തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം നിഷേധിച്ച് മേഴ്സിക്കുട്ടിയമ്മ. രമേശ് ചെന്നിത്തലയുടേത് അസംബന്ധ പ്രചരണമാണ്. ഒരു കമ്പനിയുമായും ഇത്തരത്തിലൊരു കരാര്‍ ഒപ്പുവെച്ചിട്ടില്ല. ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകേണ്ടത് ഫിഷറീസ് വകുപ്പാണ്. എന്നാല്‍ ഇത്തരമൊരു അപേക്ഷ ഫിഷറീസ് വകുപ്പിന് മുന്നിൽ വന്നിട്ടില്ല. അസൻ്റ് കേരളയിൽ എന്താണ് നടന്നതെന്ന് തനിക്ക് അറിയില്ല. അവിടെ ഒരു കരാറും ഒപ്പ് വച്ചിട്ടില്ല. താൻ അമേരിക്കൻ സന്ദർശനം നടത്തിയിട്ടുണ്ട്. യുഎന്‍ ക്ഷണിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് പോയത്. അല്ലാതെ അമേരിക്കയില്‍ മറ്റൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു.
ഇഎംസിസി കരാര്‍; പ്രതിപക്ഷനേതാവിന്‍റെ ആരോപണം അസംബന്ധമെന്ന് മേഴ്സിക്കുട്ടിയമ്മ - രമേശ് ചെന്നിത്തല വാര്‍ത്ത
പ്രതിപക്ഷനേതാവിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഒരു കമ്പനിയുമായും ഇത്തരത്തിലൊരു കരാര്‍ ഒപ്പുവെച്ചിട്ടില്ലെന്നും പ്രതിപക്ഷത്തിന്‍റെ ആരോപണം അസംബന്ധമെന്നും മന്ത്രി പ്രതികരിച്ചു.
രമേശ് ചെന്നിത്തലക്ക് ബോംബ് പൊട്ടിച്ച് നടക്കാനുള്ള ആഗ്രഹമാണ്. എന്നാല്‍ അത് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വിലപോവില്ല. മത്സ്യതൊഴിലാളികളെ തെറ്റിധരിപ്പിക്കാമെന്ന വ്യാമോഹമാണ് പ്രതിപക്ഷത്തിനെങ്കില്‍ ആ പരിപ്പ് ഇവിടെ വേവില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം മുങ്ങിച്ചാവാന്‍ പോകുമ്പോള്‍ എവിടെയെങ്കിലും പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. എന്തും വിളിച്ചുപറയുന്ന സ്വഭാവമായിരിക്കുന്നു പ്രതിപക്ഷനേതാവിനെന്നും മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് രണ്ട് മിനുട്ടിന്‍റെ ആയുസ് മാത്രമെന്നും ആരോപണങ്ങൾ പിൻവലിച്ച് അദ്ദേഹം മാപ്പ് പറയണമെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിക്കൊണ്ട് 5,000 കോടിയുടെ കരാറുണ്ടാക്കി അഴിമതി നടത്തിയെന്നും ഈ ഗൂഡാലോചനക്ക് പിന്നില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയാണെന്നുമായിരുന്നു ചെന്നിത്തലയുടെ ആരോപണം.