കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളിലും ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതത് ജില്ലാ കലക്ടര്‍മാരാണ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കേന്ദ്ര സേനയുടെയും സംസ്ഥാന പൊലീസ് സേനയുടെയും കര്‍ശന സുരക്ഷയിലാണ് തെഞ്ഞെടുപ്പ് നടക്കുന്നത്. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.ശങ്കര്‍ റേ അങ്കടിമോഗറു സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. പലയിടത്തും കനത്ത മഴ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് സൂചന.കനത്ത മഴയെ തുടർന്ന് എറണാകുളത്ത് അയ്യപ്പന്‍കാവ് ശ്രീനാരായണ സ്‌കൂളിലെ 64-ാം നമ്പര്‍ ബൂത്ത് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കടേരിബാഗിലും വെള്ളക്കെട്ടിനെ തുടർന്ന് ബൂത്ത് മാറ്റി.
വട്ടിയൂര്‍കാവ്
വി.കെ പ്രശാന്ത് (എല്‍.ഡി.എഫ്)
കെ. മോഹന്‍ കുമാര്‍ (യു.ഡി.എഫ്)
എസ്. സുരേഷ് (എന്‍.ഡി.എ)
സാമുദായിക സമവാക്യങ്ങള്‍ വോട്ടു ബാങ്കായി മാറിയ ചരിത്രമാണ് വട്ടിയൂര്‍കാവിനുള്ളത്. നായര്‍ സമുദായത്തിന് കൃത്യമായ മേല്‍കൈയുള്ള മണ്ഡലം. 42 ശതമാനമാണ് ഇവിടെ നായര്‍ സമുദായത്തിലുള്ളവര്‍. എന്നാല്‍ സാമുദായിക വോട്ടുകള്‍ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നതായിരുന്നില്ല ഇടതുപക്ഷത്തിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയം. പ്രളയകാലത്തെ പ്രവര്‍ത്തനം കൊണ്ടും കോര്‍പ്പറേഷന്‍ ഭരണം കൊണ്ടും ജനപിന്തുണ നേടിയ മേയര്‍ വി.കെ പ്രശാന്തിനെയാണ് ഇടതുപക്ഷം പരീക്ഷിക്കുന്നത്. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ശേഷമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍ കുമാര്‍ മത്സര രംഗത്ത് എത്തിയത്. ആദ്യഘട്ടത്തില്‍ പീതാംബരക്കുറുപ്പിന്‍റെ പേര് ഉയര്‍ന്നു വന്നെങ്കിലും കോണ്‍ഗ്രസ് കെ. മോഹന്‍ കുമാറിനെ തീരുമാനിക്കുകയായിരുന്നു. കേണ്‍ഗ്രസിന് പിന്നാലെ സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായ എന്‍.ഡി.എക്ക് എസ്. സുരേഷാണ് സ്ഥാനാര്‍ഥി. കുമ്മനത്തിന്‍റെ പേരാണ് ആദ്യം ഉയര്‍ന്ന് കേട്ടതെങ്കിലും പിന്നീട് മാറുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് കുമ്മനം തിരുവനന്തപുരത്ത് പരാജയപ്പെട്ടത്. ഒ. രാജഗോപാല്‍ മത്സരിച്ചപ്പോള്‍ ലഭിച്ച ലീഡ് നിലനിര്‍ത്താന്‍ കുമ്മനത്തിന് സാധിച്ചിരുന്നില്ല.
കോന്നി
കെ. യു ജനീഷ് (എല്‍.ഡി.എഫ്)
പി. മോഹന്‍ രാജ് (യു.ഡി.എഫ്)
കെ. സുരേന്ദ്രന്‍ (എന്‍.ഡി.എ)
ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന മണ്ഡലങ്ങളിലൊന്നാണ് കോന്നി. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൃത്യമായ വേരോട്ടമുള്ള മണ്ഡലം. വെള്ളാപ്പളിയുടെ പിന്തുണയടക്കം കോന്നി എറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് സാക്ഷിയായത്. വിജയം ഉറപ്പെന്ന് ഇടത് വലത് പാര്‍ട്ടികള്‍ ആവര്‍ത്തിക്കുമ്പോള്‍ അട്ടിമറി പ്രതീക്ഷയിലാണ് എന്‍.ഡി.എ. ശബരിമലയിലെ സുരേന്ദ്രന്‍റെ സാന്നിധ്യം ഈ തെഞ്ഞെടുപ്പിലും വോട്ടാകുമെന്നാണ് എന്‍.ഡി.എയുടെ പ്രതീക്ഷ. കോണ്‍ഗ്രസില്‍ റോബിന്‍ പീറ്ററിന്‍റെ പേരാണ് ആദ്യം കേട്ടതെങ്കിലും പിന്നീട് പി. മോഹന്‍രാജിലേക്ക് എത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉയര്‍ന്ന വിവാദങ്ങള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് തിരിച്ചടിയായേക്കുമെന്ന ആശങ്കയും എന്‍.ഡി.എ ക്യാമ്പിനുണ്ട്.