തിരുവനന്തപുരം:കത്തുന്ന വേനലില്‍ കേരളം വെന്തുരുകുന്നതിനൊപ്പം കത്തിപ്പടര്‍ന്ന് വൈദ്യുതി ഉപഭോഗവും. സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. സംസ്ഥാന ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ് വൈദ്യുതി ഉപഭോഗത്തിലെ ഈ വര്‍ധന.
ഇന്നലെ (ചൊവ്വാഴ്‌ച) സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉപഭോഗമായ 102.953 ദശലക്ഷം യൂണിറ്റാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്‌ച ഇത് 100.35 ദശലക്ഷം യൂണിറ്റായിരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടക്കുന്നത്. ഏപ്രില്‍ 13 നായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ആദ്യമായി 100 ദശലക്ഷം യൂണിറ്റ് കടന്നത്. അന്ന് 100.3029 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉപഭോഗം. തൊട്ടടുത്ത ദിവസം ഉപഭോഗം 100.089 ദശലക്ഷം യൂണിറ്റായി.
അവധിയില്‍ കുറഞ്ഞു, പിന്നെ കുതിച്ചു:വിഷു ദിവസത്തെ പൊതു അവധി കാരണം സര്‍ക്കാര്‍ ഓഫിസുകള്‍ അവധിയായതിനാല്‍ ഏപ്രില്‍ 15ന് ഉപഭോഗം 93.2923 ദശലക്ഷം യൂണിറ്റായും, ഏപ്രില്‍ 16 ഞായറാഴ്‌ച 90.640 യൂണിറ്റായും കുറഞ്ഞു. അതിനു തൊട്ടടുത്ത രണ്ടു പ്രവൃത്തി ദിവസങ്ങളിലാണ് വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്ന് 100 ദശലക്ഷം കടന്നത്. താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടക്കുകയും മഴ മാറി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ ആഴ്‌ച പൂര്‍ണമായും അടുത്ത ആഴ്‌ചയുടെ ആദ്യ ദിനങ്ങളിലും വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയര്‍ന്നേക്കുമെന്ന കണക്കുകൂട്ടലിലാണ് വൈദ്യുതി ബോര്‍ഡ്.
Also Read: കടുത്ത വേനലിനെ പ്രതിരോധിക്കാന്‍ കരിക്കിന്‍ വെള്ളം ഉത്തമം ; ഗുണങ്ങള്‍ അനവധി