തിരുവനന്തപുരം:ദൈവത്തിന്‍റെ സ്വന്തം നാടും ഏറ്റവും മനോഹരമായ കാലാവസ്ഥക്കും ഭൂപ്രകൃതിക്കും പേരുകേട്ട കേരളത്തില്‍ ഇന്ന് സംഭവിക്കുന്നത് എന്താണ്? പരിസ്ഥിതിയില്‍ ഇടയ്ക്കിടെയുണ്ടാകുന്ന ആഘാതങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും അപടകടരമാംവിധം പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നു. കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതിക്ക് ഉണ്ടായ അപകടകരമായ ഈ മാറ്റത്തേയും കുറിച്ച് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.സുഭാഷ് ചന്ദ്രബോസ് ഇടിവി ഭാരതിനോട് സംസാരിക്കുന്നു.
എല്ലാം തകിടം മറിച്ച് നിർമാണ പ്രവർത്തനങ്ങൾ
കേരളത്തിലെ പരിസ്ഥിതി ആഘാതങ്ങളുടെ തുടക്കം ഇന്നോ ഇന്നലെയോ അല്ല. എൺപതുകള്‍ മുതല്‍ അതിന്‍റെ സ്വാധീനമുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗവും വികാസവും പ്രകൃതിയെ കീഴ്‌മേല്‍ മറിക്കുകയാണുണ്ടായത്. മലയാളി ഉള്‍പ്പെടെയുള്ള മാനവ സമൂഹം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇതില്‍ വലിയ പങ്കു വഹിക്കുന്നു.
കേരളത്തില്‍ പെയ്യുന്ന മഴയെ ഉള്‍ക്കൊള്ളുന്നത് ഇവിടുത്തെ മലകളും വയലുകളും പുഴകളുമാണ്. എന്നാല്‍ തത്വദീക്ഷയില്ലാത്ത വികസനത്തിലൂടെ കടലിലും കരയിലും വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. ഒരു ഹെക്‌ടര്‍ കാടിന് 30000 ഘന കിലോമീറ്റര്‍ വെള്ളത്തെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. 10 സെന്‍റ് വയലില്‍ രണ്ടു ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളും. വയലുകള്‍ നികത്തിയും മലകള്‍ തുരന്നും ഇതിന്‍റെ സ്വാഭാവിക ഒഴുക്കും സംരക്ഷിത ശേഷിയും ഇല്ലാതായി കഴിഞ്ഞു.
അറബിക്കടലിലെ മാറ്റങ്ങളും കേരളത്തിൽ പ്രകൃതിദുരന്തം സൃഷ്‌ടിക്കുന്നു
ബംഗാള്‍ ഉള്‍ക്കടലിലെ മാറ്റങ്ങള്‍ മാത്രമായിരുന്നു നാളിതുവരെ കേരളത്തിലെ കാലാസ്ഥ വ്യതിയാനങ്ങളെ നിര്‍ണയിച്ചിരുന്നതെങ്കില്‍ ഇന്ന് അറബിക്കടലും കേരളത്തെ പിടിച്ചുകുലുക്കുന്നു. അറബിക്കടല്‍ വല്ലാതെ ചൂടാവുകയാണ്. ഉയരുന്ന നീരാവികള്‍ ലംബദിശയില്‍ കയറി തിരശ്ചീന ദിശയില്‍ സഞ്ചരിക്കുന്നു.