കേരളം

kerala

ETV Bharat / state

അരമണിക്കൂറില്‍ ഐകകണ്ഠേന സ്ഥാനാര്‍ഥി നിര്‍ണയവുമായി ചടുല നീക്കം ; അനായാസം ആദ്യകടമ്പ പിന്നിട്ട് കോണ്‍ഗ്രസ് - തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം

പാര്‍ട്ടിയില്‍ കൂടിയാലോചനകളിലൂടെയാണ് തീരുമാനം എന്ന സന്ദേശം നല്‍കാന്‍ കെ സുധാകരനും വിഡി സതീശനും കഴിഞ്ഞു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചരിത്രം  പുതു ചരിത്രം രചിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയം  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം  Election contest in Thrikkakara constituency
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസില്‍ പുതു ചരിത്രം രചിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയം, കോപ്പ് കൂട്ടി സിപിഎമ്മും ആം ആദ്മിയും

By

Published : May 3, 2022, 8:30 PM IST

തിരുവനന്തപുരം :പദവികളേറ്റശേഷമെത്തുന്ന ആദ്യ തെരഞ്ഞെടുപ്പ് കടമ്പയിലെ സ്ഥാനാര്‍ഥി നിര്‍ണയം ചടുല നീക്കത്തിലൂടെ പൂര്‍ത്തിയാക്കി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. പിടി തോമസിന്‍റെ ജീവിത പങ്കാളി ഉമ തോമസിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത് അരമണിക്കൂര്‍ കൊണ്ട് ഐക കണ്‌ഠേനയായിരുന്നു. കോണ്‍ഗ്രസില്‍ പതിവില്ലാത്ത നടപടിയായിരുന്നു ഇത്.

മറ്റൊരു പേരിനും സ്ഥാനം നല്‍കാതെ നിലവിലെ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സാന്നിധ്യം ഉറപ്പുവരുത്തി തീരുമാനമെടുക്കാനും പുതിയ നേതൃത്വത്തിനായി. പൊതുവേ നിരാശരായി നില്‍ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് അണികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കുന്നതാണ് പുതിയ നടപടി.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ സമിതിയിലെ 40 അംഗങ്ങളുമായും ഇരുവരും സംസാരിച്ച ശേഷമാണ് പേര് ഹൈക്കമാന്‍ഡിന് കൈമാറിയത്. ഇതിലൂടെ പാര്‍ട്ടിയില്‍ കൂടിയാലോചനകളിലൂടെയാണ് തീരുമാനം എന്ന സന്ദേശം നല്‍കാനും സുധാകരനും സതീശനും കഴിഞ്ഞു. ഉമ തോമസിനെ പ്രഖ്യാപിച്ചതിലൂടെ തൃക്കാക്കര കണ്ണുവച്ചിരുന്ന സ്ഥാനാര്‍ഥി മോഹികളെ ഒറ്റയടിക്ക് അടക്കിനിര്‍ത്താനുമായി.

Also Read: തൃക്കാക്കരയിലേക്ക് ഒറ്റപ്പേരെന്ന് കെ സുധാകരനും, വിഡി സതീശനും ; പ്രഖ്യാപനം ഉടന്‍

മുന്‍പ് ജി. കാര്‍ത്തികേയന്‍റെ നിര്യാണത്തെ തുടര്‍ന്ന് അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോള്‍ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കും അനുനയ ശ്രമങ്ങള്‍ക്കുമൊടുവിലാണ് കെ.എസ്.ശബരീനാഥനെയുറപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞത്. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ സ്ഥാനാര്‍ഥിനിര്‍ണയമെന്ന ആദ്യ കടമ്പ കോണ്‍ഗ്രസ് അനായാസം മറികടന്നു.

എല്‍.ഡി.എഫ് ലക്ഷ്യം സെഞ്ചുറി :തൃക്കാക്കര പിടിച്ച് സെഞ്ചുറിയിലെത്തുകയാണ് 99 സീറ്റുള്ള ഇടതുമുന്നണിയുടെ ലക്ഷ്യമെന്ന് കണ്‍വീനര്‍ ഇ.പി.ജയരാജനും ജില്ലയില്‍ നിന്നുള്ള മന്ത്രി പി.രാജീവും വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള തന്ത്രങ്ങള്‍ക്ക് തന്നെയാകും അവര്‍ കോപ്പു കൂട്ടുക. തുടര്‍ഭരണത്തിന്‍റെ ചിറകിലേറി ഒരു വര്‍ഷം മാത്രം പിന്നിടുമ്പോള്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പൂഴിക്കടകന്‍ പ്രയോഗിക്കുമെന്ന കാര്യം ഉറപ്പാണ്.

ഇതിനെ മറികടക്കുക എന്നതായിരിക്കും യു.ഡി.എഫിന്‍റെ ഒന്നാമത്തെ വെല്ലുവിളി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ പരീക്ഷണവേദിയാക്കുകയാണ് ആം ആദ്മി പാര്‍ട്ടി-ട്വിന്റി ട്വന്റി കൂട്ടുകെട്ടിന്‍റെ ലക്ഷ്യം. പഞ്ചാബ് തെരഞ്ഞെടുപ്പിനുശേഷം കരുത്തുകാട്ടാന്‍ ലഭിക്കുന്നൊരിടം എന്ന നിലയില്‍ കേരളത്തില്‍ ട്വന്റി ട്വന്റിയുമായുള്ള സഖ്യത്തെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമം ആപ്പില്‍ നിന്നുണ്ടാകും.

ബി.ജെ.പിയാകട്ടെ ഹിന്ദുത്വ പരിവേഷവുമായി ഒപ്പം ഓടിക്കൂടിയ പി.സി.ജോര്‍ജിനെ പരിഗണിച്ചാലും അത്ഭുതപ്പെടാനില്ല. ഫലത്തില്‍ തൃക്കാക്കരയില്‍ ചതുഷ്‌കോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.

ABOUT THE AUTHOR

...view details