപിയെ മാറ്റി നിര്‍ത്തുന്നത് കൂടുതല്‍ പ്രതിസന്ധിയാകുമെന്ന് സിപിഎം നേതൃത്വത്തിന് ഉറപ്പുണ്ട്. നിലവില്‍ നിസഹകരണം അടക്കം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ സംബന്ധിച്ച് ഇപിയില്‍ നിന്നും ഒരു പരസ്യ പ്രതികരണം ഉണ്ടായിട്ടില്ല. കണ്‍വീനര്‍ സ്ഥാനത്ത് നിന്നുകൂടി ഒഴിവാക്കപ്പെട്ടാല്‍ അത്തരം ഒരു നീക്കം സിപിഎം ഉറപ്പിക്കുന്നുണ്ട്.

ജയരാജന്‍മാര്‍ കണ്ണൂരിലെ സിപിഎം കരുത്ത്:ഇപി ജയരാജന്‍, പി ജയരാജന്‍, എംവി ജയരാജന്‍ - ഈ മൂന്ന് ജയരാജന്‍മാരായിരുന്നു കണ്ണൂരിലെ സിപിഎമ്മിന്‍റെ കരുത്ത്. സിപിഎമ്മിന്‍റെ താഴേത്തട്ട് മുതല്‍ പ്രവര്‍ത്തിച്ചുവന്ന മൂന്ന് നേതാക്കള്‍ക്കും അണികള്‍ക്കിടയിലും വലിയ സ്വീകാര്യതയാണ്.

എന്നാല്‍ സൗമ്യമായ പെരുമാറ്റവും പാര്‍ട്ടിയോടുള്ള കൂറും ഏറെ പ്രകടിപ്പിച്ച നേതാവാണ് ഇപി. സാക്ഷാല്‍ എംവി രാഘവന്‍ സിപിഎമ്മില്‍ നിന്ന് പുറത്തായപ്പോള്‍ രാഷ്ട്രീയ ശിഷ്യനായിട്ടും പാര്‍ട്ടിക്കൊപ്പം തന്നെ ഇപി ഉറച്ച് നിന്നിരുന്നു. സിപിഎമ്മില്‍ നിന്ന് എംവി രാഘവനെതിരെ അഴിക്കോട് മത്സരിച്ചാണ് ഇപി പാര്‍ട്ടിക്കൂറ് അന്ന് പ്രഖ്യാപിച്ചത്.

ചെറിയ ഭൂരിപക്ഷത്തിലായിരുന്നു ഇപിയുടെ പരാജയം. രാഷ്ട്രീയ എതിരാളികളുടെ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട ഇപി അതിന്‍റെ ശേഷിപ്പുകളും ശരീരത്തില്‍ ഏറിയാണ് ജീവിക്കുന്നത്. ഇത്തരത്തില്‍ ഇതുവരേയും പാര്‍ട്ടിക്കാരനായി ജീവിച്ച ഇപിയുടെ ഇപ്പോഴത്തെ നിലപാടുകള്‍ സംബന്ധിച്ച് അണികളോട് വിശദീകരിക്കാന്‍ നേതൃത്വവും ബുദ്ധിമുട്ടും.

ABOUT THE AUTHOR

...view details