പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷന് അനുമതി
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണ കമ്മീഷനോടൊപ്പം വിദ്യാർഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നിയമസാധുത നല്‍കാനും മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യറേഷനും മന്ത്രിസഭ അംഗീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷനും ശമ്പളവും പരിഷ്‌കരിക്കുന്നതിനുള്ള കമ്മീഷനെ നിയമിക്കാന്‍ തീരുമാനം. ശമ്പള പരിഷ്‌കരണം, സ്ഥാനകയറ്റം എന്നിവക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷനെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്.
മുന്‍ കേന്ദ്ര സെക്രട്ടറി മോഹന്‍ദാസാണ് മൂന്നംഗ സമിതിയുടെ ചെയര്‍മാൻ. കമ്മീഷനിലെ മറ്റംഗങ്ങള്‍ ഹൈക്കോടതി അഭിഭാഷകൻ അശോക് മാമന്‍ ചെറിയാന്‍, കുസാറ്റിലെ സെന്‍റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസിന്‍റെ മുന്‍ ഡയറക്‌ടര്‍ സുകുമാരന്‍ നായര്‍ എന്നിവരാണ്. ആറു മാസത്തെ കാലവധിയാണ് കമ്മീഷന് നൽകിയിരിക്കുന്നത്. സര്‍വീസ് സംഘടനാ പ്രതിനിധികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പാണ് പതിനൊന്നാം ശമ്പള കമ്മീഷന്‍. ശമ്പള പരിഷ്‌ക്കരണവും സ്ഥാനകയറ്റവുമായി ബന്ധപ്പെട്ടുള്ള ശുപാര്‍ശകൾക്കാണ് സര്‍ക്കാര്‍ പരിഗണന നൽകുന്നത്.
ഇത് കൂടാതെ, വിദ്യാർഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നിയമസാധുത നല്‍കുക എന്ന സുപ്രധാന തീരുമാനവും മന്ത്രിസഭാ യോഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. സ്‌കൂളുകളിലും കലാലയങ്ങളിലും വിദ്യാര്‍ഥി യൂണിയന്‍ നിയമവിധേയമാക്കാനായി നിയമനിര്‍മ്മാണം നടത്താൻ യോഗം തീരുമാനിച്ചു. ഹൈക്കോടതി ഇടപെടലിന്‍റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. എന്നാൽ, യൂണിയന്‍ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തമായ നിയമനിര്‍മ്മാണം നടത്തണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി പലവട്ടം ആവശ്യപ്പെട്ടിരുന്നു. യൂണിയനിലേക്കുള്ള വിദ്യാർഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പ്, യൂണിയന്‍റെ പ്രവര്‍ത്തനം, യൂണിയനുമേലുള്ള സ്ഥാപനത്തിന്‍റെ നിയന്ത്രണം എന്നിവ ഉള്‍പ്പെടെ വിദ്യാർഥി രാഷ്ട്രീയത്തിന്‍റെ സമഗ്രമേഖലകളും ഉള്‍പ്പെടുത്തിയുള്ള നിയമനിര്‍മ്മാണമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
മത്സ്യതൊഴിലാളികള്‍ക്കുള്ള സൗജന്യറേഷനും മന്ത്രിസഭ അംഗീകരിച്ചു. കടല്‍ ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്നാണ് തീരമേഖലയില്‍ സൗജന്യറേഷന്‍ അനുവദിച്ചത്. ഒരുമാസത്തെ സൗജന്യ റേഷനൊപ്പം ഓരോ കുടുംബത്തിനും രണ്ടായിരം രൂപ വീതം നല്‍കുമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.