തിരുവനന്തപുരം :ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, രാഷ്‌ട്രീയ നേതാക്കള്‍, ഗായിക കെ എസ് ചിത്ര തുടങ്ങിയ പ്രമുഖര്‍ പിന്നണി ഗായിക വാണി ജയറാമിന്‍റെ(77) നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ചെന്നൈയിലെ അപ്പാര്‍ട്ട്മെന്‍റില്‍ അവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
19 ഭാഷകളിലായി 10,000ത്തിലധികം പാട്ടുകള്‍ വാണി ജയറാം പാടിയിട്ടുണ്ട്. ഇതില്‍ ഒരു പിടി മലയാളം സൂപ്പര്‍ഹിറ്റ് ഗാനങ്ങളും ഉള്‍പ്പെടുന്നു. 'പദ്‌മ ഭൂഷന്‍ വാണി ജയറാമിന്‍റെ വിയോഗത്തില്‍ ഹൃദയഭേദകമായ അനുശോചനം രേഖപ്പെടുത്തുന്നു. വാണി ജയറാമിന്‍റെ മെലഡികള്‍ മലയാളത്തിലേയും മറ്റ് ഭാഷകളിലേയും ശ്രോതാക്കളെ പിടിച്ചിരുത്തുന്നതായിരുന്നു. അവരുടെ ആത്‌മാവിന് മുക്തി ലഭിക്കട്ടെ' - ആരിഫ് മുഹമ്മദ് ഖാന്‍ ട്വീറ്റ് ചെയ്‌തു.
ജന ഹൃദയത്തില്‍ വാണി ജീവിക്കുമെന്ന് മുഖ്യമന്ത്രി:അസാമാന്യമായ കഴിവുകളുള്ള ഗായികയായിരുന്നു വാണി ജയറാം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഭാവാത്‌മകമായ ശബ്‌ദത്തിലൂടെ സംഗീത ആസ്വാദകരുടെ മനസില്‍ വലിയ സ്‌ഥാനമാണ് വാണി ജയറാം നേടിയത്. പിന്നണി ഗായിക എന്ന നിലയിലുള്ള ഏഴ് പതിറ്റാണ്ട് ജീവിതത്തില്‍ മുഹമ്മദ് റാഫി മുതല്‍ പുതിയ തലമുറയില്‍പ്പെട്ട ഗായകന്‍മാരോടൊപ്പം വരെ വാണി ജയറാം പാടി. മരണത്തിന് ശേഷവും പാട്ടുകളിലൂടെ ജനങ്ങളുടെ ഹൃദയത്തില്‍ വാണി ജീവിക്കും.
കൃത്യമായ മലയാള ഉച്ചാരണം ഉള്ളതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നുള്ള ആളല്ല എന്ന തോന്നല്‍ ഉണ്ടാക്കാനുള്ള അവസരം അവര്‍ നല്‍കിയില്ല. ഇന്ത്യന്‍ സംഗീത ലോകത്തിന് വാണി ജയറാമിന്‍റെ നിര്യാണം നഷ്‌ടമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.