കേരളം

kerala

ETV Bharat / state

പി ജയരാജന്‍ തൊടുത്ത അമ്പ് തറയ്‌ക്കുന്നത് സിപിഎമ്മിന്‍റെ ഇടനെഞ്ചില്‍, പ്രത്യയശാസ്‌ത്ര വ്യാഖ്യാനം ചമയ്‌ക്കാന്‍ പാടുപെട്ട് നേതൃത്വം - Allegation against EP Jayarajan

എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അനധികൃത സ്വത്ത് സമ്പാദ്യം നടത്തിയെന്ന് പി ജയരാജൻ ഉന്നയിച്ച ആരോപണമാണ് സിപിഎമ്മിൽ പുതിയ ആഭ്യന്തര തർക്കങ്ങൾക്ക് കാരണമായത്.

പി ജയരാജന്‍  സിപിഎമ്മില്‍ പുതിയ തര്‍ക്കങ്ങള്‍  സിപിഎം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  പാര്‍ട്ടി സംസ്ഥാന സമിതി  ഇ പി ജയരാജൻ  ഇ പി ജയരാജനെതിരെ പി ജയരാജന്‍  ഇപിക്കെതിരെ പി ജയരാജന്‍  ഇ പി ജയരാജനെതിരെ ആരോപണം  എല്‍ഡിഎഫ് കണ്‍വീനര്‍  കണ്ണൂരിലെ ആയൂര്‍വേദ റിസോര്‍ട്ട്  cpm crisis  kerala news  malayalam news  New controversies in CPM  CPM  CPM Party State Committee  P Jayarajan  E P Jayarajan  Allegation against EP Jayarajan  KERALA CPM
സിപിഎമ്മിൽ പുതിയ തര്‍ക്കങ്ങള്‍ക്ക് തുടക്കമാകുന്നു

By

Published : Dec 26, 2022, 7:43 PM IST

Updated : Dec 26, 2022, 7:56 PM IST

തിരുവനന്തപുരം: പാര്‍ട്ടിയിലെ കരുത്തന്‍മാരായ രണ്ടു ജയരാജന്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കം സിപിഎമ്മില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് തുടക്കമാകുന്നു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് പാര്‍ട്ടി സംസ്ഥാന സമിതി രൂപം നല്‍കിയതിനിടെ അതേ സമിതിയില്‍ അവതരിപ്പിച്ച തെറ്റു തിരുത്തല്‍ രേഖയിലാണ് തർക്കം നടക്കുന്നത്. തുടര്‍ഭരണം പാര്‍ട്ടിയില്‍ സൃഷ്‌ടിച്ച ജീര്‍ണതയും സംഘടനാപരമായി ഏറ്റെടുക്കേണ്ട അടിയന്തര കടമയും സംബന്ധിച്ച തെറ്റു തിരുത്തല്‍ രേഖയിന്‍മേലുള്ള ചര്‍ച്ചയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ ആരോപണത്തിനുള്ള വേദിയാക്കി പി ജയരാജന്‍ മാറ്റിയത്.

പാര്‍ട്ടിക്കുള്ളില്‍ നടന്ന ഈ ചര്‍ച്ച പുറത്തായതോടെ സിപിഎം തീര്‍ത്തും പ്രതിരോധത്തിലായി. സിപിഎം നേതാക്കളിലും അണികളിലും വന്‍തോതില്‍ വലതുപക്ഷ വ്യതിയാനം സംഭവിക്കുന്നു എന്ന സിപിഎം വിമര്‍ശകരുടെയും കോണ്‍ഗ്രസിന്‍റെയും ആരോപണങ്ങള്‍ക്ക് അടിവരയിടുന്ന ഗുരുതര ആരോപണമാണ് ഇപിക്കെതിരെ പി ജയരാജന്‍ ഉയര്‍ത്തിയത്. കണ്ണൂരിലെ ആയൂര്‍വേദ റിസോര്‍ട്ടില്‍ ആദ്യം ഇ പി ജയരാജനും പിന്നാലെ മകനും ഭാര്യയും ഡയറക്‌ടര്‍മാരാകുകയും പിന്നാലെ റിസോര്‍ട്ടിന്‍റെ മറവില്‍ ഇ പി അനധികൃത സ്വത്തുണ്ടാക്കിയെന്നുമായിരുന്നു പി ജയരാജന്‍റെ ആരോപണം.

നിരായുധനായി ഇ പി ജയരാജന്‍: ആരോപണം തള്ളാതെ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിക്കുക കൂടി ചെയ്‌തതോടെ ഇ പി ജയരാജന്‍ പാര്‍ട്ടിയില്‍ തീര്‍ത്തും നിരായുധനായി. മാത്രമല്ല, 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം പാര്‍ട്ടിയില്‍ പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അപ്രീതിക്ക് പാത്രമായി ഏറെക്കുറെ പി ജയരാജന്‍ ഒറ്റപ്പെട്ട നിലയിലായിരുന്നു. എറണാകുളത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനു ശേഷം രൂപീകരിച്ച സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതീക്ഷിച്ചിട്ടും പിജെ പുറത്തായി.

ഇതിനിടെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ നിര്യാണത്തെ തുടര്‍ന്ന് എം വി ഗോവിന്ദന്‍റെ പാര്‍ട്ടി സെക്രട്ടറി പദത്തിലേക്കുള്ള അപ്രതീക്ഷിത വരവ്. ഇതോടെ പി ജയരാജന്‍ പാര്‍ട്ടിയിലും കണ്ണൂരിലും തന്‍റെ നഷ്‌ടപ്പെട്ട കരുത്ത് തിരിച്ചു പിടിക്കുകയാണെന്നതിന്‍റെ തെളിവു കൂടിയാണ് പുതിയ ആരോപണം എന്നത് വ്യക്തം. ഈ ബലപരീക്ഷണത്തില്‍ മുഖ്യമന്ത്രി കൈക്കൊള്ളുന്ന നിലപാടായിരിക്കും ഇപിയുടെ ഭാവിക്ക് നിര്‍ണായകം.

തലയൂരുമോ സിപിഎം: സമീപകാലത്ത് പാര്‍ട്ടി ഒട്ടനവധി വിവാദങ്ങളില്‍ ചെന്നു ചാടിയിട്ടുണ്ടെങ്കിലും അതെല്ലാം തുടര്‍ഭരണത്തിന്‍റെ തിളക്കത്തിലും ശക്തമായ സംഘടന സംവിധാനത്തിന്‍റെ കരുത്തിലും ഒരു പരിധിവരെ അതിജീവിക്കാന്‍ പാര്‍ട്ടിക്കായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പി ജയരാജന്‍ ഉയര്‍ത്തിയ ആരോപണത്തിലൂടെ ഉളവായ പ്രത്യയശാസ്‌ത്ര പ്രതിസന്ധിയില്‍ നിന്ന് അത്രവേഗം തലയൂരുക എന്നത് സിപിഎമ്മിനെ സംബന്ധിച്ച് എളുപ്പമല്ല. റിസോര്‍ട്ടിന്‍റെ പേരിലുള്ള ആരോപണങ്ങളില്‍ പുതുമയില്ലെങ്കിലും അതിന്‍റെ പേരില്‍ ഇ പി സ്വത്തു സമ്പാദിച്ചെന്ന ആരോപണം അത്ര ലളിതമല്ല.

കേരളം പശ്ചിമ ബംഗാൾ പോലെയോ?: ഇത് സൃഷ്‌ടിച്ച ചെറുതല്ലാത്ത പ്രതിസന്ധിയും പ്രതിച്ഛായ നഷ്‌ടവും സിപിഎമ്മിന് കനത്ത ആഘാതമാണ് സൃഷ്‌ടിച്ചതെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. തുടര്‍ച്ചയായി 34 വര്‍ഷം പശ്ചിമബംഗാളില്‍ ഭരണം നേടിയെന്ന ഖ്യാതിക്കൊടുവില്‍ അവിടെ പാര്‍ട്ടിയുടെ ഉന്മൂല നാശനമാണുണ്ടായത്. ഇപ്പോള്‍ കേരളത്തിലെ പാര്‍ട്ടിയിലുയരുന്ന സമാന സംഭവങ്ങളാണ് അന്ന് പശ്ചിമബംഗാളിലും അരങ്ങേറിയതും ഒടുവില്‍ സിപിഎമ്മിന്‍റെ അടിവേരറുത്തതും എന്ന യാഥാര്‍ഥ്യം കേരളത്തിലെയും കേന്ദ്രത്തിലെയും സിപിഎം നേതൃത്വത്തിന്‍റെ മനസിലുണ്ടെങ്കിലും അതില്‍ നിന്ന് പുറത്തു കടക്കാന്‍ പാര്‍ട്ടിക്ക് അധികാരമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനത്ത് സാധിക്കുന്നില്ല.

രണ്ടും കല്‍പിച്ച് സിപിഎം: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ സിപിഎം ഇക്കുറി നില മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങളിലേക്ക് കടന്നിരുന്നു. മന്ത്രിമാരും പിബി അംഗങ്ങളും ഉള്‍പ്പെടെയുള്ളവരുടെ ഭവന സന്ദര്‍ശനത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനാണ് തീരുമാനിച്ചിരുന്നത്. കേന്ദ്രത്തിന്‍റെ കേരള വിരുദ്ധ സമീപനങ്ങളും പിണറായി സര്‍ക്കാരിന്‍റെ നേട്ടവും സര്‍ക്കാരിനെതിരെ ബിജെപിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന്‍റെ നിലപാടുകളും തുറന്നു കാട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്.

തിരിച്ചടിക്കാന്‍ കോപ്പു കൂട്ടി ഇപി ജയരാജൻ: എന്നാല്‍ മുതിര്‍ന്ന നേതാവ് തന്നെ സ്വത്ത് സമ്പാദന ആരോപണത്തില്‍ കുടുങ്ങി നില്‍ക്കുമ്പോള്‍ എങ്ങനെ നേതാക്കള്‍ വീടുകയറും എന്നൊരു ആശങ്ക സിപിഎമ്മിനുണ്ട്. കേന്ദ്ര കമ്മിറ്റി അംഗമാണെങ്കിലും പ്രവര്‍ത്തന മേഖല കേരളമായതിനാല്‍ ഇപിക്കെതിരായ നടപടികള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നതില്‍ പാര്‍ട്ടിക്ക് തടസമൊന്നുമില്ല. തിരിച്ചടിക്കാന്‍ തന്നെയാണ് ഇപി ജയരാജനും കോപ്പു കൂട്ടുന്നത്. പി ജയരാജന്‍റെ ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധവും സ്വര്‍ണക്കടത്തു പ്രതികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുകളുമൊക്കെ ചികഞ്ഞെടുക്കുന്ന തിരക്കിലാണ് ഇപി അനുകൂലികള്‍.

ഫലത്തില്‍ ഇന്നലെ വരെ ഒരിലയില്‍ നിന്ന് ഒരുമിച്ച് ഊണുകഴിച്ചിരുന്നവര്‍ പരസ്‌പരം പോര്‍വിളിയുയര്‍ത്തുമ്പോള്‍ എന്തു പ്രത്യയ ശാസ്‌ത്ര വ്യാഖ്യാനം ചമച്ച് അണികളെ കൂടെ നിര്‍ത്തുമെന്നതാണ് സിപിഎമ്മിന്‍റെ പ്രതിസന്ധിയും.

Last Updated : Dec 26, 2022, 7:56 PM IST

ABOUT THE AUTHOR

...view details