പാലക്കാട് :സൗരോർജവും ജലവൈദ്യുതിയും ആവശ്യാനുസരണം ലഭ്യമാകുന്നതിനാൽ പകൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്ക് കുറയ്ക്കൽ സർക്കാരിന്‍റെ പരിഗണനയിലാണെന്ന് മന്ത്രി കെ.കൃഷ്‌ണൻകുട്ടി. കഞ്ചിക്കോട് 220 കെവി സബ്‌സ്‌റ്റേഷൻ പരിസരത്ത് സ്ഥാപിച്ച മൂന്ന് മെഗാവാട്ട് സൗരോർജ നിലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാത്രിയിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടേണ്ട സാഹചര്യമാണ്. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതോടെ ഇത് നടപ്പാക്കാനാണ് ശ്രമം. ഇതിനായി സർക്കാർ പദ്ധതി തയ്യാറാക്കിവരുന്നു. കെഎസ്ഇബിയിൽ 4190 തൊഴിലാളികൾക്ക് സ്ഥാനക്കയറ്റം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധി പഠിച്ച് അർഹതപ്പെട്ട പ്രൊമോഷൻ രണ്ടാഴ്ചയ്ക്കകം കൊടുക്കാൻ കെഎസ്ഇബി ചെയർമാന് നിർദേശം നൽകി. ലൈൻമാൻ–-2ൽനിന്ന് ലൈൻമാൻ–-1ലേക്ക് 3170 പേർക്കും ലൈന്മാൻ–-1ൽനിന്ന് ഓവർസിയറിലേക്ക് 830 പേർക്കും, ഓവർസിയർ/മീറ്റർ റീഡറിൽനിന്ന് സബ് എഞ്ചിനീയറിലേക്ക് 90 പേർക്കും സബ് എഞ്ചിനീയറില്‍ നിന്ന് അസിസ്റ്റന്‍റ് എഞ്ചിനീയറിലേക്ക് 140 പേർക്കുമാണ് സ്ഥാനക്കയറ്റം.
also read: 'രാഷ്ട്രീയ സ്ഥിരതയില്ലാത്ത ഗവർണറുടെ ഉപദേശം ആവശ്യമില്ല'; ആരിഫ് മുഹമ്മദ് ഖാനെതിരെ വി.ഡി സതീശൻ
കുരിയാർകുറ്റി, കാരപ്പാറ പദ്ധതി നടപ്പാക്കാനുള്ള ശ്രമം നടക്കുകയാണ്. പദ്ധതി വന്നാൽ മൂന്ന് ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടും. കെഎസ്‌ഇബി ജീവനക്കാരുയർത്തിയ വിഷയങ്ങൾ രമ്യമായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.