ഇ ശ്രീധരൻ ആരാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. പക്ഷേ തെരഞ്ഞെടുപ്പ് കാലത്ത് ഇ ശ്രീധരൻ എന്ത് ചിന്തിക്കുന്നു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. മെട്രോമാൻ ബിജെപിയില്‍ ചേരുകയാണ്. ഇ ശ്രീധരൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും റാലിയും പങ്കെടുക്കില്ല. ഗവർണർ പദവിയിലും താല്‍പര്യമില്ല. പക്ഷേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സന്നദ്ധനാണെന്നും ബിജെപി പറയുന്ന മണ്ഡലത്തില്‍ മത്സരിക്കുമെന്നും ഇ ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു. നാടിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് കരുതിയാണ് ബിജെപിയില്‍ ചേരുന്നത്. നിഷ്‌പക്ഷമായി നിന്നാല്‍ ഒന്നും ചെയ്യാൻ കഴിയില്ലെന്നും മെട്രോമാൻ വ്യക്തമാക്കി. കോൺഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും കൂടുതല്‍ നേതാക്കൾ ബിജെപിയിലേക്ക് വരുമെന്നാണ് ഇ ശ്രീധരന്‍റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫ് നയിക്കുന്ന വികസന മുന്നേറ്റ ജാഥ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം തുടങ്ങുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് വടക്കൻ മേഖലാ ജാഥയുടെ നായകൻ. ഓരോ കേന്ദ്രങ്ങളിലും മാധ്യമങ്ങളെ കാണുന്ന വിജയരാഘവൻ കേരളത്തിന്‍റെ വികസനം ചർച്ച ചെയ്യണം എന്ന് ആവർത്തിച്ച് പറയുന്നുണ്ട്. പക്ഷേ ഇന്നലെ പറഞ്ഞത് വിജയരാഘവന് വൻ തിരിച്ചടിയായി. കാരണം അത് വികസനത്തെ കുറിച്ചായിരുന്നില്ല. ഏറ്റവും തീവ്രമായ വർഗീയത ന്യൂനപക്ഷ വർഗീയതയാണെന്നാണ് വിജയരാഘവൻ പറഞ്ഞത്. പരാമർശം തിരുത്തി എ വിജയരാഘവൻ രംഗത്ത് എത്തിയെങ്കിലും സംഗതി വിവാദമായി. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഭൂരിപക്ഷ വർഗീയതയാണ് അപകടമെന്നും വിജയരാഘവൻ മാറ്റിപ്പറഞ്ഞു.