തദ്ദേശ തെരഞ്ഞെടുപ്പ്; സ്‌കൂളുകൾക്ക് കേടുപാടുകൾ വരാതെ ശ്രദ്ധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണർ
പൊതു വിദ്യാഭ്യാസ ഡയറക്ടർ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിർദേശം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന സ്കൂൾ കെട്ടിടങ്ങൾക്കും ഹൈടെക് ക്ലാസ് മുറികൾക്കും കേടുപാടുകൾ വരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്കരൻ നിർദേശം നൽകി. വിഷയം സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകളും മറ്റു വിശദാംശങ്ങളും സ്കൂൾ അധികൃതർ ലഭ്യമാക്കുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കുവാൻ കഴിയുമോ എന്ന് പരിശോധിക്കണം. ചുമരുകളിലോ വാതിലുകളിലോ അറിയിപ്പുകള്‍ പതിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ കേടുവരാത്ത വിധം പതിക്കേണ്ടതും ഉപയോഗ ശേഷം നീക്കം ചെയ്യേണ്ടതുമാണ്. സ്ട്രോങ്ങ് റൂമായി ഉപയോഗിക്കുന്ന ക്ലാസ് മുറികളിലെ ജനലുകൾ, വാതിലുകൾ, ചുമരുകൾ എന്നിവ സീൽ ചെയ്യേണ്ട സാഹചര്യത്തിൽ കേടുപാട് ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.