തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിവിധ രാഷ്‌ട്രീയ കക്ഷി പ്രതിനിധികളുമായി ചർച്ച നടത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനിൽ അറോറയും കമ്മിഷൻ അംഗങ്ങളുമാണ് രാഷ്‌ട്രീയ പാർട്ടികളുമായി ചർച്ച നടത്തിയത്. തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായാണ് കമ്മിഷന്‍റെ കൂടിക്കാഴ്‌ച. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്ന് എല്ലാ രാഷ്‌ട്രീയ പാർട്ടികളും കമ്മിഷനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിലുള്ള ആശങ്കയും രാഷ്‌ട്രീയ കക്ഷികളുമായി കമ്മിഷൻ പങ്കുവച്ചു.
വിഷു,റംസാൻ തുടങ്ങിയവ കണക്കാക്കി തെരഞ്ഞെടുപ്പ് ഏപ്രില്‍ ആദ്യ പകുതിയോടെ നടത്തണമെന്ന് ഇടതുപാർട്ടികൾ ആവശ്യപ്പെട്ടു. ഏപ്രിൽ 8 നും 15 നും ഇടയിൽ തെരഞ്ഞെടുപ്പ് വേണമെന്ന് യുഡിഎഫും കമ്മിഷനോട് അവശ്യപ്പെട്ടു. പോളിങ് സമയം 5 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്നും എല്ലാ ബൂത്തിലും വെബ് ക്യാമറകൾ സ്ഥാപിക്കണമെന്നും യുഡിഎഫ് കക്ഷികൾ ആവശ്യപ്പെട്ടു. പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച മലപ്പുറം പാർലമെന്‍റ് മണ്ഡലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.