തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ യുവ പ്രതിഭകള്‍ ട്രാക്കില്‍ കായിക പ്രകടനങ്ങളിലൂടെ റെക്കോഡുകള്‍ തീര്‍ക്കുമ്പോള്‍ പിന്നാമ്പുറത്ത് സാങ്കേതിക വൈവിധ്യങ്ങളുടെ പുതുമ സൃഷ്‌ടിക്കുകയാണ് സംഘാടകര്‍. സംസ്ഥാനത്ത് ഇതാദ്യമായാണ് കായികോത്സവത്തില്‍ ട്രാക്ക് ഇവന്‍റുകളില്‍ സ്റ്റാര്‍ട്ടിങ്ങിന് 'ഇലക്ട്രോണിക് സിസ്റ്റം ഗൺ' ഉപയോഗിക്കുന്നത്. 64-ാമത് കായികോത്സവത്തില്‍ നിന്നുള്ള വേറിട്ട കാഴ്‌ചകളിലൊന്നാണിത്.
സ്റ്റാര്‍ട്ടിങ്ങിനായി 'ഇലക്ട്രോണിക് സിസ്റ്റം ഗൺ'; കായികോത്സവത്തില്‍ വേറിട്ട കാഴ്‌ചയൊരുക്കി സംഘാടകര്‍ - കായികോത്സവത്തിലെ വേറിട്ട കാഴ്‌ച്ച
സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ട്രാക്ക് ഇവന്‍റുകളുടെ സ്റ്റാര്‍ട്ടിങ്ങിനായി ഇലക്ട്രോണിക് സിസ്റ്റം ഗണ്‍ പരീക്ഷിച്ച് സംഘാടകര്‍.
സംസ്ഥാന സ്‌കൂള്‍ കായിക മേളകളിൽ ഇതിന് മുൻപ് ഇലക്ട്രോണിക് സിസ്റ്റം ഉപയോഗിച്ച് ഫോട്ടോഫിനിഷും ഫൗൾ സ്റ്റാർട്ട് ഇൻഡിക്കേഷൻ മെഷീനും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇവൻ്റുകളുടെ സ്റ്റാർട്ടിങ്ങിനായി 'ഇലക്ട്രോണിക് സിസ്റ്റം ഗൺ' ഇതാദ്യമായാണ് ഉപയോഗിക്കുന്നത്. സ്റ്റാർട്ടിങ്ങിന് ഇലക്ട്രോണിക് സിസ്റ്റം ഗണ്ണിനൊപ്പം പ്രവര്‍ത്തിപ്പിക്കുന്ന ടൈമിങ്ങ് വാച്ചുകളുമുണ്ട്. ഇതിലൂടെ മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന മത്സരം പൂര്‍ത്തിയാക്കാനെടുക്കുന്ന സമയം ആയാസരഹിതം റെക്കോഡ് ചെയ്യാനും സാധിക്കും.
നിലവില്‍ മേളയില്‍ പൂര്‍ണമായും ഉപയോഗിക്കാനായാണ് സംഘാടകര്‍ ഇലക്ട്രോണിക് സിസ്റ്റം ഗൺ കൊണ്ട് വന്നതെങ്കിലും ഇതില്‍ ഉപയോഗിക്കേണ്ട ബ്ലോക്കുകളുടെ എണ്ണം കുറവായ സഹാചര്യത്തിൽ കായിക മേളയിൽ സ്റ്റാര്‍ട്ടേഴ്‌സിന്‍റെ കൈവശമുള്ള സാധാരണ ഗണ്ണാണ് ഉപയോഗിക്കുന്നത്. അടുത്ത കായികോത്സവത്തില്‍ പൂര്‍ണമായും സ്റ്റാര്‍ട്ടിങ്ങിനായി ഇലക്ട്രോണിക് സിസ്റ്റം ഗൺ ഉപയോഗപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.