തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരനായ പ്രതി കെ.ടി റമീസിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തു. ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയ ശേഷം ബുധനാഴ്‌ചയാണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്. റമീസിനെ ഇഡി തിങ്കളാഴ്‌ച കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തേക്കും.
കെ.ടി റമീസിനെ നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ നേരത്തെ എൻ.ഐ.എയും, കസ്റ്റംസും വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ പിന്നീട് ഈ കേസുകളിൽ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കസ്റ്റംസ് ശുപാർശയിൽ ഇയാൾക്ക് കൊഫേപോസെ കരുതൽ തടവ് ഏർപ്പെടുത്തിയിരുന്നു.
ഇതേ തുടർന്ന് ഒരു വർഷം ജയിലിൽ കിടന്ന ശേഷമായിരുന്നു റമീസ് പുറത്തിറങ്ങിയത്. ഇഡി അന്വേഷിക്കുന്ന സ്വർണ്ണക്കടത്ത് കേസിലെ അഞ്ചാം പ്രതിയാണ് കെ.ടി റമീസ്. ഇതേ കേസിൽ ഇ ഡി നേരത്തെ പ്രാഥമിക കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. നയതന്ത്ര ചാനൽ വഴി സ്വർണ്ണക്കടത്ത് എന്ന ആശയത്തിന് പിന്നിൽ കെ.ടി റമീസ് ആണെന്നാണ് ഇഡി സംശയിക്കുന്നത്.