കേരളത്തിന്‍റെ രാഷ്‌ട്രീയ ചരിത്രത്തില്‍ നിർണായക സ്ഥാനമുള്ള ഒരു പിടി രാഷ്‌ട്രീയ പാർട്ടികളുടെ നിലനില്‍പ്പിന്‍റെ തെരഞ്ഞെടുപ്പാണിത്. ആദ്യ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന പ്രജ സോഷ്യലിസ്റ്റ് പാർട്ടി, എൻഡിപി, അഖിലേന്ത്യ മുസ്ലീംലീഗ്, എസ്എസ്‌പി, കെഎസ്‌പി, കെടിപി, ഐഎസ്‌പി തുടങ്ങിയ നിരവധി പാർട്ടികൾ ഇന്നില്ല. അതോടൊപ്പം സിപിഎം വിട്ട ശേഷം കെആർ ഗൗരിയമ്മ രൂപീകരിച്ച ജെഎസ്എസും ഇപ്പോൾ സജീവമല്ല. 1979-80 കാലഘട്ടത്തിലാണ് ഇന്ന് കേരളം കാണുന്ന ഐക്യജനാധിപത്യ മുന്നണിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും രൂപം കൊള്ളുന്നത്. ഇപ്പോൾ ബിജെപിയുടെ നേതൃത്വത്തില്‍ എൻഡിഎ കൂടി കേരളത്തില്‍ സജീവമായതോടെ കേരളത്തിലെ ചെറുതും വലുതുമായ എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഈ മൂന്ന് മുന്നണികളുടെ ഭാഗമാണ്. 1964ല്‍ കോൺഗ്രസ് വിട്ടുവന്ന കേരളത്തിലെ ഒരു വിഭാഗം നേതാക്കൻമാർ രൂപീകരിച്ചതാണ് കേരള കോൺഗ്രസ്. പക്ഷേ രൂപം കൊണ്ടിട്ട് ഇന്നോളം വളരുകയും അതിന് അനുസരിച്ച് പിളരുകയും ചെയ്യുക എന്നതായിരുന്നു കേരള കോൺഗ്രസിന്‍റെ പ്രഖ്യാപിത നയം.
ഇന്നിപ്പോൾ ഇടതുവലതു മുന്നണികളിലായി അഞ്ച് കേരള കോൺഗ്രസുകളുണ്ട്. കേരള കോൺഗ്രസ് മാണി വിഭാഗം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് എല്‍ഡിഎഫിലെത്തിയത്. ഇതോടെ കേരള കോൺഗ്രസ് മാണി വിഭാഗം പിളർന്ന് വീണ്ടും കേരള കോൺഗ്രസ് ജോസഫ് വിഭാഗം യുഡിഎഫിലായി. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ജോസഫ് വിഭാഗം പിസി തോമസിന്‍റെ കേരള കോൺഗ്രസില്‍ ലയിച്ച് വീണ്ടും കേരള കോൺഗ്രസായി. നേരത്തെ മാണി വിഭാഗത്തില്‍ നിന്ന് പിളർന്ന കേരള കോൺഗ്രസ് (ബി) ആദ്യം യുഡിഎഫിലായിരുന്നു. ഇപ്പോൾ എല്‍ഡിഎഫിനൊപ്പമാണ്. അതോടൊപ്പം ജനാധിപത്യ കേരള കോൺഗ്രസും എല്‍ഡിഎഫിന്‍റെ ഭാഗമാണ്. ഇതില്‍ കേരള കോൺഗ്രസ് മാണി വിഭാഗം 12 സീറ്റിലും കേരള കോൺഗ്രസ് ബിയും ജനാധിപത്യ കേരള കോൺഗ്രസും ഓരോ സീറ്റിലും മത്സരിക്കുന്നു. യുഡിഎഫിനൊപ്പമുള്ള പഴയ ജോസഫ് വിഭാഗം പത്ത് സീറ്റിലും കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഒരു സീറ്റിലും മത്സരിക്കുന്നു.
എൻസിപിയുടെ അവസ്ഥയും ഇതുതന്നെയാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ പാല സീറ്റ് ലഭിച്ചില്ലെന്ന കാരണത്താല്‍ എൻസിപി വിട്ട മാണി സി കാപ്പൻ നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്ന പാർട്ടിയുണ്ടാക്കി യുഡിഎഫിലെത്തി. യുഡിഎഫില്‍ രണ്ട് സീറ്റിലാണ് കാപ്പന്‍റെ പാർട്ടി മത്സരിക്കുന്നത്. മൂന്ന് സീറ്റിലാണ് എല്‍ഡിഎഫിന്‍റെ ഭാഗമായ എൻസിപി മത്സരിക്കുന്നത്. കാപ്പന്‍റെ പാർട്ടിയുടെ മാത്രമല്ല, കാപ്പന്‍റെ രാഷ്‌ട്രീയ ഭാവിയും ഈ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾക്ക് അനുസരിച്ചാണ്. പണ്ട് കോൺഗ്രസ് പിളർന്നപ്പോഴുണ്ടായ കോൺഗ്രസ് എസ് എന്ന പാർട്ടി ഇപ്പോഴുമുണ്ട്. എല്‍ഡിഎഫിന് ഒപ്പമുള്ള കോൺഗ്രസ് എസിന്‍റെ ഭാവി തന്നെ കണ്ണൂരില്‍ മത്സരിക്കുന്ന കടന്നപ്പള്ളി രാമചന്ദ്രൻ എന്ന മുതിർന്ന നേതാവിന്‍റെ ജയത്തെയും പരാജയത്തെയും ആശ്രയിച്ചാകും. എല്‍ഡിഎഫിന്‍റെ ഭാഗമായ ജനതാദൾ സെക്കുലർ നാല് സീറ്റിലും ലോക്‌താന്ത്രിക് ജനതാദൾ മൂന്ന് സീറ്റിലുമാണ് മത്സരിക്കുന്നത്. ഇരു പാർട്ടികളോടും ലയിച്ച് ഒന്നായി ശക്തരാകാൻ എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നതാണ്, അത് നടന്നില്ല.
പണ്ട് മുസ്ലീംലീഗില്‍ നിന്ന് വിഘടിച്ച് പുറത്തുവന്ന ഐഎൻഎല്ലിനും എല്‍ഡിഎഫ് മൂന്ന് സീറ്റ് നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ഘടകകക്ഷിയാണോ ഐഎൻഎല്‍ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്. യുഡിഎഫിന്‍റെ ഭാഗമായ ആർഎസ്‌പിക്ക് പണ്ട് മൂന്നിലധികം എംഎല്‍എമാരും മന്ത്രിയുമൊക്കെയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭയില്‍ ആർഎസ്പിക്ക് പ്രാതിനിധ്യമുണ്ടായിരുന്നില്ല. ഇത്തവണ അഞ്ച് സീറ്റിലാണ് ആർഎസ്‌പി മത്സരിക്കുന്നത്. എംവി രാഘവൻ സിപിഎം വിട്ടിറങ്ങി രൂപീകരിച്ച സിഎംപി ദീർഘനാളായി സഭ കാണാതെ പുറത്താണ്. ഇത്തവണ ഒരു സീറ്റില്‍ മത്സരിക്കുന്നു. സിഎംപി എന്ന പാർട്ടിയുടെ നിലനില്‍പ്പിന് ഇത്തവണ ജയം അനിവാര്യമാണ്.
ഏറ്റവും ഒടുവില്‍ യുഡിഎഫിന്‍റെ ഭാഗമായ ആർഎംപിഐ വടകരയില്‍ മത്സരിക്കുകയാണ്. ഇതുവരെ എംഎല്‍എമാരെ സൃഷ്‌ടിക്കാൻ കഴിയാതിരുന്ന ആർഎംപിഐ ഇത്തവണ ശക്തമായ പോരാട്ടമാണ് നടത്തുന്നത്. അവരുടെ അഭിമാന പ്രശ്‌നം കൂടിയാണ് ഇത്തവണ ജയിക്കുക എന്നത്. എൻഡിഎയില്‍ ബിഡിജെഎസിന്‍റെ അവസ്ഥ പരിതാപകരമാണ്. 21 സീറ്റിലാണ് ഇത്തവണ മത്സരിക്കുന്നത്. ഇതുവരെയും ബിഡിജെഎസിന് എംഎല്‍എമാർ ഉണ്ടായിട്ടില്ല. വിഷ്‌ണുപുരം ചന്ദ്രശേഖരന്‍റെ കേരള കാമരാജ് കോൺഗ്രസ്, സികെ ജാനുവിന്‍റെ ജനാധിപത്യ രാഷ്‌ട്രീയ സഭ എന്നീ പാർട്ടികളും എൻഡിഎയില്‍ നിന്ന് ഓരോ സീറ്റില്‍ ജനവിധി തേടുന്നു. ഓരോ സീറ്റില്‍ മത്സരിക്കുന്ന പാർട്ടികൾക്ക് മാത്രമല്ല, പിളർന്നും വളർന്നും ഇല്ലാതാകുന്ന പാർട്ടികൾക്കും ഈ തെരഞ്ഞെടുപ്പ് നിലനില്‍പ്പിന്‍റെ പ്രശ്‌നമാണ്.