എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയം. അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
2017ല്‍ മെഡിക്കല്‍ സംഘം കണ്ടെത്തിയവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കും. അന്ന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ആനുകൂല്യം നല്‍കാനാണ് തീരുമാനം. തുടര്‍നടപടികള്‍ക്ക് കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ അറിയിച്ചു.
പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കടയാത്ര നടത്തിയതിന്‍റെ പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചര്‍ച്ചയ്ക്ക് വിളിച്ചത്.
പതിനൊന്നു പഞ്ചായത്തിലുള്ളവരെ മാത്രമേ സര്‍ക്കാര്‍ പരിഗണിക്കുന്നുള്ളൂവെന്നും പരിസര പ്രദേശത്തുള്ളവരുടേയും ദുരിതം കാണണമെന്നുമായിരുന്നു സമരസമിതിയുടെ ആവശ്യം. അതേസമയം, ദുരിതബാധിതരായ കുട്ടികളെ പ്രദര്‍ശിപ്പിച്ച് സമരം നടത്തുന്നത് ശരിയല്ലെന്നും അതിനു പിന്നിലെന്താണെന്ന് അറിയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രസ്താവന നടത്തിയത് വിവാദത്തിനു വഴിവെച്ചിരുന്നു.