തിരുവനന്തപുരം :ദുര്‍ബലമായ രാഷ്‌ട്രീയത്തിന്‍റെ വക്താക്കളാണ് തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. പുതുപ്പള്ളിയില്‍ മത്സരം ഒഴിവാക്കണമെന്ന കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു ഇ.പി. തെരഞ്ഞെടുപ്പ് എന്നത് രാഷ്‌ട്രീയ നയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. അല്ലാതെ വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമല്ല.
മോശം രാഷ്‌ട്രീയം കൈയ്യിലുള്ളവരും അതിന്‍റെ വക്താക്കളുമാണ് തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നത്. ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം കൊണ്ടാണ് തെരഞ്ഞെടുപ്പ് വേണ്ടെന്ന് പറയുന്നത്. ഇതിന് സിപിഎമ്മും ഇടതുമുന്നണിയും തയ്യാറല്ല. തെരഞ്ഞെടുപ്പ് ജനാധിപത്യ സംവിധാനത്തിന്‍റെ ഭാഗമാണ്.
രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള വേദിയാണത്. ജനങ്ങൾക്ക് രാഷ്‌ട്രീയം മനസിലാക്കാൻ കഴിയും. ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം ഏഴ് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവസരമാണിത്. ഭരണം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്.അതിനാലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നത്.
ന്യൂനപക്ഷ വിഷയങ്ങളിൽ ചർച്ച വേണ്ടേ ? ജനങ്ങളെ ഭയപ്പെടുന്നവര്‍ക്ക് മാത്രമേ ഇത്തരം ഒരു ആവശ്യം മുന്നോട്ട് വയ്‌ക്കാന്‍ കഴിയുകയുള്ളൂവെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം മണിപ്പൂരില്‍ നടക്കുന്നത് നടുക്കുന്ന സംഭവങ്ങളാണ്. ക്രൈസ്‌തവര്‍ വലിയ രീതിയില്‍ വേട്ടയാടപ്പെടുകയാണ്. ഏക സിവില്‍ കോഡിലും ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുകയാണ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഈ സംഘപരിവാര്‍ അജണ്ടകളെല്ലാം ചര്‍ച്ചയാകും.
ഈ വിഷയങ്ങളില്‍ പ്രചരണം നടത്താന്‍ കഴിയും. ഇതൊന്നും വേണ്ട എന്ന നിലപാടുകൊണ്ടാണോ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് എതിർക്കുന്നതെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും ഇപി ആവശ്യപ്പെട്ടു. സി പി എം എല്ലാ മണിക്കൂറിലും പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. എപ്പോള്‍ തെരഞ്ഞെടുപ്പ് വന്നാലും നേരിടാന്‍ തയ്യാറാണ്.