കേരളം

kerala

ETV Bharat / state

കേരളത്തിലെ ന്യൂനപക്ഷ ധ്രുവീകരണം: സഹായകരമാകുന്നത് ആർക്ക് - തെരഞ്ഞെടുപ്പ് വാർത്ത

മതസൗഹാര്‍ദത്തിന് പേരുകേട്ട ഒരു സംസ്ഥാനത്ത് രണ്ട് വലിയ മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഒരു വര്‍ഗീയ ധ്രുവീകരണം തന്നെ കണ്ടുവരുന്നു എന്നുള്ളതാണ് വിരോധാഭാസം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സംഭവിക്കുന്ന ന്യൂനപക്ഷ ധ്രുവീകരണം ആർക്ക് അനുകൂലമാകും എന്നതിനെ സംബന്ധിച്ച് മാധ്യമപ്രവർത്തകൻ വർഗീസ് പി എബ്രഹാം എഴുതുന്നു.

Elections in Kerala  Polarization among minorities is holding back the UDF  ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന ധ്രുവീകരണം യുഡിഎഫിനെ പിറകോട്ടടിപ്പിക്കുന്നു  തിരുവനന്തപുരം വാർത്ത  thiruvanthapuram news  തിരുവനന്തപുരം വാർത്ത  കേരള വാർത്ത  kerala news
കേരളത്തിലെ തെരഞ്ഞെടുപ്പ്;ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന ധ്രുവീകരണം യുഡിഎഫിനെ പിറകോട്ടടിപ്പിക്കുന്നു

By

Published : Feb 2, 2021, 12:37 PM IST

Updated : Feb 2, 2021, 4:26 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരു ഭൂകമ്പം തന്നെ സൃഷ്ടിച്ചുകൊണ്ടുള്ള മാറ്റങ്ങളാണ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കണ്ടത്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ (യു ഡി എഫ്) വോട്ടു ബാങ്കുകളായി കണക്കാക്കപ്പെട്ടിരുന്ന രണ്ട് വലിയ ന്യൂനപക്ഷ സമുദായങ്ങളില്‍ ഒന്ന് യു ഡി എഫ് വിടുകയാണെന്നു വേണം കരുതാന്‍. യുഡിഎഫ് സംസ്ഥാനത്തിന് രണ്ട് ക്രിസ്ത്യന്‍ മുഖ്യമന്ത്രിമാരെ സമ്മാനിച്ചിട്ടുണ്ടെങ്കിലും യുഡിഎഫില്‍ നിന്നും ഇപ്പോള്‍ ഉണ്ടായി കൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ വോട്ടുകളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് യുഡിഎഫ് ഇതുവരെ ആശ്രയിച്ചിരുന്ന വോട്ട് പങ്കാളിത്ത ഫോര്‍മുലയെ തകിടം മറിക്കുന്ന ഒന്നു തന്നെയാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ ഈ കൊഴിഞ്ഞുപോക്കില്‍ നിന്നും ഗുണം ഉണ്ടാകാന്‍ പോകുന്നത് ബിജെപിക്കാണ്. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് തര്‍ക്കശാസ്ത്രത്തിന് ഒരു മറുമരുന്നായിരുന്നു ക്രിസ്ത്യന്‍ ദൈവശാസ്ത്രം എങ്കിലും പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍ ഡി എഫ്) ക്രിസ്തീയ സഭകളുമായി തങ്ങള്‍ക്കുണ്ടായിരുന്ന ചരിത്രപരമായ വിരോധമെല്ലാം മാറ്റിവെച്ച് പരസ്പര രാഷ്ട്രീയ സഹകരണത്തിലേക്കുള്ള ഒരു പുതിയ പ്രാവര്‍ത്തിക പഥമാണ് വെട്ടിതുറന്നിരിക്കുന്നത്. ക്രിസ്ത്യന്‍ ബിഷപ്പുമാരെ സഭ്യമല്ലാത്ത വാക്കുകളാല്‍ ആക്ഷേപിച്ച വ്യക്തിയാണ് പിണറായി വിജയന്‍ എന്നുള്ള കാര്യമൊന്നും ഇപ്പോൾ ആരും ഓർക്കുന്നില്ല.

അപ്പോള്‍ ചരിത്രപരമായി തന്നെ കോണ്‍ഗ്രസിനെ പിന്തുണച്ചു വന്നിരുന്ന ഒരു സമുദായം എന്തുകൊണ്ടാണ് അതിനെതിരെയുള്ള ഒരു നിലപാട് എടുത്തിരിക്കുന്നത്? മതസൗഹാര്‍ദത്തിന് പേരുകേട്ട ഒരു സംസ്ഥാനത്ത് രണ്ട് വലിയ മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഒരു വര്‍ഗീയ ധ്രുവീകരണം തന്നെ കണ്ടുവരുന്നു എന്നുള്ളതാണ് വിരോധാഭാസം. ആരാണ് സംസ്ഥാനത്തെ മേധാവിത്വമുള്ള മത ന്യൂനപക്ഷം എന്നതു സംബന്ധിച്ചുള്ള പൊതു കാഴ്ചപ്പാടിന്‍റെ ഏറ്റുമുട്ടലാണ് ഇപ്പോള്‍ കേരളത്തില്‍ കണ്ടു വരുന്നത്. യുഡിഎഫിലെ ഒരു പ്രമുഖ ഘടകകക്ഷിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്. മുസ്ലീം സമുദായത്തിന്‍റെ മിതവാദ ശബ്ദത്തെ പ്രതിനിധീകരിക്കുന്ന ഈ പാര്‍ട്ടി കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം തന്നെ 18-നും 23-നും ഇടയില്‍ സീറ്റുകള്‍ വിജയിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ മുസ്ലീം ലീഗില്‍ നിന്നുണ്ടായ രണ്ട് നടപടികളാണ് ഇപ്പോള്‍ ഈ ധ്രുവീകരണം സൃഷ്ടിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക തീവ്രവാദ നിലപാടുകളുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു ഡി എഫിന് ഒരു ബന്ധം ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയത് മുസ്ലീം ലീഗായിരുന്നു.

മറ്റൊരു നടപടി തുര്‍ക്കിയിലെ ഹേഗിയാ സോഫിയയെ ഒരു മുസ്ലീം പള്ളിയാക്കി മാറ്റിയ നടപടിയെ പ്രകീര്‍ത്തിച്ചു കൊണ്ട് പാര്‍ട്ടിയുടെ മുഖപത്രമായ ചന്ദ്രികയില്‍ മുസ്ലീം ലീഗിന്റെ നേതാവായ പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങള്‍ എഴുതിയ ഒരു ലേഖനമാണ്. ക്രിസ്ത്യന്‍ കെട്ടിടമായ ഹേഗിയാ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റിയ നടപടിയെ എന്തുകൊണ്ടാണ് പാണക്കാട് തങ്ങള്‍ പിന്തുണച്ചത് എന്ന ചോദ്യം ഈ അവസരം മുതലെടുത്തുകൊണ്ട് ഉന്നയിച്ച സിപിഎം, യുഡിഎഫിനേയും മുസ്ലീം ലീഗിനേയും പിറകോട്ടടിക്കാന്‍ നിര്‍ബന്ധിതരാക്കി. യുഡിഎഫ് നേരിട്ട മറ്റൊരു കനത്ത തിരിച്ചടിയാണ് കേരള കോണ്‍ഗ്രസ് (എം) മുന്നണി വിട്ടു പോയത്. സഖ്യത്തിലെ ക്രിസ്ത്യന്‍ വിഭാഗമായി കണക്കാക്കപ്പെട്ടിരുന്ന ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേരുകയായിരുന്നു. ക്രിസ്ത്യാനികള്‍ക്ക് വലിയ മേധാവിത്വമുള്ള മധ്യ തിരുവിതാംകൂര്‍ മേഖലയില്‍ യുഡിഎഫിന്റെ അവസരങ്ങളില്‍ വലിയ വിള്ളലാണ് ഈ നീക്കം സൃഷ്ടിച്ചിരിക്കുന്നത്. യുഡിഎഫിന് തങ്ങളുടെ പരമ്പരാഗത കോട്ടകളില്‍ പരാജയമേറ്റുവാങ്ങേണ്ടി വന്ന തരത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സമവാക്യങ്ങളെ മാറ്റിമറിച്ചു ഈ ഘടകങ്ങളൊക്കെയും.

മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന ധ്രുവീകരണത്തില്‍ അവസരം മണത്ത ബി ജെ പി ക്രിസ്ത്യാനികളെ പാട്ടിലാക്കിയെടുക്കുവാന്‍ തങ്ങളുടെ പതിവ് രീതികള്‍ വിട്ട് പ്രവര്‍ത്തിക്കുവാന്‍ തയ്യാറായി. മിസ്സോറാം ഗവര്‍ണറായ പി.എസ് ശ്രീധരന്‍പിള്ള വഴി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെ രണ്ടാമത്തെ വലിയ കത്തോലിക്കരല്ലാത്ത ക്രിസ്ത്യന്‍ സഭയായ മലങ്കര സിറിയന്‍ സഭയുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. പ്രസ്തുത സഭയില്‍ 100 വര്‍ഷത്തിനു മുകളിലായി നിലവിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനുവേണ്ടി പ്രധാനമന്ത്രി ബിഷപ്പുമാരുമായി ചര്‍ച്ച നടത്തി. ഇതിനിടയില്‍ കേരളത്തില്‍ നിന്നുള്ള കര്‍ദ്ദിനാള്‍മാരുടെ ഒരു സംഘം പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ഒരു നിവേദനം നല്‍കി. 80 ശതമാനം ആനുകൂല്യങ്ങളും ഒരു പ്രത്യേക സമുദായം കൈപിടിയിലൊതുക്കുന്നു എന്നതിനാല്‍ ക്രിസ്ത്യന്‍ സമുദായത്തിന് ന്യൂനപക്ഷ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയാണെന്ന് പ്രസ്തുത നിവേദനത്തില്‍ അവര്‍ പ്രധാനമന്ത്രിയെ പരാതി അറിയിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ചലനമുണ്ടാക്കാൻ ഇപ്പോഴും കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ബിജെപിക്ക് അതൊരു നല്ല ആയുധമായി മാറി.

മുസ്ലീം ലീഗിന്‍റെ നേതാവായ പികെ കുഞ്ഞാലികുട്ടി കേരളത്തിലെ ബിഷപ്പ് ഹൗസുകളിലേക്കെല്ലാം തിരക്കിട്ട് പാഞ്ഞെത്തി കൊണ്ട് യുഡിഎഫിനേറ്റ ഈ മുറിവുണക്കുവാനുള്ള ശ്രമമാരംഭിച്ചു. യുഡിഎഫിന്‍റെ നയ അജണ്ടകളില്‍ മുസ്ലീം ലീഗ് പിടിമുറുക്കുന്നു എന്ന ഭയം ക്രിസ്ത്യാനികളില്‍ നിന്നും അകറ്റുക എന്നതായിരുന്നു കുഞ്ഞാലികുട്ടിയുടെ ലക്ഷ്യം. മുസ്ലീം ലീഗിലെ മിതവാദ, ആധുനിക ശബ്ദമായി കണക്കാക്കപ്പെടുന്ന പികെ കുഞ്ഞാലികുട്ടിക്ക് നിരവധി ക്രിസ്ത്യന്‍ നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. എന്നാല്‍ യുഡിഎഫിനേറ്റ മുറിവുണക്കുവാന്‍ കുഞ്ഞാലികുട്ടിയുടെ ഈ മിടുക്കിന് കഴിയുമോ എന്നുള്ള കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ മാത്രമേ അതിന് ഒരു ഉത്തരം ലഭിക്കുകയുള്ളൂ. സംസ്ഥാനത്തെ വയനാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭ അംഗമായി ഇപ്പോള്‍ രാഹുല്‍ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസ്സിലുണ്ട്. ഇടതും വലതും മാറി മാറി ഭരിക്കുന്ന കേരളത്തില്‍ അധികാരത്തില്‍ വീണ്ടും തിരിച്ചുവരാനുള്ള യു ഡി എഫിന്റെ പോരാട്ടം ഇത്തവണ കടുത്തതായി മാറുവാനാണ് സാധ്യത. കാരണം വ്യവസ്ഥാപിതമായ തെരഞ്ഞെടുപ്പ് ഗണിതങ്ങളൊക്കെയും തകിടം മറിച്ചു കൊണ്ട് കേരളത്തില്‍ പുതിയ ഒരു രാഷ്ട്രീയ കണക്കു കൂട്ടല്‍ ഉയര്‍ന്നു വരികയാണ്.

Last Updated : Feb 2, 2021, 4:26 PM IST

ABOUT THE AUTHOR

...view details