തിരുവനന്തപുരം: കെ ഫോണിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ പരാമർശം പ്രതിപക്ഷ നേതാവിനേറ്റ കനത്ത പ്രഹരമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ (EP Jayarajan About Petition Against K Phone). ഇന്നത്തെ (16-01-2024) എൽ ഡി എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്. കോടതിയുടെ സമയം കെടുത്തുന്ന ശല്യക്കാരിയായ വ്യവഹാരിയാണ് വി ഡി സതീശൻ.
ആളാവാനാണ് വി ഡി സതീശൻ കേസിന് പോയത്. യു ഡി എഫ് പോലും ഒന്നുമില്ലെന്ന് കണ്ടു നിർത്തിയപ്പോഴാണ് വി ഡി സതീശൻ കേസിന് പോകുന്നത്. പരിഹാസ്യമായ കാര്യമാണ് നടന്നത്. കോടതിയുടെ സമയം കെടുത്തി ശല്യപ്പെടുത്തിയ വ്യവഹാരിയാണ് വി ഡി സതീശൻ. നശീകരണ വാസന ഒരു പ്രതിപക്ഷ നേതാവിന് ഭൂഷണമല്ല. വൻകിട കമ്പനികളുമായി ഏറ്റുമുട്ടിയാണ് കെ ഫോൺ പദ്ധതി നടപ്പിലാക്കിയത്.
വൻകിട കമ്പനികാർക്ക് വേണ്ടിയാണോ പ്രതിപക്ഷ നേതാവ് കേസിന് പോയതെന്നും അദ്ദേഹം ചോദിച്ചു. വൻകിട കമ്പനികാർക്ക് വേണ്ടിയാണ് പ്രതിപക്ഷ നേതാവ് കേസിന് പോയത്. അഴിമതി ആരോപണത്തിൽ ഒരു തെളിവുമില്ല. അപേക്ഷ കോടതി തള്ളികളഞ്ഞു. സ്ഥിരമായി കോടതിയിൽ വ്യവഹാരം നടത്തുന്ന ചിലയാളുകളുണ്ട്.
പണ്ട് കേരളത്തിൽ അങ്ങനെ ചിലരുണ്ടായിരുന്നു. അവരുടെ പട്ടികയിലേക്ക് വി ഡി സതീശനും പോകരുത്. ലോകയുക്ത ഭാഗം നീക്കം ചെയ്യാനാണ് കോടതി പറഞ്ഞത്. അടിസ്ഥാന രഹിതമായ കാര്യങ്ങൾ വക്കീലിനെയും വെച്ച് കോടതിയിൽ കൊടുത്താൽ തന്‍റെ കാര്യം സാധിച്ചെടുക്കാൻ കഴിയുമെന്നാണ് വിചാരം. ഇതു പൊതുതാല്‍പര്യമില്ല വ്യക്തിതാല്‍പര്യമാണെന്ന് കോടതി പറഞ്ഞത്. പ്രശസ്‌തിക്ക് വേണ്ടിയുള്ള കേസാണിതെന്നും കോടതി വിമർശിച്ചു. വന്ന വഴി തന്നെ കേസ് കോടതി തള്ളിക്കളഞ്ഞുവെന്നും ഇ പി ജയരാജൻ വിമർശിച്ചു.